മക്കളെപ്പോലെ മരങ്ങളെ സ്നേഹിച്ച വനമുത്തശ്ശിയെ തേടി ഒടുവിൽ പത്മപുരസ്‌കാരമെത്തി. പുറംലോകമറിയാതെ, ലാഭേച്ഛയില്ലാതെ അവർ മരങ്ങളെ സനേഹിച്ചു. വനത്തെ പരിപാലിച്ചു. പ്രായംമറന്ന് പ്രകൃതിക്കായി ജീവിക്കുന്ന വനമുത്തശ്ശിയായ തുളസി ഗൗഡയ്‌ക്ക് പദ്മശ്രീ ലഭിച്ചപ്പോൾ പ്രകൃതിയെ സ്നേഹിക്കുന്നവരുടെ മനസ്സും നിറഞ്ഞു. കഴിഞ്ഞ ആറുപതിറ്റാണ്ടായി ആരും അറിയാതെ വനത്തെ പരിപാലിച്ച് പ്രകൃതിയോടൊപ്പം ജീവിക്കുകയാണ് 76- കാരിയായ തുളസി ഗൗഡ.
പ്രകൃതിയെ സ്നേഹിക്കാൻ അറിവോ വിജ്ഞാനമോ വേണ്ട. കറകളഞ്ഞ സ്നേഹംമതിയെന്ന് പ്രവൃത്തിയിലൂടെ അവർ ലോകത്തിന് കാണിച്ചുക്കൊടുത്തു. മക്കളില്ലാത്ത തുളസി ഗൗഡയുടെ മക്കളാണ് മരങ്ങൾ. ചെടികൾ നടുന്നതോടെ അവസാനിക്കുന്നില്ല. മക്കളെ പരിപാലിക്കുന്നതുപോലെ താലോലിച്ച് മരങ്ങളെ വളർത്തും. മക്കളും കുടുംബവും എല്ലാം മരങ്ങൾ. ചെടികളെയും ഔഷധസസ്യങ്ങളെയുംകുറിച്ച് ആഴത്തിൽ അറിവുള്ള മുത്തശ്ശിയെ വനത്തിന്റെ വിജ്ഞാനകോശം എന്നാണ് നാട്ടുകാർ വിശേഷിപ്പിക്കുന്നത്. ചെടിയെക്കുറിച്ച് എന്തുചോദിച്ചാലും മറുപടികിട്ടും. ചെടിയുടെ വളർച്ച, ആവശ്യമായ വെള്ളത്തിന്റെയും വളത്തിെന്റയും അളവ്, ഔഷധഗുണങ്ങൾ എല്ലാം മനഃപാഠമാണ്. ഉത്തര കന്നഡയിലെ ഹൊന്നാലിയിൽ പാവപ്പെട്ട പിന്നാക്ക സമുദായത്തിൽപ്പെട്ട കുടുംബത്തിൽ 1944-ലാണ് ജനനം. രണ്ടാംവയസ്സിൽ അച്ഛൻ മരിച്ചു. ചെറുപ്പത്തിൽതന്നെ അമ്മയോടൊപ്പം കൂലിപ്പണിക്കിറങ്ങി. സ്കൂൾപഠനമൊക്കെ സ്വപ്നം മാത്രമായി. വിവാഹം കഴിച്ചെങ്കിലും ചെറുപ്പത്തിൽതന്നെ ഭർത്താവിനെ നഷ്ടപ്പെട്ടു. ചെറുപ്രായത്തിൽ വിധവയായി. ആരോരുമില്ലാത്ത തുളസി ഗൗഡയ്‌ക്ക് സ്നേഹം പ്രകൃതിയോടായി. പ്രകൃതിയോടും മരങ്ങളോടുമുള്ള സ്‌നേഹം കണ്ടറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിൽ തുളസി ഗൗഡയുടെ സഹായംതേടി. ദിവസച്ചെലവിനുപോലും തികയാത്ത പ്രതിഫലമാണ് ലഭിച്ചതെങ്കിലും മരങ്ങൾക്കുവേണ്ടി എല്ലാം മറന്നു. ഹൊന്നാലിയിൽ ഇന്നുകാണുന്ന മരങ്ങളെല്ലാം നട്ടുവളർത്തിയത് തുളസി ഗൗഡയാണ്. ഏകദേശ 40,000- ത്തോളം മരങ്ങൾ. മരങ്ങളോടുള്ള സ്നേഹം മനസ്സിലാക്കി തുളസി ഗൗഡയ്‌ക്ക് വനംവകുപ്പിൽ ജോലിനൽകി. 14 വർഷത്തെ സേവനത്തിനുശേഷം വിരമിച്ചപ്പോഴും മരങ്ങളെ മറന്ന് ജീവിക്കാൻ തയ്യാറായില്ല. ഹൊന്നാലിയിൽ വിവിധ ഇനത്തിൽപ്പെട്ട 300-ഓളം മരങ്ങളാണ് നട്ടുവളർത്തിയത്. പ്രായത്തിന്റെ അവശതയുണ്ടെങ്കിലും ഇപ്പോഴും മരങ്ങളെ പരിപാലിച്ചുജീവിക്കുന്നു. പത്മശ്രീ ലഭിക്കുന്നതിന്മുമ്പും അംഗീകാരങ്ങൾ ഏറെ തേടിയെത്തിയിരുന്നു. എന്നാൽ ഇതൊന്നും തുളസി ഗൗഡ കാര്യമാക്കാറില്ല. നേരത്തേ കേന്ദ്രസർക്കാരിന്റെ ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര പുരസ്കാരം നൽകി ആദരിച്ചു. കർണാടക സർക്കാരിന്റെ രാജ്യോത്സവ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ തേടിയെത്തി. വനംവകുപ്പിൽനിന്ന് ലഭിക്കുന്ന പെൻഷനാണ് തുളസി ഗൗഡയുടെ ഏകവരുമാനമാർഗം.
