ഒരോ കന്നഡിഗന്റെയും അഭിമാനമാണ് മൈസൂരു ദസറ. ആഘോഷത്തിന്റെയും പൊലിമയുടെയും കാഴ്ചയുടെയും പത്തുനാൾ. കാഴ്ചകൾ കാണാൻ നാട്ടുകാർ മാത്രമല്ല, മറു നാട്ടുകാരുമെത്തും. മൈസൂരുവിന്റെ പ്രതാപവും പ്രൗഡിയും കണ്ട് കണ്ണ് മഞ്ഞളിക്കും. ദസറയെ ഇക്കാണുന്ന പ്രൗഡിയിലേക്കെത്തിച്ചതിന് മൈസൂരു സ്വദേശികളുടെ കഠിനാധ്വാനത്തിനും പ്രധാന പങ്കുണ്ട്. ദസറയെ നാദഹബ്ബ എന്ന ജനകീയ ഉത്സവമാക്കിയെടുക്കുന്നതിൽ കാലങ്ങളുടെ പ്രയത്നങ്ങളുടെ കഥയുണ്ട്.
മൈസൂരു സ്റ്റേറ്റിന്റെ അവസാന ഭരണാധികാരിയായിരുന്ന ജയചാമരാജ വോഡയാറിന്റെ കാലംവരെ അതിവിപുലമായാണ് ദസറ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. 1969 വരെ മൈസൂരു കൊട്ടാരമാണ് ചെലവ് മുഴുവൻ വഹിച്ചിരുന്നതും. പൊതുജനങ്ങളെല്ലാം ആഘോഷങ്ങളിൽ പങ്കാളികളാകുകയും ചെയ്തു. രാജകുടുംബത്തിന്റെ ആഢ്യത്വം വിളിച്ചോതുന്നതായിരുന്നു ഈ ചടങ്ങുകളെല്ലാം. 1970-ൽ പെട്ടെന്നാണ് കാര്യങ്ങളെല്ലാം മാറിമറിഞ്ഞത്. ജയചാമരാജ വോഡയാർ മഹാരാജവിന് സർക്കാർ നൽകിവന്നിരുന്ന ‘പ്രിവി പേഴ്സ്’ ഇല്ലാതാക്കി. ദസറ ആഘോഷത്തിന്റെ ഒരുക്കങ്ങൾ നടത്തിവന്നിരുന്ന സമയത്തായിരുന്നു അത്.
ഇതോടെ ദിവസങ്ങൾക്കുള്ളിൽ മറ്റ് വരുമാനമാർഗമൊന്നും കണ്ടെത്താനാകാതെ ദസറ ആഘോഷം പ്രതിസന്ധിയിലാകുകയും ചെയ്തു. ഒടുവിൽ മനസില്ലാമനസോടെ കൊട്ടാരത്തിനുള്ളിലെ അംബാവിലാസ് ദർബാർ ഹാളിനുള്ളിലേക്ക് ആഘോഷം ഒതുക്കാൻ തീരുമാനമാകുകയായിരുന്നു. ഇതോടെ നിരാശയിലായത് മൈസൂരുവിലെ സാധാരണക്കാരായ ജനങ്ങളാണ്. മൈസൂരുവിലെ പൗരസംഘടനകളും ദസറ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് കൂടിയാലോചനങ്ങൾ നടത്തി.
ഈ സമയത്താണ് പ്രമുഖ സാഹിത്യകാരനും പൗരപ്രമുഖനുമായ നാഗലിംഗസ്വാമി പൊതുജനങ്ങളുടെ സംയുക്ത സഹകരണത്തോടെ ദസറ ആഘോഷിക്കുകയെന്ന ആശയം മുന്നോട്ടുവെച്ചത്. വനംവകുപ്പുമായി സംസാരിച്ച് ആനപ്പന്തിയിൽനിന്ന് ഒരു ആനയെ വിട്ടുനൽകാനുള്ള സംവിധാനവും അദ്ദേഹംത്തന്നെ ഒരുക്കി. ചന്ദനത്തടിയിൽ തീർത്ത ചാമുണ്ഡേശ്വരി വിഗ്രഹവും അധികം താമസിയാതെ ഒരുങ്ങി. മൈസൂരു പതിയെ ആഘോഷത്തിന്റെ ലഹരിയിലേക്കെത്തി. എന്നാൽ പ്രിയപ്പെട്ട രാജാവിനെ മറക്കാൻ മൈസുരൂകാർ തയ്യാറായില്ല. രാജാവുതന്നെ ആഘോഷങ്ങളുടെ നടത്തിപ്പുകാരനാകണമെന്ന് അവർ നിർബന്ധം പിടിച്ചു.
പിൽക്കാലത്തുണ്ടായ ജനപ്രതിനിധികളെല്ലാം മൈസൂരു ദസറയ്ക്ക് പ്രത്യേക പ്രാധാന്യം നൽകി. 1975-ലാണ് സംസ്ഥാനസർക്കാർ നേരിട്ട് ജംബുസവാരി സംഘടിപ്പിച്ചത്. തുടർന്ന് പരിപൂർണമായ ജനകീയ ഉത്സവമായി മൈസൂരു ദസറ മാറുകയായിരുന്നു. അതേസമയം മൈസൂരു കൊട്ടാരത്തിലും രാജകുടുംബത്തിനുമുള്ള ആദരം കൂടിയാണ് ദസറ.
