ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ടെ സുഹൃത്തുക്കൾ ഒത്തുകൂടി യാത്രകൾ പോകുന്നത് ഇന്നത്തെ കാലത്ത് പതിവാണ്. ഇത് പലപ്പോഴും ഒന്നോ രണ്ടോ യാത്രകളിൽ ഒതുങ്ങിപ്പോകും. എന്നാൽ, ബെംഗളൂരുവിലെ ഒരുകൂട്ടം മലയാളി യുവാക്കൾ ചേർന്ന് രൂപവത്‌കരിച്ച ‘ബാംഗ്ലൂർ മലയാളി റൈഡേഴ്‌സ്’ എന്ന കൂട്ടായ്മ ഇതിൽ നിന്ന് വ്യത്യസ്തമാണ്. സ്ഥാപിതമായിട്ട് രണ്ടുവർഷം കഴിഞ്ഞിട്ടും തുടർച്ചയായുള്ള യാത്രകൾ കൊണ്ട് യാത്രാപ്രേമികൾക്കിടയിൽ താരമായിരിക്കുകയാണ് ഇവർ.
വെറും യാത്രകൾ മാത്രമല്ല ഇവരുടെ ലക്ഷ്യം. ഓരോ യാത്രയിലും പുതിയ ബന്ധങ്ങൾ സൃഷ്ടിക്കുകയും ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണം നടത്തുകയും ചെയ്യുന്നുണ്ട്. ‘ബാംഗ്ലൂർ മലയാളി റൈഡേഴ്‌സ്’ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് യാത്രകൾ പദ്ധതിയിടുന്നതും അംഗങ്ങളെ അറിയിക്കുന്നതും. ‘പുതിയ കാഴ്ചകൾ കാണാം പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാം’ എന്ന ടാഗ് ലൈനിലാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്.
ട്രാഫിക് ബാധിക്കാതെ എങ്ങനെ ദീർഘദൂര യാത്രകൾ ചെയ്യാമെന്ന് ഇവർ കാണിച്ചുതരികയാണ്. ഇതിനോടകം ഹംപി, മസിനഗുഡി, പുതുച്ചേരി, സക്ലേശ്പുര, ചിക്കമഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര പോയിട്ടുണ്ട്. കൂടാതെ 100 കിലോമീറ്ററിനുള്ളിലുള്ള ഒട്ടേറെ സ്ഥലങ്ങളിലും പോയി. ഐ.ടി. രംഗത്ത് ജോലി ചെയ്യുന്നവരാണ് ഈ കൂട്ടായ്മയിൽ അധികവുമുള്ളത്.
വെറുതേയങ്ങ് യാത്ര ചെയ്യുകയല്ല ഇവരുടെ രീതി. യാത്രയ്ക്കുമുമ്പ് കൃത്യമായ നിർദേശങ്ങൾ നൽകും. ബൈക്കുകൾ തമ്മിൽ രണ്ട് സെഡാൻ കാറിന്റെ അകലം പാലിക്കണമെന്നതാണ് ഒരു നിർദേശം. ഏറ്റവും മുന്നിൽ ബുള്ളറ്റായിരിക്കും ഉണ്ടാവുക. റൈഡേഴ്‌സിനെ സഹായിക്കാനും നിർദേശം നൽകാനും ലീഡ്, സ്വീപ്, കോ-ഓർഡിനേറ്റർ, മാർഷൽ എന്നീ പേരുകളിൽ ഓരോരുത്തരുണ്ടാകും.
യാത്ര ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതും പിറകിലുള്ള റൈഡേഴ്‌സിന് സിഗ്നലുകൾ കൊടുക്കുന്നതും ലീഡാണ്. ഏറ്റവും പിന്നിലായിരിക്കും സ്വീപ് ഉണ്ടാവുക. യാത്രയ്ക്കിടെ ഏതങ്കിലും റൈഡറിന് ബുദ്ധിമുട്ടുണ്ടായി നിർത്തണമെന്നു തോന്നിയാൽ സ്വീപ് അവരുടെ കൂടെ നിൽക്കും. സ്വീപ്പിന്റെ തൊട്ടുമുന്നിലുള്ള സെക്കൻഡ് സ്വീപ്പ് ബാക്കിയുള്ളവരെ നിയന്ത്രിച്ചോളും. ലീഡിന്റെയും സ്വീപ്പിന്റെയും ഇടയിൽ രണ്ട് കോ-ഓർഡിനേറ്റർമാരുണ്ടാകും. പിന്നെയുള്ളത് മാർഷലാണ്. ഇയാൾക്ക് മാത്രമേ ഏതു സമയത്തും മുന്നോട്ടും പിന്നോട്ടും പോകാൻ അനുവാദമുള്ളൂ.
