ഏതു മേഖലയായാലും എന്തെങ്കിലും വ്യത്യസ്തതയുണ്ടെങ്കിലേ ആളുകളെ ആകർഷിക്കാൻ സാധിക്കൂ. ഈറ്റ് രാജ എന്നറിയപ്പെടുന്ന ആനന്ദ് രാജയുടെ മല്ലേശ്വരത്തെ ജ്യൂസ് കടയിൽ ചെന്നുനോക്കിയാൻ ഇക്കാര്യം ബോധ്യമാകും.
40 വർഷം പഴക്കമുള്ള കട അച്ഛനിൽനിന്ന് കൈമാറിക്കിട്ടിയപ്പോൾ ജ്യൂസ് കുടിക്കാൻ പ്ലാസ്റ്റിക് കപ്പുകളും സ്‌ട്രോയൊന്നുമില്ലാത്തൊരു കടയാണ് നിലവിലുണ്ടായിരുന്നത്. ഇങ്ങനെയൊന്ന് സങ്കൽപ്പിക്കാൻപോലും പ്രയാസമായിരിക്കും. എന്നാൽ കടയിൽ ചെന്നാൽ ഇത് നേരിട്ടുകാണാൻ സാധിക്കും. ജ്യൂസ് പകർന്നുനൽകാൻ കപ്പുകളില്ല, വലിച്ചു കുടിക്കാൻ പ്ലാസ്റ്റിക്ക് സ്‌ട്രോയുമില്ല, മാലിന്യ നിക്ഷേപ പെട്ടിയുമില്ല. ഉള്ളത് കുറേ പഴവർഗങ്ങൾ മാത്രം. അച്ഛനിൽനിന്ന് കട കൈമാറിക്കിട്ടുമ്പോൾ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. പുതിയതായി എന്തെങ്കിലും പരീക്ഷണം നടത്തി ഉപഭോക്താക്കളെ ആകർഷിച്ചാലെ പിടിച്ചുനിൽക്കാനാവൂ എന്ന് ബോധ്യമായതോടെയാണ് ഇങ്ങനെയൊരു പരീക്ഷണത്തിന് ശ്രമിച്ചത്. പൂർണ മാലിന്യരഹിത പഴച്ചാറുകടയാണിത്. പഴങ്ങളുടെ തോടുകളും തൊലിയുമൊക്കെത്തന്നെയാണ് പഴച്ചാറുനിറയ്ക്കുന്ന പാത്രങ്ങൾ.
തണ്ണീർമത്തന്റെ തോടിൽ ഉപഭോക്താക്കൾക്ക് ജ്യൂസ് നൽകിയാണ് ആദ്യം പരീക്ഷിച്ചത്. പിന്നീട് മറ്റു പഴവർഗങ്ങളിലായി. വെളളം ലാഭിക്കുക എന്ന ലക്ഷ്യംകൂടി ഇതിന് പിന്നിലുണ്ട്. ഒരു ഗ്ലാസ് കഴുകാൻ കുറഞ്ഞത് 200 മില്ലീലിറ്റർ വെള്ളംവേണം.
അങ്ങനെ ഓരോ ജ്യൂസ് കടയിലും ദിവസവും വേണ്ടിവരുന്നത് ലിറ്റർ കണക്കിന് വെള്ളമാണെന്ന് അദ്ദേഹം പറയുന്നു.
22 ഇനം പഴവർഗങ്ങളിൽനിന്ന് ജ്യൂസ് ലഭിക്കും. അതത് പഴങ്ങളുടെ പുറംതോടിൽ തന്നെ എല്ലാ ജ്യൂസും കുടിച്ച് പരീക്ഷിക്കാം. പേരക്ക, ആപ്പിൾ, മുസംബി, ഡ്രാഗൺ ഫ്രൂട്ട്, തണ്ണിമത്തൻ, കുക്കുംബർ, നേന്ത്രപ്പഴം, കദളിപ്പഴം തുടങ്ങിയവയെല്ലാം അതേ പഴത്തൊലിയിൽ ലഭിക്കും. ജ്യൂസ് കുടിച്ചു കഴിഞ്ഞാൽ തോടുകൾ കഴിക്കാവുന്ന തരത്തിലാണ് പഴങ്ങൾ മുറിക്കുന്നത്. വെള്ളത്തിന്റെയും പഞ്ചസാരയുടെയും ഉപയോഗം പരമവധി കുറയ്ക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു.
മാലിന്യം കുന്നുകൂടുമെന്ന ആശങ്ക രാജയ്ക്കില്ല. കാരണം അവശേഷിക്കുന്ന പഴത്തോടുകൾ കന്നുകാലികൾക്ക് ഭക്ഷണമാവുകയാണ്. കൂടാതെ മുസംബി പോലുള്ള പഴങ്ങളുടെ അവശിഷ്ടങ്ങളിൽനിന്ന് ബയോ എൻസൈം നിർമിച്ച് പാത്രങ്ങൾ കഴുകുകയും തറതുടക്കുകയും ചെയ്യാം.
ഉപഭോക്താക്കളിൽനിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും രാജ സ്വീകരിക്കാറുണ്ട്. ഇവ സാമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്യും.