തലയെടുപ്പോടെ ജംബുസവാരി
മൈസൂരു ദസറയുടെ പ്രധാന കാഴ്ചകളിലൊന്നാണ് ജംബുസവാരി. സമാപനദിവസം ചാമുണ്ഡേശ്വരി വിഗ്രഹവുമായി നടത്തുന്ന പ്രദക്ഷിണം. വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആനകളാണ് ജംബുസവാരിയിൽ പങ്കെടുക്കുന്നത്. ജംബുസവാരിയുടെ പേരുകേൾക്കുമ്പോൾ ഉയർന്നുവരുന്ന മറ്റൊരു പേരാണ് അർജുൻ. തിടമ്പേറ്റുന്നത് അർജുനെന്ന ആനയാണ്. ആ പേരുകേട്ടാൽ തിരിച്ചറിയാത്ത കന്നഡിഗരുണ്ടാകില്ല. ഇത്തവണയും തിടമ്പേറ്റുന്നത് അർജുൻതന്നെ.
ജംബുസവാരിയിൽ പങ്കെടുക്കാനുള്ള ആനകളെ മൈസൂരു കൊട്ടാരപരിസരത്ത് എത്തിക്കുന്നത് ഗജപായനം എന്ന ചടങ്ങോടെയാണ്. വീരനഹൊസഹള്ളിയിലെ ആനക്യാമ്പിൽനിന്ന് പ്രത്യേക പൂജകളോടെ തുടങ്ങുന്ന ചടങ്ങുകളിൽ ആനകളോടുള്ള ആദരംമുഴുവൻ പ്രകടമാകും. ആദ്യകാലത്ത് ആനകളെ നടത്തിച്ചാണ് കൊട്ടാരത്തിലെത്തിച്ചിരുന്നതെങ്കിൽ ഇപ്പോൾ ചടങ്ങിന്റെ ഭാഗമായി കുറച്ചുദൂരം നടത്തിയതിനുശേഷം ട്രക്കുകളിലാണ് കൊട്ടാരത്തിലെത്തിക്കുന്നത്. പിന്നീട് ആരോഗ്യദായകമായ ഭക്ഷണത്തിനും പരിചരണത്തിനുമൊപ്പം പ്രത്യേക പരിശീലനവും നടക്കും. ഇത്തവണ ഒക്ടോബർ എട്ടിനാണ് ജംബുസവാരി.
പ്രൗഢിയുടെ സിഹാസനം
ദസറകാലത്തുമാത്രം പുറത്തെടുക്കുന്ന സിംഹാസനമുണ്ട് മൈസൂരു കൊട്ടാരത്തിൽ. വജ്രവും സ്വർണവും വിലയേറിയ മുത്തുകളും പതിപ്പിച്ച സിംഹാസനം. ദസറയോടുനുബന്ധിച്ച് നടത്തുന്ന പ്രത്യേക രാജസദസ്സിൽ മൈസൂരു രാജകുടുംബത്തിലെ കിരീടാവകാശി ഇരിക്കുന്നത് ഈ സിംഹാസനത്തിലാണ്. 13 ഭാഗങ്ങളാക്കി രഹസ്യഅറയിൽ സൂക്ഷിച്ചിരിക്കുന്ന സിംഹാസനം കൂട്ടിച്ചേർക്കാൻ അതിവിദഗ്ധ തൊഴിലാളികളെയാണ് നിയോഗിക്കുന്നത്.
നൂറ്റണ്ടുകൾ പഴക്കമുള്ളതാണ് ഈ സിഹാസനം. കൂട്ടിച്ചേർത്തതിനുശേഷം പൊതുജനങ്ങൾക്ക് കാണാനുള്ള അവസരവുമുണ്ട്. ദസറ ആഘോഷങ്ങൾ തുടങ്ങുന്നദിനം സിംഹാസനപൂജയും നടക്കും. വൈകീട്ടുമുതൽ പ്രത്യേക രാജസദസ്സും. ഈ രാജസദസ്സിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല.
പ്രകാശിക്കുന്ന കൊട്ടാരം
ഒരുലക്ഷം വൈദ്യുതി വിളക്കിൽ പ്രകാശിക്കുന്ന മൈസൂരു കൊട്ടാരമാണ് ദസറയുടെ മറ്റൊരുമുഖം. വിജയദശമിവരെ രാത്രി രണ്ടുമണിക്കൂറും വിജയദശമിദിനത്തിൽ മൂന്നുമണിക്കൂറും കൊട്ടാരം പ്രകാശത്തിൽ കുളിച്ചിരിക്കും. ദസറ കൂടുതൽ ജനകീയമാകുന്നതിനനുസരിച്ച് കൂട്ടിച്ചേർക്കപ്പെട്ടതാണ് കലാ-കായിക പ്രകടനങ്ങളും മത്സരങ്ങളും സാഹസിക പ്രകടനങ്ങളും. യുവദസറയും വനിതാദസറയും കർഷക ദസറയുമൊക്കെ ആഘോഷത്തിൽ എല്ലാവിഭാഗം ജനങ്ങൾക്കും പങ്കുണ്ടെന്നതിന്റെ തെളിവാണ്.
ഇത്തവണ ഒമ്പത് വേദികളിലായാണ് കലാമത്സരങ്ങൾ നടത്തുന്നത്. സമാപന ദിവസം നടക്കുന്ന ടോർച്ച് ലൈറ്റ് പരേഡും ഏറെ ശ്രദ്ധേയ
മാണ്.