ഒരാഴ്ചയിലേറെ ലോക സിനിമയുടെ വിസ്മയക്കാഴ്ചകളാൽ പ്രേക്ഷകരെ ആനന്ദത്തിൽ ആറാടിച്ചാണ് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരശ്ശീല വീണത്. പ്രേക്ഷക സാന്നിധ്യം കൊണ്ടും ചിത്രങ്ങളുടെ നിലവാരം കൊണ്ടും ശ്രദ്ധേയമായിരുന്നു ചലച്ചിത്രോത്സവം. കലാമികവുകൊണ്ട് മലയാള ചിത്രങ്ങളും സാന്നിധ്യമറിയിച്ചു. സജിൻ ബാബു സംവിധാനം ചെയ്ത 'ബിരിയാണി' ക്ക് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചത് മലയാളത്തിന് അഭിമാനമായി.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ജെല്ലിക്കെട്ട്',  ജെ. ഗീതയുടെ 'റൺ കല്യാണി', സന്തോഷ് മണ്ടൂരിന്റെ 'പനി' എന്നിവയാണ് പ്രദർശനത്തിനെത്തിയ മറ്റു മലയാള സിനിമകൾ.  മലയാളിയായ വിജേഷ് മണി സംവിധാനം ചെയ്ത ഇരുള ഭാഷയിലുള്ള  'നേതാജി' ഇൻക്രഡിബിൾ ഇന്ത്യ വിഭാഗത്തിൽ പ്രദർശിപ്പിച്ചു. ഒരുപറ്റം യുവാക്കൾ സിനിമ നിർമിക്കുന്ന കഥ പറഞ്ഞ ഇറാനിയൻ സിനിമ സിനിമാഖാർ ആയിരുന്നു ഉദ്ഘാടന ചിത്രം. ഇസ്രയേലിൽ നിന്നുള്ള എവ്‌ജെനി റുമാൻ സംവിധാനം ചെയ്ത 'ഗോൾഡൻ വോയ്‌സസ്' ആയിരുന്നു സമാപനചിത്രം. അറുപതു രാജ്യങ്ങളിൽ നിന്നുള്ള 225 ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

മനംകവർന്ന് പാരസൈറ്റ്
നാല് ഓസ്കാർ പുരസ്‌കാരങ്ങൾ നേടിയ ദക്ഷിണ കൊറിയൻ സിനിമ പാരസൈറ്റ് ആസ്വാദകരുടെ എണ്ണംകൊണ്ട് ചലച്ചിത്ര മേളയുടെ ആധിപത്യം നേടി. ഒന്നിലേറെ തവണ ചിത്രം പ്രദർശിപ്പിച്ചു. പ്രായമായ മാതാപിതാക്കളെ സന്തം മക്കൾ തന്നെ ദയാവധത്തിന് വിധേയമാക്കുന്ന തലേക്കൂത്തൽ എന്ന ദുരാചാരം പ്രമേയമാക്കുന്ന സന്തോഷ് മണ്ടൂരിന്റെ ' പനി' ശ്രദ്ധേയമായി. കേരളസർക്കാരിന്റെ പ്രത്യേക പുരസ്കാരം ലഭിച്ച സിനിമയാണ് പനി. പ്രായമായവരെ മരിക്കാൻ വിടുന്ന ആചാരമാണ് തലേക്കൂത്തൽ. പ്രായം ചെന്നവരെ  തലയിൽ എണ്ണതേൽപ്പിച്ച്, തണുത്തവെള്ളം ഒഴിച്ച്,  ഇളനീർ കുടിച്ചിച്ച്  മരിക്കാൻ ചായ്പിലുപേക്ഷിക്കുന്നതാണ് ഈ ആചാരം.  പനി ബാധിച്ച് ന്യുമോണിയയായി മാറിയാണ് മരണം സംഭവിക്കുക.  ദിവസങ്ങൾ കഴിഞ്ഞിട്ടും മരിച്ചില്ലെങ്കിൽ മൂക്കിലൂടെയും വായിലൂടെയും പാൽ ഒഴിച്ച് ശ്വാസനാളം തടസ്സപ്പെടുത്തി കൊലപ്പെടുത്തും.

