ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാളത്തിന്റെ അഭിമാനമുയർത്തിയ സിനിമാണ് സജിൻ ബാബുവിന്റെ  ‘ബിരിയാണി’. ഗ്രാമീണസ്ത്രീകളുടെ  പച്ചയായ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചംവീശുന്ന ബിരിയാണിക്ക് പ്രത്യേക ജൂറി പുരസ്കാരമാണ് ലഭിച്ചത്. മലയാളത്തിൽനിന്ന് പുരസ്കാരം നേടിയ ഒരേയൊരു സിനിമ. റോമിൽ നടന്ന ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിൽ മികച്ചചിത്രത്തിനുള്ള പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ  അന്താരാഷ്ട്രചലച്ചിത്ര മേളകളിൽ നിന്നുള്ള അംഗീകാരം നേടിയുണ്ട് ബിരിയാണി. സജിൻ ബാബുവിന്റെ  മൂന്നാമത്തെ സിനിമയാണിത്. ആദ്യസിനിമയായ ‘അസ്തമയംവരെ’ 2014-ൽ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ഇന്ത്യൻ സിനിമയായി തിരഞ്ഞെടുത്തിരുന്നു. സജിൻബാബു സംസാരിക്കുന്നു.

സ്ത്രീ ജീവിതത്തെ ആവിഷ്‌കരിക്കുമ്പോഴും മറ്റു സമകാലിക രാഷ്ട്രീയ വിഷയങ്ങളെക്കൂടി സ്പർശിക്കുന്ന സിനിമയാണല്ലോ ബിരിയാണി?
ഖദീജ എന്ന മുസ്‌ലിം സ്ത്രീയുടെ ജീവിതത്തിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.  തീവ്രവാദസംഘടനയിൽ ചേർന്ന ഒരാളുടെ ബന്ധുക്കളെ സമൂഹം എങ്ങനെയാണ് കാണുന്നതെന്ന് സിനിമ പറയുന്നുണ്ട്. ഖദീജയും ഉമ്മയും അത്തരത്തിൽ സമൂഹത്തിന്റെ ‘നോട്ടപ്പുള്ളി’കളാണ്. മറ്റെല്ലാ സാമൂഹിക പ്രശ്നങ്ങളിലുമെന്നതുപോലെ  ഇത്തരം സാഹചര്യങ്ങളിലും സ്ത്രീകൾ തന്നെയാണ്  കൂടുതൽ ദുരിതങ്ങൾ അനുഭവിക്കുന്നതും. എന്റെ ചുറ്റുവട്ടങ്ങളിലുള്ള സാധാരണക്കാരായ സ്ത്രീകളുടെ ജീവിതമാണ് ഞാൻ ആവിഷ്കരിച്ചിരിക്കുന്നത്.

സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചുള്ള സിനിമ അവർ എങ്ങനെയാണ് സ്വീകരിച്ചത്?
തിരുവനന്തപുരത്തുനിന്നും ഹൃദയംനിറയ്ക്കുന്ന അനുഭവം എനിക്കുണ്ടായിട്ടുണ്ട്. എങ്ങനെയാണ് എന്റെ കഥ നിങ്ങൾക്ക് കിട്ടിയതെന്നാണ് സിനിമകണ്ട ഒരു സ്ത്രീ ഫോണിൽ വിളിച്ചുചോദിച്ചത്.  ബെംഗളൂരു ഫിലിം ഫെസ്റ്റിവലിലും സിനിമകണ്ട ഒരു സ്ത്രീ എന്നെ കെട്ടിപ്പിടിച്ചുകരയുന്ന അനുഭവമുണ്ടായി. പുരസ്കാരങ്ങളേക്കാൾ ‘ബിരിയാണി’ അംഗീകരിക്കപ്പെടുന്നത് ഇങ്ങനെയൊക്കെയാണ്.

സൂക്ഷ്മമായി ആസ്വദിക്കേണ്ട സിനിമയാണോ ബിരിയാണി?
സൂക്ഷമായി ആസ്വദിക്കേണ്ട സിനിമ തന്നെതാണ് ബിരിയാണി. അലസമായ കാഴ്ചയിൽ സിനിമയുടെ രാഷ്ട്രീയം തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. സൂക്ഷ്മമായി കാണുമ്പോൾ മാത്രമാണ് സിനിമ മുന്നോട്ടുവെക്കുന്ന യഥാർഥ ചിന്തകളെ കണ്ടെത്താൻ കഴിയൂ.  ബഹുഭൂരിപക്ഷവും സിനിമയുടെ യഥാർഥ രാഷ്ട്രീയം മനസ്സിലാക്കിയവരാണ്. അതുകൊണ്ടാണ് സിനിമയെ അംഗീകരിക്കാൻ ആസ്വാദകർ മടി കാണിക്കാത്തതും.