ഐ.ടി. നഗരമായ ബെംഗളൂരു ഇന്ന് നേരിടുന്ന വലിയ ഭീഷണികളിലൊന്നാണ് ഇ-മാലിന്യം. പുതിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വാങ്ങുമ്പോൾ നാം വലിച്ചെറിയുന്ന പഴയ ഉപകരണങ്ങളിൽ നിന്നുള്ള രാസ, ലോഹ മാലിന്യങ്ങൾ അന്തരീക്ഷത്തിനും ജീവജാലങ്ങൾക്കും ഒരുപോലെ ഭീഷണിയാവുകയാണ്. ഇ-മാലിന്യം സംസ്കരിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇ മാലിന്യം കുഴിച്ചുമൂടുന്നത് ഇലക്‌ട്രോണിക് വസ്തുക്കളിലുള്ള ലെഡ്, മെർക്കുറി, കാഡ്മിയം പോലുള്ള രാസവസ്തുക്കൾ കുടിവെള്ള സ്രോതസുകളിൽ കലരുന്നതിന് അത് ഇടയാക്കുന്നു.
സ്മാർട്ട്‌ഫോണുകൾ അരങ്ങുവാഴുന്ന ഈ കാലത്ത് ഇ-മാലിന്യങ്ങളിൽ നല്ലൊരു ശതമാനവും ഉപയോഗശൂന്യമായ പഴയ സ്മാർട്ട് ഫോണുകളാണ്. അടുത്തിടെ ‘91 മൈബൈൽസ്.കോം’ എന്ന ഗാഡ്ജറ്റ് ഡിസ്‌കവറി വെബ്‌സൈറ്റ് ഫോൺ റീസൈക്ലിങ്ങിനെ കുറിച്ച് പഠിക്കാൻ രാജ്യത്ത് സർവേ നടത്തിയിരുന്നു.
ഇതനുസരിച്ച് ബെംഗളൂരുവിൽ 10-ൽ ഒരാൾ മാത്രമേ പുതിയ ഫോൺ വാങ്ങുമ്പോൾ പഴയ ഫോൺ പുനരുപയോഗിക്കുന്നുള്ളൂ. നഗരത്തിലെ 10 ശതമാനം മൊബൈൽ ഉപയോക്താക്കളുടെ വീടുകളിലും അഞ്ചിലധികം ഉപയോഗയോഗ്യമല്ലാത്ത ഫോണുകളുണ്ടെന്നാണ് കണ്ടെത്തൽ. പലരും പഴയ ഫോണുകൾ വിൽക്കാൻ ശ്രമിച്ചിട്ടും പ്രതീക്ഷിച്ച വില ലഭിക്കാത്തതിനാലാണ് വീടുകളിൽ സൂക്ഷിച്ചിരിക്കുന്നത്. പഴയതും ഉപയോഗശൂന്യമായതുമായ ഫോണുകൾ റീസൈക്കിൾ ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഓരോ ദിവസവും പുതിയ സ്മാർട്ട് ഫോണുകൾ വിപണി കീഴടക്കുന്നതിനാൽ പഴയ ഫോണുകൾ എന്തു ചെയ്യണമെന്നത് സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കണം. ഇ -വേസ്റ്റ് സൃഷ്ടിക്കുന്ന അപകടത്തെക്കുറിച്ച് ജനങ്ങളെ പറഞ്ഞു മനസ്സിലാക്കണം.
പഴയ ഫോണുകൾ പുനരുപയോഗിക്കുകയോ വിൽക്കുകയോ വേണമെന്നാണ് വിദഗ്ധർ പറയുന്നത്. ബെംഗളൂരുവിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഇ-മാലിന്യത്തിൽ 50 ശതമാനത്തിലധികവും അഞ്ചുവർഷത്തിലധികം പഴക്കമുള്ളതാണ്. ഇ-മാലിന്യത്തെക്കുറിച്ച് ജനങ്ങൾക്ക് ബോധ്യമുണ്ടെങ്കിലും 31 ശതമാനം പേർ മാത്രമേ ശരിയായ രീതിയിൽ ഇവ കൈകാര്യം ചെയ്യുന്നുള്ളൂ. 2020 ആകുേമ്പാഴേക്കും ഇന്ത്യയിലെ ഇ-മാലിന്യത്തിന്റെ അളവ് 52 ലക്ഷം ടൺ ആകുമെന്നാണ് പഠനം പറയുന്നത്. ഇതിൽ നല്ലൊരു ശതമാനവും ബെംഗളൂരുവിൽ നിന്നാവും. ഇന്ത്യയിൽ ഇ-മാലിന്യത്തിന്റെ വളർച്ച 30 ശതമാനം നിരക്കിലാണ്.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഇ-വേസ്റ്റിന്റെ അളവിനെക്കുറിച്ച് നിലവിൽ സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന് കൃത്യമായ അറിവില്ല. നിലവിൽ മാലിന്യം ശേഖരിക്കാൻ കരാറെടുക്കുന്ന സ്വകാര്യ കമ്പനികളിൽ നിന്നു ലഭിക്കുന്ന വിവരമനുസരിച്ചാണ് നഗരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഇ-മാലിന്യത്തിന്റെ അളവ് കണക്കാക്കുന്നത്.
സംസ്ഥാനത്ത് 71 ഇ-മാലിന്യ റീസൈക്ലിങ് കേന്ദ്രങ്ങളാണുള്ളത്. പല കേന്ദ്രങ്ങളും സംസ്കരിക്കാനുള്ള ശേഷിയുടെ പകുതി പോലും ഉപയോഗിക്കുന്നില്ലെന്നതാണ് വസ്തുത. പല വികസിതരാജ്യങ്ങളും ശാസ്ത്രീയമായ രീതികളിലൂടെ ഇ-മാലിന്യം നിർമാർജനം ചെയ്യുന്നതിനും റീസൈക്കിൾ ചെയ്യുന്നതിനും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
ഡ്രോപ്പ് ബോക്സുകൾ
:നഗരത്തിൽ വർധിച്ചു വരുന്ന ഇ-മാലിന്യപ്രശ്നം പരിഹരിക്കാൻ ബി.ബി.എം.പി. ഓഫീസുകളിൽ ഡ്രോപ്പ് ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. ബി.ബി.എം.പി. ആസ്ഥാനത്തും എട്ടു സോണൽ ഓഫീസുകളിലുമാണ് ഈ സൗകര്യമുള്ളത്. ഇ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ ബി.ബി.എം.പി. ഓഫീസുകളിൽ സ്ഥാപിച്ചിരിക്കുന്ന ഡ്രോപ് ബോക്സുകളിൽ നിക്ഷേപിക്കാം.