എഴുത്തിൽ കഴിവുതെളിയിച്ച ഒട്ടേറെ മലയാളികളുണ്ട് ബെംഗളൂരുവിൽ. കവിതയായാലും കഥയായാലും യാത്രാ വിവരണമായാലും തന്റേതായ കൈമുദ്രകൾ പതിപ്പിച്ചവർ. എന്നാൽ, നാട്ടിൽ ലഭിക്കുന്ന അവസരങ്ങൾ ഇവർക്ക് ഇവിടെ ലഭിക്കുന്നില്ലെന്നതാണ് ഒരു യാഥാർഥ്യം. വാട്‌സാപ്പ് കൂട്ടായ്മകളിലൂടെയും മലയാളി സംഘടനകളുടെ വേദികളിലൂടെയുമാണ് ഇത്തരം എഴുത്തുകാരുടെ കൃതികളും ചിന്തകളും സാഹിത്യപ്രേമികളിലേക്കെത്തുന്നത്. ബുക്ക് ക്ലബ്ബ്, അക്ഷരങ്ങൾ, കാവ്യസ്പന്ദനം തുടങ്ങിയ വാട്സാപ്പ് കൂട്ടായ്മകളിലൂടെയാണ് നഗരത്തിലെ മലയാളികളുടെ ഒട്ടുമിക്ക സാഹിത്യ ചർച്ചകളും.
ഇതിൽനിന്ന് വ്യത്യസ്തമായി, ഈ കൂട്ടായ്മകൾ നൽകിയ ആത്മവിശ്വാസത്തിൽ മറ്റൊരു സാഹിത്യകൂട്ടായ്മകൂടി നഗരത്തിൽ പിറവിയെടുത്തിരിക്കുകയാണ്. പ്രവാസി എഴുത്തുകാരുടെ സാഹിത്യകൃതികൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ 11 വനിതാ കഥാകൃത്തുകളെ ഉൾപ്പെടുത്തി ‘വെയിൽമഴക്കഥകൾ’ എന്ന സമാഹാരവും ഇവർ പ്രസിദ്ധീകരിച്ചു.
എഴുത്തുകാരിയായ രമാ പ്രസന്ന പിഷാരടിയാണ് ഈ കൂട്ടായ്മയുടെ അമരത്ത്. സാഹിത്യരംഗത്തെ വനിതകളെയാണ് അവസരങ്ങളുടെ അഭാവം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. അതുകൊണ്ടാണ് ആദ്യഘട്ടത്തിൽ വനിതാ എഴുത്തുകാരെമാത്രം ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് രമാ പ്രസന്ന പിഷാരടി പറയുന്നു. ഗോവ, ഡൽഹി, യു.എ.ഇ., പുണെ തുടങ്ങിയ നഗരങ്ങളിലുള്ള ഓരോ എഴുത്തുകാരും ഉദ്യമത്തിൽ പങ്കാളികളാണ്. മറ്റുള്ള ഏഴുപേരും ബെംഗളൂരുവിൽനിന്നുള്ളവർ. പുസ്തകം പ്രസിദ്ധീകരിക്കാൻ വേണ്ടിവന്ന തുക തുല്യമായി പങ്കിട്ടെടുക്കുകയാണ് എഴുത്തുകാർ ചെയ്തത്.
ഒരുവർഷത്തോളം നീണ്ടുനിൽക്കുന്ന പ്രയത്നമാണ് പുസ്തകം പുറത്തിറക്കാൻ വേണ്ടിവന്നത്. ആദ്യ കഥ കെ. കവിതയുടേതാണ്. വെയിലും മഴയുമാണ് പുസ്തകത്തിലെ മുഴുവൻ കഥകളുടെയും പ്രമേയം. പ്രസിദ്ധീകരിക്കാൻ വലിയ പുസ്തകശാലകളെ സമീപിച്ചെങ്കിലും വർഷങ്ങളോളം കാത്തിരിക്കേണ്ടിവരുമെന്നതിനാലാണ് സ്വന്തം ചെലവിൽ പ്രസിദ്ധീകരിക്കാമെന്ന് എഴുത്തുകാരുടെ കൂട്ടായ്മ തീരുമാനിച്ചത്. പുസ്തകത്തിന് വായനക്കാരിൽനിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചതെന്ന് എഴുത്തുകാർ പറയുന്നു. വായിക്കുന്നവർ വിളിച്ച് അഭിപ്രായം അറിയിക്കാറുമുണ്ട്. ഇക്കൂട്ടത്തിൽ പ്രമുഖ സാഹിത്യകാരന്മാരും ഉൾപ്പെടുന്നു. പാലക്കാട് ജില്ലയിലെ ഒട്ടേറെ വായനശാലകളിലും പുസ്തകമെത്തിച്ചിരുന്നു.
പുസ്തകം വായിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നുവെന്നത് തെറ്റായ ധാരണയാണെന്നും പുസ്തകത്തിന്റെ എഡിറ്ററായ രമപ്രസന്ന പിഷാരടി പറയുന്നു. കൂടുതൽ എഴുത്തുകാരെ ഉൾപ്പെടുത്തി രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള പ്രവർത്തനങ്ങൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ തുടങ്ങിക്കഴിഞ്ഞു. ആദ്യ പുസ്തകം വനിതകൾക്കുവേണ്ടി മാത്രമായിരുന്നുവെങ്കിൽ പുതിയ പുസ്തകം എല്ലാ എഴുത്തുകാർക്കും വേണ്ടിയുള്ളതാകുമെന്ന് കൂട്ടായ്മയിലെ എഴുത്തുകാർ പറയുന്നു.