ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആസ്വാദകശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ് സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത 'പനി'. തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിലുള്ള തലേക്കൂത്തൽ എന്ന ദുരാചാരമാണ് സിനിമയുടെ പ്രമേയം. ഐ.എഫ്.എഫ്.കെ.യിൽ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്കാരം, സംവിധാനത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം, ന്യൂഡൽഹി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ്, ഇറാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ് തുടങ്ങിയ മേളകളിൽ പുരസ്കാരങ്ങൾ. നിരവധി തവണയാണ് 'പനി'യെത്തേടി അംഗീകാരമെത്തിയത്. ആമിർ ഷെരീഫും സൗദ ഷെരീഫും ചേർന്നാണ് നിർമിച്ചത്. നല്ലൂർ നാരായണൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്.  മധു അമ്പാട്ടാണ് ക്യാമറ. സിനിമയുടെ പശ്ചാത്തലത്തിൽ  സംവിധായകൻ സന്തോഷ് മണ്ടൂർ സംസാരിക്കുന്നു.
ആദ്യസിനിമയാണല്ലോ പനി. എങ്ങനെയാണ് ഇത്തരമൊരു പ്രമേയത്തിലേക്ക് എത്തിപ്പെട്ടത്?
പത്രങ്ങളിൽ നിന്നാണ് യാദൃച്ഛികമായി തലേക്കൂത്തൽ എന്ന ആചാരത്തെക്കുറിച്ച് വായിക്കുന്നത്. നമുക്ക് തികച്ചും അപരിചിതമായതിനാൽ തലേക്കൂത്തലിനെക്കുറിച്ച് കൂടുതൽ അറിയണമെന്നുതോന്നി. പിന്നീടാണ് സിനിമ എന്ന ചിന്തവരുന്നത്.  ഇതോടെ തമിഴ്‌നാട്ടിൽ നേരിട്ട് ചെന്ന് ആചാരത്തെക്കുറിച്ച് പഠിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരുവർഷത്തോളം തേനി,  മധുര, ആണ്ടിപ്പെട്ടി,  വിരുതുനഗർ എന്നിവിടങ്ങളിലെ ഉൾനാടൻ ഗ്രാമങ്ങളിൽചെന്ന് ഗ്രാമീണരുമായി നേരിട്ട് വിവരങ്ങൾ ശേഖരിച്ചു. വിവരശേഖരണം അത്ര എളുപ്പമായിരുന്നില്ല. തലേക്കൂത്തലിനെക്കുറിച്ച് പുറം ലോകം അറിയരുതെന്ന് അവർ ആഗ്രഹിക്കുന്നു. ഏറെ പണിപ്പെട്ടാണ് ഒരുവിധം കാര്യങ്ങൾ അറിയാൻ കഴിഞ്ഞത്.
 ആചാരത്തെക്കുറിച്ച് പുറംലോകം അറിയരുതെന്ന് അവർ ആഗ്രഹിക്കുന്നതിനുപിന്നിൽ?
നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരമാണ് തലേക്കൂത്തൽ. പ്രായമായവർക്ക് മക്കൾ ദയാവധം നൽകുന്ന ആചാരം. തീരെ അവശനായിട്ടും മരിക്കാതെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ മരണത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.  പുലർച്ചെ എഴുന്നേൽപ്പിച്ച്  തലയിൽ എണ്ണപുരട്ടി, തണുത്തവെള്ളം തലയിലൂടെ ഒഴിക്കുകയാണ് ചെയ്യുക. പിന്നീട് വയറുനിറയെ ഇളനീർ കുടിപ്പിച്ച് ചായ്പിലേക്ക് മാറ്റും. ദിവസങ്ങൾക്കുള്ളിൽ പനി ബാധിക്കുകയും പിന്നീട്  ന്യുമോണിയയാകുകയും മരണത്തിന് കീഴടങ്ങുകയുമാണ് ചെയ്യുക. ഈ കർമങ്ങൾ നിർവഹിക്കാൻ പ്രത്യേകം ആളുകളുമുണ്ടാകും. ചായ്പിൽ പ്രവേശിപ്പിച്ചയാൾ മരിച്ചില്ലെങ്കിൽ മൂക്കിലും വായിലും പാലൊഴിച്ച് ശ്വസംമുട്ടിച്ച് കൊലപ്പെടുത്തും.  ഇതിന് പ്രത്യേകം ആളുകളുമുണ്ടായിരുന്നു. ആദ്യകാലത്ത് ബന്ധുക്കളെയും മറ്റുള്ളവരെയും വിവരമറിച്ചതിനുശേഷമാണ് ചടങ്ങുകൾ നടത്തിയിരുന്നത്.  കാലം കഴിയുന്നതോടെ ചടങ്ങിലും മാറ്റം വന്നു.  രോഗംകൊണ്ട് അവശരാകുന്നവരെ മാത്രമല്ല,  മക്കൾക്ക് ബാധ്യതയാകുന്ന മാതാപിതാക്കളെ കൊലപ്പെടുത്തുന്ന ചടങ്ങായി ഇതുമാറി. ഇപ്പോഴും രഹസ്യമായി ഇത്തരം ആചാരങ്ങൾ നടക്കുന്നുണ്ട്.
 സിനിമയെക്കുറിച്ച് അത്തരം ഗ്രാമങ്ങളിലുള്ളവർക്ക് അറിയാമോ?
അറിഞ്ഞിരിക്കണം. തമിഴ്‌നാട്ടിലെ ചില മാധ്യമങ്ങളും സിനിമയുടെ പ്രമേയത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  എല്ലാതരം ദുരാചാരങ്ങളെയും എതിർക്കേണ്ടതുണ്ട്. അതിനുള്ള എളിയ ശ്രമമാണ് ഈ സിനിമ.  പരിസ്ഥിതി വിഷയങ്ങൾ കൂടി കൈകാര്യം ചെയ്യുന്നുണ്ട് 'പനി'. പാലക്കാടുനിന്ന്  തമിഴ് ഗ്രാമത്തിലേക്ക് കുടിയേറിയ പരിസ്ഥിതി സ്നേഹിയുടെ കഥകൂടിയാണിത്.
 സമാന്തര സിനിമയുടെ ഗണത്തിൽ പെടുന്നതാണല്ലോ ആദ്യസിനിമ. ഇതോണോ വഴി?
15 വർഷങ്ങളായി ഞാൻ സിനിമാ മേഖലയിലുണ്ട്.  പി.പി. ഗോവിന്ദൻ, `ജയരാജ്,  എം.ജി. ശരി, മധു കൈതപ്രം, അശോക് ആർ. നാഥ് എന്നീ സംവിധായകരെയെല്ലാം അസിറ്റ് ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ പാഠങ്ങളാണ് ഇവരിൽനിന്ന് പഠിക്കാൻ കഴിഞ്ഞത്.  ഒരു പ്രമേയം ആവശ്യപ്പെടുന്ന രീതി ഏതാണോ ആ രീതിയിൽ  സിനിമയൊരുക്കാനാണ് ഞാൻ ലക്ഷ്യമിടുന്നത്. പക്ഷേ, സിനിമ ചിരിപ്പിക്കാൻ മാത്രമുള്ളതല്ലെന്നും  ഗൗരവതരമായ സന്ദേശങ്ങൾ കൂടി പങ്കുവെക്കാനുള്ളതാണെന്നും എനിക്ക് ഉത്തമ ബോധ്യമുണ്ട്.
 ഏതാണ് അടുത്ത സിനിമ?
മേയ് മാസത്തോടെ അടുത്ത സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി.  കണ്ണൂർ, ഇരിട്ടി എന്നിവിടങ്ങളിലാണ് ചിത്രീകരണം. സമാന്തര സിനിമാ ഗണത്തിൽനിന്ന് വ്യത്യസ്തമായ സിനിമയായിരിക്കും രണ്ടാമത്തേത്.  മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തുന്ന സിനിമ സാധാരണക്കാരായ ആസ്വാദകരെക്കൂടി തൃപ്തിപ്പെടുത്തുന്നതായിരിക്കും.