മക്കളെപ്പോലെ മരങ്ങൾ
:മരങ്ങളെ സ്നേഹിച്ച മറ്റൊരു മുത്തശ്ശികൂടിയുണ്ട് കർണാടകത്തിൽ. മക്കളെപോലെ മരങ്ങളെ സ്‌നേഹിച്ച് വൃക്ഷത്തൈകൾ നാടെങ്ങും നട്ടുപ്പിടിപ്പിച്ച സാലുമരഡ തിമ്മക്ക. ഇവരെയും പദ്മശ്രീ നൽകിയാണ് രാജ്യം ആദരിച്ചത്. തുമകൂരുവിലെ ഗുബ്ബി താലൂക്കിൽ പാവപ്പെട്ട കുടുംബത്തിൽ 1911-ൽ ജനിച്ച തിമ്മക്കയുടെ മരങ്ങളോടുള്ള സ്നേഹം രാജ്യം അംഗീകരിച്ചതാണ്. പ്രകൃതിയെ സനേഹിച്ചും മരങ്ങൾനട്ടുവളർത്തിയും ജീവിതംനയിക്കുന്ന സാലുമരഡ തിമ്മക്ക 400-ഓളം ആൽമരങ്ങളും ആയിരക്കണക്കിന് മരങ്ങളും നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ബോധവത്‌കരണവുമായി ഇവർ കേരളത്തിലുമെത്തിയിരുന്നു. രാമനഗരയിലെ ഹുളിക്കൽ മുതൽ കുദൂർ വരെ റോഡിന്റെ ഇരുവശത്തുമായി 400-ഓളം ആൽമരങ്ങളാണ് തിമ്മക്ക നട്ടുവളർത്തിയത്. അങ്ങനെയാണ് തിമ്മക്ക സാലുമരഡയായത്. കന്നഡയിൽ നിരനിരയായി നിൽക്കുന്ന മരങ്ങൾ എന്നാണ് ഇതിനർത്ഥം. തിമ്മക്ക വളർത്തിയ മരങ്ങളെ സംരക്ഷിക്കുന്നതിന് റോഡ് നവീകരണംപോലും സർക്കാർ മാറ്റിവെച്ചിരുന്നു. പാവപ്പെട്ട കുടുംബത്തിൽനിന്നുള്ള തിമ്മക്കയും സ്കൂളിൽപോയിട്ടില്ല. പത്താംവയസ്സുമുതൽ കൂലിപ്പണിക്കിറങ്ങി. വിവാഹിതയായശേഷം കുട്ടികളില്ലാത്ത തിമ്മക്ക മക്കളായികണ്ടത് മരങ്ങളെയാണ്. പരിസ്ഥിതി സംരക്ഷണത്തിനായി ഇപ്പോൾ സാലുമരഡ തിമ്മക്ക ഫൗണ്ടേഷനും രൂപവത്കരിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് നൽകിയ സംഭാവന കണക്കിലെടുത്ത് 50-ഓളം അവാർഡുകളും തേടിയെത്തി. 2019-ലാണ് സാലുമരഡ തിമ്മയ്‌ക്ക് പത്മശ്രീ പുരസ്കാരം ലഭിക്കുന്നത്. വഴിയോരങ്ങളിൽ ആൽമരങ്ങൾ നട്ടുസംരക്ഷിച്ചതിലൂടെയാണ് തിമ്മക്കയെ ലോകമറിഞ്ഞത്.