അധികമൊന്നും ചർച്ചചെയ്യപ്പെട്ടിട്ടില്ല ദളിത്, ആദിവാസി വിഭാഗങ്ങളുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങൾ. പിന്നാക്കവിഭാഗത്തിൽപ്പെട്ടവർ മുഖ്യധാരയിൽ നിന്ന് പിന്തള്ളപ്പെടുന്നതിന്റെ അനേകം കാരണങ്ങളിലൊന്ന് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതാണ്. ദളിത്, ആദിവാസി വിഭാഗത്തിൽപ്പെട്ടവർ വിദ്യാഭ്യാസ മേഖലയിൽ നേരിടുന്ന പ്രശ്‌നങ്ങളെ മുൻവിധികളില്ലാതെ ചർച്ചയിലെത്തിക്കുകയാണ് ലളിത് വചാനി സംവിധാനം ചെയ്ത ‘റീകാസ്റ്റിങ് സെൽവ്‌സ്’ എന്ന ഡോക്യുമെന്ററി.
കോഴിക്കോട്ടെ ‘ക്രസ്റ്റി’ലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഒരു നാടകത്തിൽനിന്നാണ് ഡോക്യുമെന്ററി തുടങ്ങുന്നത്. ആത്മവിശ്വാസം സ്ഫുരിക്കുന്ന ശരീരഭാഷയാണ് ഡോക്യുമെന്ററിക്കുള്ളിലെ ആ നാടകത്തിലെ അഭിനേതാക്കളുടേത്. എന്നാൽ, ജീവിതത്തിന്റെ പലഘട്ടങ്ങളിലും മതിയായ ആത്മവിശ്വാസമില്ലാതെ പതറിപ്പോയവരാണ് ഇക്കൂട്ടത്തിൽ ഭൂരിഭാഗവും. അവരുടെ ജീവിതമാണ് റീകാസ്റ്റ് സെൽവ്‌സ് ആവിഷ്‌കരിക്കുന്നത്. ബെംഗളൂരുവിൽ നടന്ന അർബൻ ലെൻസ് ഫിലിം ഫെസ്റ്റിവലിലായിരുന്നു ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം.
‘ക്രസ്റ്റി’ലെ തികച്ചും സ്വഭാവികമായി അന്തരീക്ഷത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. അവിടത്തെ വിദ്യാർഥികളുടെ സാധാരണ ജീവിതത്തിലേക്കും ആഗ്രഹങ്ങളിലേക്കും രക്ഷിതാക്കളുടെ കാഴ്ചപ്പാടുകളിലേക്കുമെല്ലാം ക്യാമറ സഞ്ചരിക്കുന്നുണ്ട്. ക്ലാസ് മുറികളിൽ കൂട്ടുകാർക്കുമുന്നിൽ നിന്നുപോലും സെമിനാർ അവതരിപ്പിക്കാനുള്ള വിദ്യാർഥികളുടെ ആത്മവിശ്വസക്കുറവും ഡോക്യുമെന്ററിയിൽ ചിത്രീകരിക്കുന്നുണ്ട്‍. പിന്നീട് സംരംഭകയാകണമെന്നും ഉന്നത നിലയിലെത്തണമെന്നുമുള്ള വിദ്യാർഥികളുടെ ആഗ്രഹവും പങ്കുവെക്കുന്നു.
