മേശയിൽ കാണുന്ന ടാബ്‌ലെറ്റിൽ ഭക്ഷണസാധനങ്ങൾ ഓർഡർ ചെയ്യുകയേവേണ്ടൂ. ആര്യയും രമ്യയും സോസിയും ആലീസും സൻസയും വിഭവങ്ങളുമായി നമ്മുടെ മുന്നിലെത്തും. പക്ഷേ, ഇവരൊന്നും മനുഷ്യരല്ല. ഒന്നാന്തരം റോബോട്ടുകളാണ്.
ഹ്യൂമനോയിഡ് ഇനത്തിൽപ്പെട്ട ചൈനീസ് റോബോട്ടുകൾ. ബെംഗളൂരു ഇന്ദിരാനഗർ 100 ഫീറ്റ് റോഡിൽ തുടങ്ങിയ റോബോട്ട് റെസ്‌റ്റോറന്റിലെ കാഴ്ചയാണിത്. ഭക്ഷണംവിളമ്പാൻ മാത്രമല്ല, റസ്റ്റോറന്റിലേക്ക് കയറിച്ചെല്ലുമ്പോൾ സ്വീകരിക്കുന്നതും മറ്റൊരു റോബോട്ടാണ്.
ഐ.ടി.നഗരമായ ബെംഗളൂരുവിൽ പുത്തൻ സാങ്കേതികവിദ്യയുടെ മികവിൽ ഒരുങ്ങിയ ഒട്ടേറെ സ്ഥാപനങ്ങളുണ്ടെങ്കിലും റോബോട്ടുകൾ ഭക്ഷണം വിളമ്പുന്ന റെസ്‌റ്റോറന്റ് ആദ്യമാണ്. ഭക്ഷണം വിളമ്പാൻ മാത്രമല്ല, പിറന്നാൾ ആശംസകൾ നേരാനും റോബോട്ടുകൾക്കറിയാം. റെസ്‌റ്റോറന്റിലെ ഒാരോ മേശയിലുമുള്ള പ്രത്യേക ടാബിൽ മുൻകൂട്ടി തങ്ങളുടെ പിറന്നാളാണെന്ന് രേഖപ്പെടുത്തണമെന്നുമാത്രം. ഇത്തരം ആഘോഷങ്ങൾക്കുവേണ്ടി ഒട്ടേറെപ്പേരാണ് റെസ്‌റ്റോറന്റിലെത്തുന്നത്.
ചെന്നൈയിലും കോയമ്പത്തൂരിലും ഇത്തരം റോബോട്ട് െറസ്‌റ്റോറന്റുകൾ പ്രവർത്തിക്കുന്നുണ്ട്. ബെംഗളൂരുവിനെ പരിചയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് റെസ്‌റ്റോറന്റ് ഉടമ വെങ്കിടേഷ് രാമകൃഷ്ണൻ പറയുന്നു.
നഗരത്തിൽ നാലുമുതൽ അഞ്ചുവരെ െറസ്‌റ്റോറന്റുകൾ തുടങ്ങാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചുവരികയാണ്. രുചിവൈവിധ്യത്തെക്കാൾ വിളമ്പുന്നതിലെ വൈവിധ്യത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നതെന്നും വെങ്കിടേഷ്.
ഒാരോ മേശയിലും ഘടിപ്പിച്ച ടാബുകളുമായി ബന്ധിപ്പിച്ചാണ് റോബോട്ടുകളുടെ പ്രവർത്തനം. അടുക്കളയിൽ ഭക്ഷണമായാൽ വിഭവങ്ങളുടെ പട്ടിക ഈ ടാബുകളിലേക്ക് ജീവനക്കാർ അപ്‌ലോഡ് ചെയ്യും. ഭക്ഷണം കഴിക്കാനെത്തുന്നവർ ടാബുകളിലൂടെ ഓർഡർ ചെയ്യുമ്പോൾ അടുക്കളയിലെ ജീവനക്കാർക്കും റോബോട്ടിനും സന്ദേശം ലഭിക്കും.
ഓർഡറനുസരിച്ചുള്ള ഭക്ഷണസാധനങ്ങൾ പിന്നീട് റോബോട്ടിന്റെ കൈയിൽ ഘടിപ്പിച്ച ട്രേയിൽ ജീവനക്കാർ എടുത്തുവെക്കുന്നതോടെ വിതരണത്തിനായി റോബോട്ടുകൾ ഉപഭോക്താക്കളുടെ അടുത്തെത്തും.
ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത റോബോട്ടിന് ഒന്നിന് 1.8 ലക്ഷം രൂപയാണ് വില. പ്രത്യേകം പരിശീലനം ലഭിച്ച ജീവനക്കാരാണ് െറസ്‌റ്റോറന്റുകളിലുള്ളത്. റോബോട്ടുകൾ പണിമുടക്കിയാൽ വിദഗ്ധമായി കൈകാര്യം ചെയ്യാൻ ഇവർക്കറിയാമെന്ന് ചുരുക്കം.
എന്നാൽ നേരത്തേ പ്രവർത്തനമാരംഭിച്ച ചെന്നൈയിലെയോ കോയമ്പത്തൂരിലെയോ െറസ്‌റ്റോറന്റുകളിൽ ഇതുവരെ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് ഇവരുടെ അനുഭവസാക്ഷ്യം.
റോബോട്ടുകൾ പ്രവർത്തിക്കുന്നത് ബാറ്ററിയിലാണ്. അതുകൊണ്ടുതന്നെ മുഴുവൻ സമയവും ഭക്ഷണം വിതരണംചെയ്യാൻ ഇവർക്ക് കഴിയില്ല. ഇതനുസരിച്ച് ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെയും രാത്രി ഏഴുമുതൽ 11 വെരയും മാത്രമാണ് റോബോട്ട് റെസ്‌റ്റോറന്റിന്റെ പ്രവർത്തനം.