:ശരീരസൗന്ദര്യ മത്സരമെന്നു കേൾക്കുമ്പോൾ മസിലിന്റെ വലുപ്പവും ശരീരത്തിന്റെ ആകൃതിയുമെല്ലാമാണ് ആദ്യം മനസ്സിലെത്തുക. എന്നാൽ, ഇവയോടൊപ്പംതന്നെ മത്സരാർഥിയുടെ മുടിയുടെ സ്റ്റൈൽ, പ്രകടനം, നോട്ടം എന്നിവയ്ക്കെല്ലാം ഒരുപോലെ പ്രാധാന്യമാണുള്ളതെന്ന് ഇന്ത്യയെ പ്രതിനിധാനംചെയ്ത് ഏഴ് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത ഏക മലയാളിയായ ഷിനു ചൊവ്വ പറയുന്നു. 13 വർഷമായി ശരീരസൗന്ദര്യരംഗത്ത് നിലയുറപ്പിച്ച് നേട്ടങ്ങൾ ഓരോന്നായി സ്വന്തമാക്കിവരികയാണ് കണ്ണൂർ കൂത്തുപറമ്പ് കണ്ടേരി സ്വദേശിയായ ഷിനു ചൊവ്വ.
പോയവർഷം രണ്ട് പ്രധാന നേട്ടങ്ങളാണ് ശരീരസൗന്ദര്യത്തിലെ ഈ രാജകുമാരനെ തേടിയെത്തിയത്. 2019 മാർച്ചിൽ നേപ്പാളിൽനടന്ന സൗത്ത് ഏഷ്യ ചാമ്പ്യൻഷിപ്പിലും നവംബറിൽ ദക്ഷിണകൊറിയയിൽനടന്ന വേൾഡ് ബോഡി ബിൽഡിങ് ആൻഡ് സ്പോർട്‌സ് ഫിസിക് ചാമ്പ്യൻഷിപ്പിലും ഇന്ത്യയ്ക്കുവേണ്ടി വെള്ളിമെഡൽ നേടി. ലോക ബോഡി ബിൽഡിങ് ആൻഡ് സ്പോർട്‌സ് ഫിസിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത് പത്തുപേരുണ്ടായിരുന്നെങ്കിലും മെഡൽ നേടാനായത് ഷിനുവിനു മാത്രമാണ്. ഒന്നും മൂന്നും സ്ഥാനങ്ങൾ തായ്‌ലാൻഡുകാർക്കായിരുന്നു.
കേരളത്തിന്റെ ചരിത്രത്തിലെ ആദ്യ മെൻസ് ഫിസിക് ഇന്റർനാഷണൽ അത്‌ലറ്റും മിസ്റ്റർ സൗത്ത് ഏഷ്യ, മിസ്റ്റർ ഏഷ്യ, മിസ്റ്റർ വേൾഡ് മത്സരങ്ങളിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ അത്‌ലറ്റുമാണ് ഷിനു. മൂന്നുതവണ വേൾഡ്, മൂന്നുതവണ ഏഷ്യ, ഒരു തവണ സൗത്ത് ഏഷ്യ മത്സരങ്ങളിൽ മെഡൽ നേടി. തുടർച്ചയായി മൂന്നുവർഷം ഇന്ത്യയെ പ്രതിനിധാനംചെയ്ത ഏക മലയാളികൂടിയാണ്. പഠനത്തിലും മികവുപുലർത്തിയ ഷിനു ഡബിൾ പോസ്റ്റ് ഗ്രാജ്വേഷൻ (എം.ബി.എ., എം.എ. ആന്ത്രോപ്പോളജി) നേടിയിട്ടുണ്ട്. സർക്കാർ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണിപ്പോൾ. ഇന്റർനാഷണൽ സർട്ടിഫൈഡ് ട്രെയിനറായ ഷിനു നിലവിൽ ബെംഗളൂരുവിൽ സെലിബ്രിറ്റി ട്രെയിനറായി ജോലിചെയ്യുന്നു. സിനിമാതാരങ്ങളുൾപ്പെടെയുള്ളവരെയാണ് പരിശീലിപ്പിക്കുന്നത്. കഠിനാധ്വാനമാണ് ഷിനുവിനെ ഈ നിലയിലെത്തിച്ചത്. കൗമാരകാലത്ത് മെലിഞ്ഞ ശരീരപ്രകൃതമായിരുന്നു. ശരീരം നന്നാക്കണമെന്ന ആഗ്രഹത്തോടെ കൂത്തുപറമ്പ് ജിംസോണിൽ ചേർന്നതോടെയാണ് ജീവിതത്തിൽ വഴിത്തിരിവുണ്ടായത്. പിന്നീടങ്ങോട്ട് കഠിനാധ്വാനത്തിലൂടെ ഇന്ത്യയെ പ്രതിനിധാനംചെയ്യുന്നതരത്തിൽ വളരുകയായിരുന്നു.
2010 മുതൽ തുടർച്ചയായി മൂന്നുവർഷം കണ്ണൂർ സർവകലാശാല ശരീരസൗന്ദര്യ മത്സരത്തിൽ ചാമ്പ്യനായിരുന്നു. നിർമലഗിരി കോളേജിൽനിന്ന് മലയാളത്തിൽ ബിരുദമെടുത്തശേഷം പാലയാട് കാമ്പസിൽ എം.ബി.എ.യും ആന്ത്രോപ്പോളജിയിൽ എം.എ.യും പൂർത്തിയാക്കി. ഓപ്പൺ മിസ്റ്റർ കേരള, മിസ്റ്റർ കേരള, 2012-ൽ മിസ്റ്റർ ബെംഗളൂരു, 2013-ൽ മിസ്റ്റർ കർണാടക സിൽക്ക് സിറ്റി, മിസ്റ്റർ ഇന്ത്യയിൽ നാലു തവണ ഫൈനലിൽ, മിസ്റ്റർ വേൾഡിൽ ആറാം സ്ഥാനത്ത് എന്നിവ ഷിനുവിന്റെ നേട്ടങ്ങളാണ്. 2017-ലെ മിസ്റ്റർ ഇന്ത്യ ഫെഡറേഷൻ കപ്പിൽ അഞ്ചാം സ്ഥാനവും നേടി. എല്ലാ ദിവസവും മൂന്നു മണിക്കൂർ വർക്കൗട്ട് ചെയ്യും. വിവിധ സ്പോർട്‌സ് ഉത്പന്നങ്ങളുടെ മോഡലായും പ്രവർത്തിക്കുന്നുണ്ട്. ചില സിനിമകളിൽ അവസരം ലഭിച്ചിട്ടുള്ളത് പ്രയോജനപ്പെടുത്താനാണ് ശ്രമം.