രോഹിത് വെമുലയുടെ മരണശേഷം 2016-ലാണ് ഡോക്യുമെന്ററി ചിത്രീകരിക്കുന്നത്. ജാതി അധിക്ഷേപവും അവഗണനയും നേരിടുന്നവരെക്കുറിച്ച് കാമ്പസുകൾ ചർച്ചചെയ്യുന്ന കാലമായിരുന്നു അത്. എന്നാൽ, ക്രസ്റ്റിലെ വിദ്യാർഥികൾ ജാതിയെക്കുറിച്ചല്ല ചർച്ചചെയ്യുന്നത്. സമൂഹത്തിലെ മറ്റു പ്രശ്‌നങ്ങൾക്കാണ് മുഖ്യ പരിഗണനയെന്ന് അവർ പറയുന്നു. ജാതിവ്യവസ്ഥ ചർച്ചചെയ്യുന്നതിൽ കേരളസമൂഹത്തിലെ നിശ്ശബ്ദതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ജാതീയമായ പരിഹാസങ്ങൾ പലഘട്ടങ്ങളിലും ഏൽക്കേണ്ടിവന്നത് വിദ്യാർഥികൾ തുറന്നുപറയുമ്പോഴും തങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടില്ലെന്ന ആത്മവിശ്വസം ഈ വിദ്യാർഥികളിലുണ്ട്. അത് കേരളത്തിന്റെ മാത്രം രാഷ്ട്രീയ സാഹചര്യമാണെന്നാണ് സംവിധായകൻ ലളിത് വചാനി പറയുന്നു.
ക്രസ്റ്റിലെ പഠനശേഷം വിദ്യാർഥികൾ അവരുടെ ഇഷ്ടമേഖലകൾ കണ്ടെത്തിയോ എന്നും ചിത്രം ചർച്ചയിലെത്തിക്കുന്നു. ഇന്ന് വിദ്യാർഥികൾ എത്തിനിൽക്കുന്ന സാഹചര്യത്തിൽനിന്നാണ് ലളിത് വചാനിയുടെ ക്യാമറ പിന്മാറുന്നത്.
ദിശാബോധമേകുന്ന ക്രസ്റ്റ്
ദളിത്, ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് തൊഴിൽ വിപണിയിൽ മത്സരിച്ച് മുന്നേറാനുള്ള നൈപുണ്യം പകർന്നുനൽകുന്ന സ്ഥാപനമാണ് കോഴിക്കോട്ടെ സെന്റർ ഫോർ റിസേർച്ച് ആൻഡ് എജ്യുക്കേഷൻ ഫോർ സോഷ്യൽ ട്രാൻസ്ഫർമേഷൻ (ക്രസ്റ്റ്). ജോലിക്കുവേണ്ടിയുള്ള അഭിമുഖങ്ങളിലും മറ്റു ഘട്ടങ്ങളിലും ശരീരഭാഷയിലും രീതിയിലുമുണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് ക്രസ്റ്റിൽ പരിശീലനം നൽകുന്നു. ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള പരിശീലനവും ഇവിടെയുണ്ട്. തനതായ സംസ്കാരത്തിൽനിന്ന് വിട്ടുമാറി കൃതിമശീലങ്ങൾ പഠിപ്പിക്കുന്നതല്ല ക്രസ്റ്റ് ലക്ഷ്യമിടുന്നതെന്നും പകരം മറ്റൊരു പെരുമാറ്റരീതി പരിചയപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ഡോക്യുമെന്ററിക്കുപിന്നിലെ സജീവ സാന്നിധ്യമായ ക്രസ്റ്റിലെ അസോസിയേറ്റ് പ്രോഗ്രാം കോ-ഓർഡിനേറ്ററായ വിനോദ് കൃഷ്ണൻ പറയുന്നു.
