റസ്റ്റോറന്റുകളിൽ റോബോട്ടുകൾ ഭക്ഷണംവിളമ്പുന്നത് ഏവർക്കും കൗതുകമുള്ള കാര്യമായിരുന്നു. എന്നാലിതാ ഭക്ഷണം ഉണ്ടാക്കാനും റോബോട്ടുകൾ അവതരിച്ചിരിക്കുകയാണ്. ഷെഫിനെ ഭക്ഷണമുണ്ടാക്കുന്നതിൽ സഹായിക്കുക എന്നതാണ് ഫുഡ് റോബോട്ടിന്റെ പ്രധാന ജോലി. വിവിധ തരത്തിലുള്ള ദോശകൾ, ചപ്പാത്തി, പൊറോട്ട, നൂഡിൽസ്, ചായ തുടങ്ങിയവയെല്ലാം യന്ത്രങ്ങളുണ്ടാക്കും. ഭക്ഷണത്തിന്റെ രുചി, ഗുണനിലവാരം, വൃത്തി എന്നിവയിൽ മാറ്റമുണ്ടാകില്ല. മനുഷ്യരുണ്ടാക്കുന്നതിനെക്കാൾ വേഗത്തിൽ വിഭവങ്ങൾ പാചകംചെയ്യാനാകുമെന്നതാണ് പ്രത്യേകത.
പാചകവിദഗ്ധർ ഭക്ഷണം ഉണ്ടാക്കുന്നതുപോലെതന്നെ യന്ത്രങ്ങളും ഭക്ഷണം ഉണ്ടാക്കും. ബെംഗളൂരു ആസ്ഥാനമായുള്ള കിച്ചൺ റോബോട്ടിക്സ് കമ്പനിയാണ് ഫുഡ് റോബോട്ടുകളെ അവതരിപ്പിച്ചത്. തിരക്കേറിയ റെസ്‌റ്റോറന്റുകളിലും ഹോട്ടലുകളിലുമെല്ലാമാണ് ഫുഡ് റോബോട്ടിന്റെ പ്രയോജനം കൂടുതൽ ലഭിക്കുക. അതേസമയം, സാങ്കേതികവിദ്യ വളരുന്ന ഈ കാലത്ത് വീടുകളുടെ അടുക്കളകളിലും ഫുഡ് റോബോട്ടുകൾ ഇടംനേടുന്ന കാലം വിദൂരമായിരിക്കില്ല. മനുഷ്യാധ്വാനം കുറയ്ക്കാനാകുമെന്നത് ഫുഡ് റോബോട്ടിന്റെ നേട്ടങ്ങളിലൊന്നാണ്.
കുറഞ്ഞ സമയംകൊണ്ട് കൂടുതൽ വിഭവങ്ങളുണ്ടാക്കാനാണ് മിക്കവരും ആഗ്രഹിക്കുന്നത്. ഇതുപോലെയാണ് ഫുഡ് റോബോട്ടുകളുടെ കാര്യവും. നിശ്ചിതസമയത്തിനുള്ളിൽ മനുഷ്യരെക്കാൾവേഗത്തിൽ കൂടുതൽ വിഭവങ്ങളുണ്ടാക്കാൻ സാധിക്കും. ഒരു മിനിറ്റിനുള്ളിൽ ദോശയും നാലു മിനിറ്റിനുള്ളിൽ ചൈനീസ് ഡിഷും തയ്യാറാക്കാൻ കഴിയും. ഇന്റർനെറ്റിന്റെ സഹായത്തോടെയാണ് ഫുഡ് റോബോട്ടുകൾ പ്രവർത്തിക്കുന്നത്. ഇവയെ ഒരുസ്ഥലത്തിരുന്നുതന്നെ നിയന്ത്രിക്കാൻ സാധിക്കും. കഴിഞ്ഞവർഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബൾഗേറിയ സന്ദർശിച്ച വേളയിൽ ഫുഡ് റോബോട്ട് ഉണ്ടാക്കിയ ദോശകഴിച്ച് ഇഷ്ടപ്പെടുകയും തുടർന്ന് രാഷ്ട്രപതി ഭവനിൽ ഫുഡ് റോബോട്ടുകളെ സ്ഥാപിക്കുകയും ചെയ്തിരുന്നു. ബെംഗളൂരുവിലെ കിച്ചൺ റോബോട്ടിക് കമ്പനിയാണ് രാഷ്ട്രപതി ഭവനിലേക്ക് റോബോട്ടുകളെ നിർമിച്ചുകൊടുത്തതെന്ന് കമ്പനി സ്ഥാപകൻ ഈശ്വർ കെ. വികാസ് പറഞ്ഞു.