മൈസൂരു: ഐതിഹ്യകഥകളിലെ വൃന്ദാവനംപോലെയാണ് മൈസൂരുവിലെ ചില രാജവീഥികൾ. ഗോപാലകന്മാർ ഇല്ലെങ്കിലും പശുക്കൾ പാതകളിലൂടെ സ്വൈരവിഹാരം നടത്തുന്നത് കാണാം. കഥകളിലെ പുൽമേടുകളും സമൃദ്ധമായ ആഹാരവുമൊന്നും ഈ പശുക്കൾക്കില്ല. പകരം, അവ മേയുന്നത് പാതയോരങ്ങളിലെ മാലിന്യങ്ങൾക്കിടയിലാണ്.
ദിവസവും അതിരാവിലെ വീടുകളിൽനിന്ന് വിശപ്പിന്റെ വിളികേട്ട് പാതകളിലേക്കിറങ്ങുകയാണ് ഈ പശുക്കളെന്ന് നഗരവാസികൾ പറയുന്നു. പാതയോരങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ പരതിനടക്കുന്നു.
ഹോട്ടലുകളിലും ചായക്കടകളിലുമൊക്കെ ഇവ നേരെ കയറിച്ചെല്ലുന്നതും സ്ഥിരംകാഴ്ചയാണ്. ചില കടകളിൽനിന്ന് ഭക്ഷണംകൊടുക്കുന്നതും കാണാം. കടലാസിൽ നൽകുന്ന ദോശയും ഇഡ്ഡലിയും മറ്റും രുചിയോടെ തിന്നശേഷം അടുത്ത കടകളിലേക്ക് നടക്കുകയാണ് പതിവ്. ചില കടകളിൽ ഭക്ഷണമുണ്ടാക്കിയതിൽനിന്നുള്ള വെള്ളവും പശുക്കൾക്ക് നൽകും.
പാതയോരങ്ങളിലെ വീടുകളിലേക്കും പശുക്കൾ ഭക്ഷണം തേടിപ്പോവുന്നതുകാണാം. പലവീടുകളിലും തലേന്നത്തെ ഭക്ഷണത്തിൽ ബാക്കിയായവ പശുക്കൾക്ക് എടുത്തുനൽകും. ഓരോ വീടുകളിൽത്തന്നെ സ്ഥിരമായി ഭക്ഷണം തേടിയെത്തുന്ന പശുക്കളുമുണ്ട്. വീടുകളുടെ മുമ്പിലെത്തി അമറി പശുക്കൾ അവരുടെ സാന്നിധ്യമറിയിക്കുകയാണ് പതിവ്. എന്തെങ്കിലും കഴിക്കാൻ കിട്ടിയിട്ടേ അവിടെനിന്ന് മടങ്ങുകയുള്ളൂ. അത് തങ്ങളുടെ അധികാരമാണെന്നാണ് ചില പശുക്കളുടെ മട്ട്.
പശുക്കൾക്ക് സൗമനസ്യപൂർവം ഭക്ഷണം കൊടുക്കുന്ന വീടുകളും കടകളും ഒട്ടേറെയാണ്. ചില കടകളുടെ മുമ്പിലെത്തുമ്പോൾ വടിയോങ്ങിക്കാണിച്ച് മടക്കി അയക്കുന്നവരുമുണ്ട്. പകൽസമയം ഇവരുടെ വിശ്രമവും ഉറക്കവുമെല്ലാം പാതകളിൽത്തന്നെയാണ്.
റോഡിനുനടുവിൽ കയറിക്കിടന്ന് വിശ്രമിക്കുന്ന പശുക്കളെയും പലയിടങ്ങളിലും കാണാം. വൈകുന്നേരംവരെ പാതകളിലൂടെ മേഞ്ഞുനടക്കുന്ന പശുക്കൾ വൈകീട്ട് കൃത്യമായി അവരെ പോറ്റുന്ന വീട്ടിലെത്തും.
പശുക്കൾ പാതകളിലൂടെ അലഞ്ഞുനടക്കുന്നതും വിശ്രമിക്കുന്നതും നഗരത്തിലെ സുഗമമായ ഗതാഗതത്തിന് തലവേദന സൃഷ്ടിക്കാറുമുണ്ട്. പാതകളിലും നടപ്പാതകളിലും ചാണകം വീണ് വൃത്തികേടാകുന്നതും പ്രശ്നമാണ്. പശുക്കൾക്കുപുറമേ ചിലയിടങ്ങളിൽ കുതിരകളും അലഞ്ഞുനടക്കുന്നതുകാണാം. ഇത് ഗതാഗതപ്രശ്നമായതോടെ നഗരസഭ പ്രശ്നത്തിൽ ഇടപെടുകയും പശുക്കളുടെ ഉടമകളിൽനിന്ന് പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പുനൽകുകയും ചെയ്തിരുന്നു. പക്ഷേ, ഇതൊന്നും പശുക്കളുടെ സ്വൈരവിഹാരത്തെ ബാധിച്ചിട്ടില്ല.
എം.ജി. റോഡ്, അഗ്രഹാര, മാനന്തവാടി റോഡ്, റിങ് റോഡ്, നഞ്ജുമാലിഗെ, കെ.ജി. കോപ്പൽ, പദുവരഹള്ളി, വാണി വിലാസ് ഡബിൾ റോഡ്, ദേവരാജ മാർക്കറ്റ് റോഡ്, ധൻവന്ത്രി റോഡ്, കുക്കരഹള്ളി ലേക്ക് റോഡ്, വിവേകാനന്ദനഗർ, ഗായത്രിപുരം എന്നീ പ്രധാന റോഡുകളിൽ പശുക്കളുടെ സാന്നിധ്യം സ്ഥിരമാണ്.