ഏറ്റവും മുന്നിലുള്ളയാൾ കൈകൊണ്ട് സിഗ്നൽ കാണിച്ചാണ് പുറകിലുള്ളവർക്ക് അറിയിപ്പുകൾ നൽകുന്നത്. ബെംഗളൂരുവിൽ മഡിവാള, ഗുരുഗുണ്ടപാളയ എന്നിവിടങ്ങളിൽ നിന്നാണ് സംഘം പുറപ്പെടുന്നത്. യാത്ര ചെയ്യുന്നവരുടെ വാഹനനമ്പർ, മോഡൽ, അടിയന്തരമായി ബന്ധപ്പെടേണ്ട നമ്പർ, ബൈക്കിൽ രണ്ടാളുണ്ടെങ്കിൽ പിറകിലിരിക്കുന്നയാളുടെ വിവരങ്ങൾ, രക്തഗ്രൂപ്പ് തുടങ്ങിയവയെല്ലാം ശേഖരിച്ചുവെക്കും. ഓവർടേക്കിങ് അനുവദിക്കുന്നില്ല. ഹെൽമെറ്റ്, ഗ്ലൗ, ഷൂ, ജീൻസ് എന്നിവ നിർബന്ധമാണ്. മുഖം മറച്ചുള്ള ഹെൽമെറ്റ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. റൈഡിങ് ജാക്കറ്റ് ഉണ്ടെങ്കിൽ നല്ലത്. ചിലപ്പോൾ യാത്രയ്ക്കിടെ പ്രദേശവാസികൾ വഴക്കിടാൻ വരാറുള്ളതിനാൽ വളരെ സംയമനത്തോടെ പെരുമാറണമെന്ന് റൈഡേഴ്‌സിന് നിർദേശം നൽകും.
രണ്ടുവർഷം മുമ്പ് സജീഷ് ഉപാസനയുടെ നേതൃത്വത്തിലാണ് ഇങ്ങനെയൊരു കൂട്ടായ്മ ആരംഭിച്ചത്. ദേവാനന്ദ്, ജിബി പ്രദീപ്, ഹരികൃഷ്ണൻ, എൽദോ, പ്രശാന്ത് എന്നിവരാണ് ‘ബാംഗ്ലൂർ മലയാളി റൈഡേഴ്‌സ്’ അഡ്മിൻസ്. രാജ്‌മോഹൻ, ഷാരോൺ മാത്യു, രാകേഷ് എന്നിവർ ക്രൂമെമ്പർമാരാണ്. ഓൺലൈൻ പ്രൊമോഷനു വേണ്ടി യതി, അരുൺ രാമചന്ദ്രൻ എന്നിവരും പ്രവർത്തിക്കുന്നു.
വേൾഡ് മോട്ടോർ സൈക്കിൾ ദിനത്തോടനുബന്ധിച്ച് ഈ മാസം 23-ന് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ബെംഗളൂരുവിലെ 57 ക്ലബ്ബുകൾ പങ്കെടുക്കുന്ന പരിപാടിയിൽ ബാംഗ്ലൂർ മലയാളി റൈഡേഴ്‌സും പങ്കാളിയാകും. ഇതിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭി
ച്ചിട്ടുണ്ട്.
ഫോൺ: 8848535405, 8892175151. കഴിഞ്ഞ ദിവസം ഓട്ടിസം ബോധവത്കരണത്തിന്റെ ഭാഗമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചിരുന്നു. വിവധ ക്ലബ്ബുകളിൽ നിന്നായി 750 ബൈക്കുകൾ പങ്കെടുത്തിരുന്നു.