മൈസൂരു: ഭാരതത്തിന്റെ ഇതിഹാസ പുരാണങ്ങളും വേദോപനിഷത്തുക്കളും അനന്തമായ വിജ്ഞാനങ്ങളും പിറന്ന സംസ്‌കൃതഭാഷ മരിച്ചുകഴിഞ്ഞോ? ദേവഭാഷയെന്ന് വിളിക്കപ്പെട്ട സംസ്‌കൃതം ഒരു മൃതഭാഷയാണെന്ന ഭാഷാപണ്ഡിതരുടെ അഭിപ്രായത്തെ ഒട്ടും അംഗീകരിക്കാത്ത ദമ്പതിമാരുണ്ട് മൈസൂരുവിൽ. സംസ്‌കൃതഭാഷയിൽ ഒരു പത്രം നടത്തിക്കൊണ്ടുപോകുന്ന രണ്ടുപേർ. സംസ്‌കൃതത്തിൽ ലോകത്തുതന്നെയുള്ള ഒരേയൊരു ദിനപത്രമായ ‘സുധർമ’യുടെ പത്രാധിപരും തൊഴിലാളികളുമെല്ലാമായ കെ.വി. സമ്പത്ത്കുമാറും ഭാര്യ ജയലക്ഷ്മിയുമാണത്.
ഒരു ഭാഷയെ മരണത്തിലേക്ക് വിട്ടുകൊടുക്കാതെ പിടിച്ചുനിർത്തുകയെന്ന ഒറ്റലക്ഷ്യം മാത്രമാണ് ഈ ദമ്പതിമാരുടെ പത്രപ്രവർത്തന പരിശ്രമത്തിനുപിന്നിൽ. ദൈനംദിന വാർത്തകൾ ആവിഷ്‌കരിക്കപ്പെടുന്ന ഭാഷ ഒരിക്കലും മൃതമാകില്ലെന്ന പ്രതീക്ഷയാണ് ഇവരെ നയിക്കുന്നത്. സംസ്‌കൃതത്തിൽ വാർത്തകൾ എഴുതുന്നതും എഡിറ്റ് ചെയ്യുന്നതും കമ്പോസ് ചെയ്യുന്നതും എഡിറ്റോറിയൽ എഴുതുന്നതും പ്രിന്റ് ചെയ്യുന്നതും എല്ലാം ഇവർ തന്നെ. പരസ്യങ്ങളൊന്നുമില്ലാതെ വാർത്തകളും ചെറു ലേഖനങ്ങളും മാത്രമായി രണ്ടുപേജിൽ പ്രസിദ്ധീകരിക്കുന്ന ഒരു പത്രം.
സാധാരണ പത്രങ്ങൾക്കുള്ള സർക്കുലേഷൻ വിഭാഗമൊന്നും ‘സുധർമ’യ്ക്കില്ല. പ്രസിദ്ധീകരിക്കുന്ന കോപ്പികൾ തപാൽ വഴിയാണ് വായനക്കാരിലേക്കെത്തുന്നത്. വായനക്കാരുടെ മേൽവിലാസം പതിച്ച് 25 പൈസയുടെ സ്റ്റാമ്പൊട്ടിച്ച് നേരെ പോസ്റ്റ് ഓഫീസിലെത്തിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 3500 വരിക്കാർ പത്രത്തിനുണ്ടെന്ന് സമ്പത്ത് കുമാർ പറഞ്ഞു. ദിവസവും രാവിലെ അച്ചടിക്കുന്ന പത്രം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സ്റ്റാമ്പൊട്ടിച്ച് തപാലിനയച്ചുകഴിയാറ്്. ഇത് ദിവസങ്ങൾക്കുശേഷമാണ് വായനക്കാരിലെത്താറ്്. ജമ്മുകശ്മീരിൽ വരെ വരിക്കാരുണ്ടെന്ന് ഇവർ പറഞ്ഞു. അവിടെ പത്രമെത്തുമ്പോഴേക്കും ചിലപ്പോൾ ഒരാഴ്ചയാകും.