ക്യാമറയ്ക്കുപിന്നിൽ
ഹ്രസ്വചിത്ര, ഡോക്യുമെന്ററി സിനിമകളിൽ സ്വന്തമായ ഇടം നേടിയ ചലച്ചിത്രകാരനാണ് ലളിത് വചാനി. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ഒട്ടേറെ ചലച്ചിത്രമേളകളിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ഏറെക്കാലം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൈഡ് ഐ ഫിലിമുമായി ചേർന്ന് പ്രവർത്തിച്ചു. ഒട്ടേറെ ഉന്നത സ്ഥാപനങ്ങളിൽ ഫാക്കൽറ്റിയായിരുന്നു. ചില ഡോക്യുമെന്ററികളിലും ഹ്രസ്വചിത്രങ്ങളിലും എഡിറ്ററായും പ്രവർത്തിച്ചു. നിലവിൽ ജർമനിയിലെ ജോർജ് അഗസ്റ്റ് സർവകലാശാലയില ഗവേഷകനും അധ്യാപകനും. ഹിന്ദി സിനിമയിലെ സൂപ്പർ സ്റ്റാറുകളെ സൃഷ്ടിച്ചെടുക്കുന്ന പ്രവണതയെക്കുറിച്ച് ചർച്ചചെയ്യുന്ന ‘ദ സ്റ്റാർമേക്കർ’, ആർ.എസ്.എസിനെയും ഹിന്ദുത്വത്തെയും വിശകലനം ചെയ്യുന്ന ‘ദ ബോയ് ഇൻ ബ്രാഞ്ച്’, ദ മെൻ ഇൻ ദ ട്രീ തുടങ്ങിയവ ഏറെ ശ്രദ്ധേയമാണ്. ആൻ ഓർഡിനറി ഇലക്‌ഷൻ, ടെയിൽസ് ഫ്രം നാപ്പ, ദ സാൾട്ട് സ്റ്റോറീസ്, ഇൻ സെർച്ച് ഓഫ് ഗാന്ധി, നാടക് ജാരി ഹെ തുടങ്ങിയവയാണ് മറ്റു പ്രധാന ഡോക്യുമെന്ററികൾ.
‘റീകാസ്റ്റിങ് സെൽവ്‌സി’ന്റെ പശ്ചാത്തലത്തിൽ ലളിത് വചാനി സംസാരിക്കുന്നു:
എങ്ങനെയാണ് ‘ക്രസ്റ്റി’ ലെത്തിയത്?
വ്യത്യസ്തമായ ഒരു സ്ഥാപനമാണ് ക്രസ്റ്റ്. സമൂഹത്തിൽ ദളിതരെയും ആദിവാസികളെയും മുന്നിലെത്തിക്കാൻ ക്രിയാത്മകമായി പ്രവർത്തിക്കുന്ന സ്ഥാപനം. പല സ്ഥലങ്ങളിൽനിന്നും ക്രസ്റ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച കേട്ടറിഞ്ഞിരുന്നു. അങ്ങനെയാണ് 2016-ൽ ക്രസ്റ്റുമായി ബന്ധപ്പെടുന്നതും ഡോക്യുമെന്ററി തയ്യാറാക്കുന്നതും.
നിലവിലെ സാഹചര്യത്തിൽ ദളിതുകൾക്കും ആദിവാസികൾക്കും ഉയർന്നുവരാൻ അവസരങ്ങളുണ്ടോ?
ഒരുകാലത്തും ദളിതുകൾക്കും ആദിവാസികൾക്കും അനുകൂലമായ സാഹചര്യം ഇന്ത്യയിലുണ്ടായിട്ടില്ല. ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ പ്രത്യേകിച്ചും. അതുകൊണ്ടാണ് ക്രസ്റ്റ് പോലുള്ള സ്ഥാപനങ്ങളുടെ പ്രധാന്യം വർധിക്കുന്നത്. ദളിതുകൾക്കും ആദിവാസികൾക്കും ഉയർന്നുവരേണ്ട സാഹചര്യമൊരുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
‘റീകാസ്റ്റിങ് സെൽവ്‌സി’നെക്കുറിച്ച്?
ക്രസ്റ്റിലെ തികച്ചും സ്വഭാവികാന്തരീക്ഷമാണ് ക്യാമറയിൽ പകർത്തിയത്. ചിത്രത്തിലുള്ളവരിൽ ഒരു തരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ല. അവരുടെ ജീവിതസാഹചര്യങ്ങളെയും ക്യാമറയിൽ പകർത്താൻ ശ്രമിച്ചിട്ടുണ്ട്. ദളിത്, ആദിവാസി വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങളുടെ ഒരു ചെറുപതിപ്പ് അവതരിപ്പിക്കാനാണ് റീകാസ്റ്റിങ് സെൽവ്‌സിലൂടെ ശ്രമിച്ചത്.