രാജ്യസേവനത്തിനിടയിലും സംഗീതത്തോടുള്ള അഭിനിവേശം ഒട്ടുംകളഞ്ഞിട്ടില്ല സി.ആർ.പി.എഫ്. ഇൻസ്‌പെക്ടറായ മണികണ്ഠൻ ആര്യനാട്. ചെറുപ്പംമുതലേ കൈമുതലായുള്ള സംഗീതം ഇപ്പോഴും കൂടെയുണ്ട്. ജന്മസിദ്ധമായ കഴിവുകൾ ജോലി ലഭിക്കുന്നതോടെ ഉപേക്ഷിക്കുന്നവർക്കിടയിൽ വ്യത്യസ്തനാവുകയാണ് ഇദ്ദേഹം. സി.ആർ.പി.എഫ്. ജോലി സംഗീതത്തിന് തടസ്സമാകുന്നില്ലെന്ന് മണികണ്ഠൻ പറയുന്നു.
കുട്ടിക്കാലത്ത് സംഗീതം പഠിച്ചത് അച്ഛന്റെ ജ്യേഷ്ഠനിൽനിന്നായിരുന്നു. നെടുമങ്ങാട് ഗവ. കോളേജിലായിരുന്നു പ്രീഡിഗ്രി പഠനം. അവിടെ പ്രിൻസിപ്പലിന്റെ യാത്രയയപ്പുചടങ്ങിലായിരുന്നു ആദ്യമായി പാടിയത്. അതിനുശേഷം മിക്ക കലാപരിപാടികൾക്കും പങ്കെടുത്തു. തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ഡിഗ്രി പഠനകാലത്ത് 1986-87 കാലഘട്ടത്തിൽ ആർട്‌സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു. ഡിഗ്രി കഴിഞ്ഞ് കുറച്ചുനാൾ ട്യൂട്ടോറിയൽ അധ്യാപകനായി. ഈ സമയത്ത് നെയ്യാറ്റിൻകര സരിഗ ഓർക്കസ്ട്രയിലെ അംഗമായി. അപ്പോഴാണ് സി.ആർ.പി.എഫിലേക്ക് അപേക്ഷയയച്ചത്. പരീക്ഷയെഴുതി നേരിട്ട് എ.എസ്.ഐ. പോസ്റ്റിൽ ലഭിച്ചു.
1990 ഡിസംബർ മൂന്നിനായിരുന്നു ഡൽഹിയിൽ ട്രെയിനിങ്ങിന് ചേർന്നത്. സംഗീത ലോകത്തുനിന്ന് പെട്ടെന്ന് വിട്ടുമാറി ചിട്ടയായ ജീവിതരീതിയിലേക്ക് മാറിയപ്പോൾ ബുദ്ധിമുട്ടായി. പാട്ടുപാടാൻപോലും പറ്റാത്ത അവസ്ഥ. ഡൽഹിയിൽ ആറുവർഷം കഴിഞ്ഞപ്പോൾ മദ്രാസിലേക്കു സ്ഥലംമാറ്റം. അവിടെ അയ്യപ്പക്ഷേത്രങ്ങളിലെ പരിപാടികളാണ് വഴിത്തിരിവായത്.
ഒരിക്കൽ ക്ഷേത്രത്തിൽ ഭജന അവതരിപ്പിക്കാൻ അവസരം ലഭിച്ചു. പിന്നീട് ഭാരവാഹികളുടെ ആവശ്യപ്രകാരം ഗാനമേളയും അവതരിച്ചു. മദ്രാസിൽ നിന്ന് കോയമ്പത്തൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ ഇടയ്ക്കിടെ നാട്ടിൽപ്പോയി സരിഗ ഓർക്കസ്ട്രയിൽ പാടാൻ തുടങ്ങി. നാട്ടിൽ പോകുമ്പോഴൊക്കെ പ്രൊഫഷണൽ ഗാനമേള ട്രൂപ്പുമായി ബന്ധപ്പെട്ട് പാട്ടുപാടാറുണ്ടായി
രുന്നു.
പിന്നീട് വീണ്ടും ഡൽഹിയിലേക്ക് സ്ഥലംമാറ്റം. അങ്ങനെ അവിടെ ചെറിയ ചെറിയ പരിപാടികളൊക്കെ ചെയ്തുതുടങ്ങി. സി.ആർ.പി.എഫ്. പൊതുവേ കലാപരിപാടികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു വിഭാഗമല്ല. എന്നാൽ, ഒരുദിവസം ഡി.ഐ.ജി. സന്ദർശനത്തകിന് വന്നപ്പോൾ സംഗീതപരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചു. പുറത്തുനിന്നുള്ള ഓർക്കസ്ട്രക്കാരെ വിളിച്ചുകൂട്ടിയാണ് പരിപാടി അവതരിപ്പിച്ചത്. സാധാരണഗതിയിൽ ഡി.ഐ.ജി. സന്ദർശനത്തിന് വന്നാൽ പരിപാടിക്ക് ഒന്നു മുഖംകാണിച്ചശേഷം മടങ്ങാറാണ് പതിവ്. എന്നാൽ, അന്ന് സംഗീതപരിപാടി മുഴുവൻ ആസ്വദിച്ച ശേഷമാണ് പോയത്. ഹിന്ദി പാട്ടുകളായിരുന്നു പാടിയത്. ഈ പരിപാടിയോടെ സി.ആർ.പി.എഫിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ ചെറിയ രീതിയിലുള്ള പരിപാടികളൊക്കെ സംഘടിപ്പിക്കാൻ ഡിപ്പാർട്ട്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ജോലിയെ ബാധിക്കാത്തരീതിയിൽ പരിപാടികൾ അവതരിപ്പിക്കുന്നതിന് പ്രശ്‌നമില്ലെന്ന് മണികണ്ഠൺ പറഞ്ഞു. ഇതിനിടയ്ക്ക് ആൽബങ്ങളിലും പാടി.
ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും മലയാളികൾക്ക് സാന്നിധ്യമുള്ള സ്ഥലങ്ങളിൽ പാട്ടുപാടാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. സി.ആർ.പി.എഫിലായതു കൊണ്ടാണ് മറ്റു സംസ്ഥാനങ്ങളിലും പാടാനുള്ള അവസരം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യയും രണ്ടു മക്കളുമുണ്ട്. മക്കൾക്കും സംഗീതത്തോട് താത്പര്യമുണ്ട്.