കേരളത്തിന്റെ തനത് കലാരൂപമായ കഥകളി ജനപ്രിയമാക്കുന്നതിൽ ലളിതാ ദാസിനുള്ള പങ്ക് ചെറുതല്ല. 30 വർഷമായി നഗരത്തിലെ കലാ ആസ്വാദകർക്ക് മുന്നിൽ മുടക്കം കൂടാതെ കഥകളി അരങ്ങിലെത്തിച്ച ലളിതാ ദാസിനെ സുഹൃത്തുക്കളും ആസ്വാദകരും ചേർന്ന് ആദരിക്കുകയാണ്. ആയിരം പൂർണചന്ദ്രനെ കണ്ട നിർവൃതിയിൽ 84-ാം പിറന്നാൾദിനം ജൂലായ് 14-ന് ഇന്ദിരാനഗർ ഇ.സി. എ. ഹാളിൽ ആഘോഷിക്കുമ്പോൾ ആസ്വാദകരുടെ ഗുരുദക്ഷിണ കൂടിയാണിത്.
കഥകളിയെ പ്രോത്സാഹിപ്പിക്കാൻ ലളിതാ ദാസ് ആത്മാർഥമായ ശ്രമമാണ് നടത്തിയതെന്നും ഇതിനുള്ള അംഗീകാരമാണ് നൽകുന്നതെന്നും സുഹൃത്തുക്കളുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന ഗോപകുമാർ പറഞ്ഞു. ലളിതാ ദാസിന്റെ നേതൃത്വത്തിലുള്ള ബെംഗളൂരു ക്ലബ്ബ് ഫോർ കഥകളി ആൻഡ് ദി ആർട്‌സ് കഥകളി ജനപ്രിയമാക്കുന്നതിൽ നൽകിയ സംഭാവന ഏറെയാണ്. ഇതോടൊപ്പം ജീവകാരുണ്യരംഗത്ത് സജീവമാണ്.
മഹാകവി കെ.സി. കേശവപ്പിള്ളയുടെ കൊച്ചുമകളായ ലളിതാ ദാസ് ചെറുപ്പം മുതൽ കഥകളി ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. മുത്തച്ഛന്റെ കഥകളി കൃതികളും പ്രേരണയായെന്ന് പറയും. എന്നാൽ അക്കാലത്ത് പെൺക്കുട്ടികൾക്ക് കഥകളിപഠനം അത്ര ലളിതമായിരുന്നില്ല. അച്ഛൻ ആർ. നാരായണപ്പണിക്കർ സാഹിത്യരംഗത്ത് പ്രമുഖനായിരുന്നു. ഭാഷാസാഹിത്യ ചരിത്രം പുറത്തിറക്കിയ ആർ. നാരായണപ്പണിക്കർക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചിരുന്നു. കുടുംബത്തിന്റെ സാഹിത്യ പിൻബലവും കഥകളിയോടുള്ള പ്രണയത്തിന് അടിത്തറയിട്ടു. മാതാപിതാക്കളോടൊപ്പം സ്ഥിരമായി കഥകളി കാണാനെത്തി. ഇതോടെ കഥകളി പഠിക്കാനുള്ള പിടിവാശിയിൽ നാരായണപ്പണിക്കർ മകളെ കഥകളി ആശാൻ വെച്ചൂർ രാമൻപിള്ളയുടെ അടുത്തെത്തിച്ചു. തുടർന്ന് പഠനം പൂർത്തിയാക്കി 13-ാം വയസ്സിൽ തിരുവന്തപുരം ടൗൺഹാളിൽ കഥകളി അരങ്ങേറ്റം നടത്തി.
പിന്നീട് വിവാഹം കഴിഞ്ഞ് കേരളം വിട്ടപ്പോഴും ലളിതാ ദാസിന്റെ മനസ്സിൽനിന്ന് കഥകളി മാഞ്ഞില്ല. ഭർത്താവ് കെ.ജി. ദാസിനും കഥകളിയോട് താത്‌പര്യമുണ്ടായത് അനുഗ്രഹമായെന്ന് ലളിതാ ദാസ് പറയുന്നു. കേന്ദ്ര സർവീസിൽ സെക്രട്ടറിയായി സേവനം ചെയ്ത ഭർത്താവിന്റെ സഹോദരൻ എം.കെ.കെ. നായരും കഥകളിയെ സ്നേഹിച്ചിരുന്നു. ഭർത്താവിനും കുടുംബത്തിനും കലയോടുള്ള താത്പര്യമാണ് കഥകളി രംഗത്ത് കൂടുതൽ സംഭാവന നൽകാൻ കഴിഞ്ഞതെന്ന് ലളിതാ ദാസ് ഓർക്കുന്നു.