പുതിയ വാർത്തകൾ വായനക്കാരിലേക്കെത്തിക്കുകയെന്നതല്ല പത്രത്തിന്റെ ലക്ഷ്യമെന്ന് സമ്പത്ത് കുമാർ പറയുന്നു. പ്രാധാന്യമുള്ള വാർത്തകൾ സംസ്‌കൃതത്തിൽ ആവിഷ്‌കരിക്കരിക്കുകയാണ് പ്രധാനം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വാർത്തകളും ലോകവാർത്തകളും ഉൾപ്പെടെ കൊടുക്കാറുണ്ട്. റേഡിയോയിൽനിന്നും പത്രങ്ങളിൽനിന്നും മറ്റും വാർത്തകൾ ശേഖരിച്ച് സംസ്‌കൃതത്തിലാക്കുകയാണ് പതിവ്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് പത്രം പ്രസിദ്ധീകരിക്കുന്നത്.
ഭാഷാസേവനത്തിന് ആദരമായി പദ്മശ്രീ
വലിയ വരുമാനമില്ലാതെ പ്രതിസന്ധിയിലൂടെയാണെങ്കിലും മുടങ്ങാതെ പത്രം നടത്തിക്കൊണ്ടുപോകുന്നതിൽ കാണിക്കുന്ന കറകളഞ്ഞ ഭാഷാ സേവനത്തിനുള്ള ആദരമായി കെ.വി. സമ്പത്ത് കുമാറിനെയും ജയലക്ഷ്മിയെയും ഈവർഷം കേന്ദ്രസർക്കാർ പദ്മശ്രീ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തു.
മൈസൂരു നഗരത്തിലെ രാമചന്ദ്ര അഗ്രഹാരയ്ക്കടുത്തുള്ള സുധർമയുടെ ഓഫീസിലേക്ക് പദ്മശ്രീ എത്തുമ്പോൾ വിനയാന്വിതരാവുകയാണ് ഈ ദമ്പതിമാർ. പുരസ്‌കാരത്തിന്റെ പ്രശസ്തി ആഗ്രഹിച്ചല്ല ഇതെല്ലാം ചെയ്യുന്നതെന്നുപറഞ്ഞ് അവർ പ്രവർത്തനങ്ങളിൽ മുഴുകുന്നു.
അരനൂറ്റാണ്ടിന്റ നിറവ്
1970-ലാണ് പത്രം പ്രസിദ്ധീകരണം തുടങ്ങിയത്. സമ്പത്ത് കുമാറിന്റെ പിതാവും സംസ്‌കൃതപണ്ഡിതനുമായ പണ്ഡിറ്റ് വരദരാജ അയ്യങ്കരാണ് ഇതിനുതുടക്കമിട്ടത്. കേന്ദ്രസർക്കാരിന്റെ അംഗീകാരത്തോടെയാണ് പ്രസിദ്ധീകരിച്ചുവന്നത്. പത്രം അയക്കുന്നതിന് തപാൽവകുപ്പ് ഇളവനുവദിച്ചിരുന്നു. തുടക്കത്തിൽ ഒരു കോപ്പിക്ക് അഞ്ച് പൈസയായിരുന്നു നിരക്ക്. 1990-ൽ അയ്യങ്കാരുടെ മരണശേഷം അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ സമ്പത്ത് കുമാർ പത്രത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു. 93 മുതൽ ജയലക്ഷ്മിയും ഒപ്പം ചേർന്നു. പല സംസ്‌കൃതപണ്ഡിതന്മാരും തുടക്കം മുതലേ സുധർമയുടെ പ്രസിദ്ധീകരണവുമായി സഹകരിച്ചിരുന്നു.
ഇപ്പോൾ വിദ്വാൻ ഡോ. എച്ച്.വി. നാഗരാജറാവു ഹോണററി എഡിറ്ററായി സഹകരിക്കുന്നുണ്ട്. പത്രത്തിൽ വരിക്കാരുടെ മേൽവിലാസം പതിക്കാനും സ്റ്റാമ്പൊട്ടിക്കാനും മറ്റുമായി നാല് ജീവനക്കാരുമുണ്ട്. പത്രത്തിന്റെ വരിസംഖ്യ മാത്രമാണ് വരുമാനം.