സംഗീത പരിപാടികൾ ആസ്വദിക്കാനും സംഗീതോപകരണങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുമുള്ള അവസരം ഒരുക്കുകയാണ് ബെംഗളൂരുവിലെ മ്യൂസിക് മ്യൂസിയം. വിവധ സംഗീതോപകരണങ്ങൾ, മ്യൂസിക്ക് ഇൻസ്റ്റലേഷനുകൾ, വിഖ്യാത സംഗീതജ്ഞരെക്കുറിച്ചുള്ള വിവരണങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്. ഇന്ത്യൻ മ്യൂസിക് എക്‌സ്പീരിയൻസിന്റെ (ഐ.എം.ഇ.) നേതൃത്വത്തിൽ ജെ.പി. നഗർ സെവൻത് ഫെയ്‌സിലെ ബ്രിഗേഡ് മില്ലേനിയം എൻക്ലേവിലാണ് മ്യൂസിക് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെ ആരംഭിച്ച ഇന്ത്യയിലെ ആദ്യ ഇന്ററാക്റ്റീവ് മ്യൂസിക് മ്യൂസിയം കൂടിയാണിത്. സൗണ്ട് ഗാർഡൻ, ലേണിങ് സെന്റർ, ആർട്ട് ഇന്ററാക്റ്റീവ് എക്‌സ്ഹിബിറ്റ് ഏരിയ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളാണ് ഐ.എം.ഇ.യിൽ ഉള്ളത്. സംഗീതലോകത്തെ പുത്തൻ അനുഭവങ്ങളാണ് സംഗീതപ്രേമികൾക്കായി ഇന്ത്യൻ മ്യൂസിക് എക്‌സിപീരിയൻസ് ഉദ്യാനനഗരത്തിൽ ഒരുക്കുന്നത്.
എക്‌സ്ഹിബിറ്റ് ഏരിയയിൽ ഇന്ത്യൻ സംഗീതത്തിന്റെ വിവിധ വശങ്ങൾ പ്രദർശിപ്പിക്കുന്ന എട്ട് തീമാറ്റിക് ഗാലറികൾ, നൂറിലധികം സംഗീത ഉപകരണങ്ങളുൾപ്പെടുന്ന ഇൻസ്ട്രുമെന്റ്‌സ് ഗാലറി, മൂന്നു മിനി തിയേറ്ററുകൾ, കംപ്യൂട്ടർ നിയന്ത്രിതമായ ഇൻസ്റ്റലേഷനുകൾ എന്നിവയാണുള്ളത്. ഗാലറിയിൽ പ്രശസ്ത ഗായകരുടെ ചിത്രങ്ങളും ഉണ്ട്. സൗണ്ട് ഗാർഡനിൽ സന്ദർശകർക്ക് ശബ്ദത്തിന്റെ വിവിധ അവസ്ഥകൾ വിവരിച്ചുനൽകുന്ന സംഗീത ശില്പങ്ങളാണ് പ്രധാനമായും ഉണ്ടാവുക. ഇവിടത്തെ ‘ഹമ്മിങ് സ്‌റ്റോൺ' സന്ദർശകരെ ആകർഷിക്കും.
കരിങ്കല്ലിൽ തീർത്ത ഈ ഉപകരണത്തിൽ തലയിട്ട് ശബ്ദമുണ്ടാക്കിയാൽ ശബ്ദത്തിന്റെ വിവിധ തലങ്ങൾ കേൾക്കാനാകും. പുരാതനകാലത്തെ രാജകൊട്ടാരങ്ങളിലും സംഗീതസദസ്സുകളിലും സ്ഥിര സാന്നിധ്യമായിരുന്ന ഈ ഉപകരണം പുതുതലമുറയ്ക്ക് അനുഭവിക്കാനാകും. ലേണിങ് സെന്റർ പ്രധാനമായും സംഗീത വിദ്യാഭ്യാസം നൽകാനാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇവ കൂടാതെ ഐ.എം.ഇ.യിൽ വിവിധ പരിപാടികൾ അവതരിപ്പിക്കാൻ റൂഫ്‌ടോപ്പ് ആംഫി തിയേറ്റർപോലുള്ള സൗകര്യവും പെർഫോമൻസ് തിയേറ്ററും സെമിനാർ ഹാളുമുണ്ട്. സംഗീതക്കച്ചേരി, ശില്പശാലകൾ, സെമിനാറുകൾ, അവധിക്കാല ക്യാമ്പുകൾ തുടങ്ങിയവ ഐ.എം.ഇ.യിൽ നടത്താറുണ്ടെന്ന് മ്യൂസിയം ഡയറക്ടറും സംഗീതജ്ഞയുമായ മാനസി പ്രസാദ് പറഞ്ഞു. ഇന്ത്യൻ സംഗീതത്തെ ഇഷ്ടപ്പെടുന്നവർക്കായുള്ള മ്യൂസിയമാണിതെന്നും ഇവർ പറഞ്ഞു. 250 രൂപയാണ് പ്രവേശനഫീസ്. രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാണ് സന്ദർശകർക്കുള്ള സമയം. കഴിഞ്ഞ മാസം ആരംഭിച്ച മ്യൂസിക് മ്യൂസിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, മുൻകേന്ദ്രമന്ത്രി എസ്.എം. കൃഷ്ണ, തേജസ്വി സൂര്യ എം.പി., സതീഷ് റെഡ്ഡി എം.എൽ.എ. തുടങ്ങിയവർ എത്തിയിരുന്നു.