30 വർഷംമുമ്പ് ബെംഗളൂരുവിലെത്തിയപ്പോൾ കഥകളി പ്രോത്സാഹിപ്പിക്കാനായി മുന്നിൽനിന്നു. തുടർന്ന് സമാന ചിന്താഗതിയുള്ളവരുമായി ചേർന്ന് 2009-ൽ ബെംഗളൂരു ക്ലബ്ബ് ഫോർ കഥകളി ആൻഡ് ദി ആർട്‌സ് എന്ന സംഘടന രൂപവത്കരിച്ചു. കഥകളിയെ ജനപ്രിയമാക്കുകയായിരുന്നു ലക്ഷ്യം.
ഇതോടൊപ്പം മറ്റ് ശാസ്ത്രീയ നൃത്തങ്ങളും തനത് കലാരൂപങ്ങൾക്കും വേദിയൊരുക്കി. മകൾ മീനാദാസ് നാരായണനും ചേർന്നതോടെ കഥകളി, ശാസ്ത്രീയ നൃത്ത രംഗത്ത് നേട്ടങ്ങൾ സ്വന്തമാക്കി. കഥകളിയും മറ്റ് ശാസ്ത്രീയ നൃത്തങ്ങളും സമന്വയിപ്പിച്ച് അരങ്ങിലെത്തിച്ച നൃത്ത രൂപങ്ങൾ കാലരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. രവീന്ദ്രനാഥ ടാഗോറിന്റെ വാൽമീകിപ്രതിഭ എന്ന കൃതിയെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ മാനിഷാദ ഇതിൽ ആദ്യത്തേതാണ്. പീന്നീട്ട് ചിട്ടപ്പെടുത്തി കലാസ്വാദകർക്ക് മുന്നിലെത്തിയ മൂന്ന് നൃത്തശില്പങ്ങളുടെ സംവിധാനം നിർവഹിച്ചത് ലളിതാ ദാസിന്റെ മകൾ മീനാദാസ് നാരായണനാണെന്നതും പ്രത്യേകതയാണ്. ചിലപ്പതികാരത്തെ ആസ്പദമാക്കിയുള്ള നൃത്തരൂപവും മഹാഭാരതത്തിലെ കർണന്റെ കഥാപാത്രത്തെ കേന്ദ്രീകരിച്ച് അരങ്ങിലെത്തിച്ച ‘കർണ ദി ഇൻവിസിബിൾ’ എന്ന നൃത്തശില്പവും ശ്രദ്ധിക്കപ്പെട്ടു.
രാവണന്റെ കഥപറയുന്ന ലോർഡ് ഓഫ് ലങ്ക ഏറെ വ്യത്യസ്തമായാണ് അരങ്ങിലെത്തിച്ചത്. ശ്രീലങ്കൻ നൃത്തവും സമകാലീന നൃത്തവും ഉൾപ്പെടുത്തിയാണ് ലോർഡ് ഓഫ് ലങ്ക അരങ്ങിലെത്തിയത്. ആയോധന കലയ്ക്കും പ്രാധ്യമുള്ളതിനാൽ ഇതിൽ കളരിപ്പയറ്റും ഉൾപ്പെടുത്തി.
നഗരത്തിലെ കാലസ്വാദകരെ കഥകളിയിലേക്ക് അടുപ്പിച്ചത് ലളിതാ ദാസാണെന്ന് പറയുന്നതിൽ തെറ്റില്ല. ഇതിനായി പരമ്പരാഗതരീതിയിൽ ചെറിയ മാറ്റങ്ങളും വരുത്തി. ‘കഥകളി മുദ്രകൾ സാധാരണ ആസ്വാദകർക്ക് മനസ്സിലായെന്ന് വരില്ല. അതിൽ കഥകളി നടക്കുമ്പോൾ വേദിയിൽ ഓരോ മുദ്രയും വിശദീകരിക്കും. ഇതോടൊപ്പം സമയദൈർഘ്യവും കുറച്ചു’ ലളിതാ ദാസ് പറഞ്ഞു. ഇംഗ്ലീഷിലുള്ള വിവരണങ്ങളും സഹായകമായി. തൃപ്പൂണിത്തുറയിലെ വനിത കഥകളി ട്രൂപ്പിന്റെ കഥകളി നഗരത്തിലെത്തിച്ചതും പ്രത്യേകതയാണ്. ഓരോ വർഷവും ചുരുങ്ങിയത് അഞ്ച് തവണയെങ്കിലും കഥകളി നഗരത്തിലെത്തും.