ചതിയിലൂടെ അപഹരിക്കപ്പെട്ട പണം വീണ്ടെടുക്കാൻ അയൽക്കാരും സുഹൃത്തുക്കളും കൂടെനിൽക്കുന്ന കഥ പറയുന്ന 'ഹീറോയിക് ലോസേഴ്‌സ്' ഉൾപ്പെടെയുള്ള വിദേശ ചിത്രങ്ങളെ കൈയടിയോടെ സ്വീകരിച്ച് പ്രേക്ഷകർ.  'ദ നൈറ്റ് ഓഫ് ദ ഹീറോയിക് ലോസേഴ്‌സ്' എന്ന നോവലിനെ ആസ്പദമാക്കി സെബാസ്റ്റ്യൻ ബൊറെൻസ്റ്റീൻ സംവിധാനം ചെയ്ത അർജന്റീനിയൻ സിനിമ 'ഹീറോയിക് ലോസേഴ്‌സ്'  പ്രേക്ഷകരെ ഹരം കൊള്ളിച്ചു. ചതിയിലൂടെ തട്ടിയെടുത്ത പണം കാട്ടിൽ സൂക്ഷിച്ചിരുന്നയിടത്തു നിന്ന് സാഹസികമായി തിരികെ സ്വന്തമാക്കുന്ന രംഗങ്ങൾ ആസ്വാദ്യമാണ്. പണം തിരികെ ലഭിക്കാൻ അയൽക്കാർ ഒന്നിച്ച് കൂടെ നിൽക്കുന്നതിലൂടെ ഒത്തൊരുമയുടെ സന്ദേശമാണ് പ്രേക്ഷകർക്ക് പകരുന്നത്.

ശ്രീലങ്കയിൽ നിലനിന്നിരുന്ന ജാതി വിവേചനം ബ്രിട്ടീഷ് അധിനിവേശത്തിന്റെയും രാജവാഴ്ചയുടെയും പശ്ചാത്തലത്തിൽ അവതരിപ്പിച്ച പ്രസന്ന വിതാൻഗെയുടെ ചിൽഡ്രൻ ഓഫ് സൺ ആസ്വാദക ശ്രദ്ധ നേടി. ആത്മാഭിമാനവും സ്വാതന്ത്ര്യവും നഷ്ടപ്പെടുന്ന സാധാരണക്കാർ സവർണർക്കും ബ്രിട്ടീഷുകാർക്കുമെതിരേ നടത്തുന്ന പോരാട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. കൊളംബിയൻ മീൻ പിടിത്തക്കാരന്റെ കഥപറയുന്ന വാലി ഓഫ് സോൾ  മക്കളുടെ മരണത്തിനുമുന്നിൽ നിസ്സഹായനായി പോകുന്ന പിതാവിന്റെ ചിന്തകളാണ് അനാവരണം ചെയ്യുന്നത്.

ദിവസങ്ങൾ നീണ്ട മീൻ പിടിത്തത്തിനൊടുവിൽ കടലിൽനിന്ന് തിരിച്ചെത്തുന്ന പിതാവ് തന്റെ രണ്ടുമക്കളെയും സൈന്യം കൊന്ന് പുഴയിലെറിഞ്ഞ യാഥാർഥ്യത്തെയാണ് അഭിമുഖീകരിക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്ന്‌ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം പ്രതിനിധികൾ എത്തിയിരുന്നു. കേരളത്തിൽനിന്ന്‌ നിരവധി പേർ മേളയ്ക്കെത്തി. ബെംഗളൂരുവിൽ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന മലയാളികളും സിനിമാസ്വാദനത്തിന് എത്തിയിരുന്നു.