അടുത്തിടെ ട്രക്കിങ് നടത്താൻ താത്പര്യപ്പെടുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചുവരികയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുമ്പോൾ ട്രക്കിങ്ങിനുള്ള സാധ്യതയുണ്ടോയെന്നാണ് പലരുടെയും ആദ്യത്തെ ചോദ്യം. കാടും മലയും കാൽനടയായി കീഴടക്കാൻ സഞ്ചാരികളിൽ പ്രിയമേറിവരികയാണ്. നഗരങ്ങളിലെ  തിരക്കുപിടിച്ച ജീവിതരീതിക്കിടെ അല്പം ആശ്വാസംപകരാനും പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള ഇത്തരം യാത്രകൾക്ക് സാധിക്കും. കൊട്ടാരനഗരമായ മൈസൂരുവിന്റെ സമീപപ്രദേശങ്ങളിലായി ട്രക്കിങ്ങിന് പറ്റിയ ഒരുപിടി മികച്ച കേന്ദ്രങ്ങൾ സാഹസികരായ സഞ്ചാരികളെ കാത്തിരിക്കയാണ്.

തടിയന്റമോൾ
കുടകിലെ പ്രസിദ്ധമായ ട്രക്കിങ് കേന്ദ്രമാണ് കർണാടകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ മലയായ തടിയന്റമോൾ. മഴക്കാടുകളാലും ഷോല വനങ്ങളാലും ചുറ്റപ്പെട്ടതാണ് ഇവിടം. സമുദ്രനിരപ്പിൽനിന്ന് 1748 മീറ്റർ ഉയരത്തിൽ മടിക്കേരി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഇവിടത്തേക്ക് നിരവധിപേർ ട്രക്കിങ്ങിന് എത്താറുണ്ട്. മിതമായ ബുദ്ധിമുട്ട് മാത്രമുള്ളതാണ് തടിയന്റമോൾ ട്രക്കിങ്. തുടക്കക്കാർക്കും മികച്ചരീതിയിൽ ആസ്വദിക്കാം. എട്ടുകിലോമീറ്ററാണ് ഒരുവശത്തേക്കുള്ള ദൂരം. 
മലയടിവാരത്തിലെ നളകനാഡു കൊട്ടാരത്തിന് സമീപത്തുനിന്നാണ് ട്രക്കിങ് ആരംഭിക്കുക. ആനശല്യത്തിന് കുപ്രസിദ്ധിയാർജിച്ച പ്രദേശമായതിനാൽ അല്പം കരുതലുണ്ടാവുന്നത് നന്നായിരിക്കും. 20 രൂപയാണ് പ്രവേശനഫീസ്. മലമുകളിൽ താമസം അനുവദിച്ചിട്ടില്ലാത്തതിനാൽ വൈകീട്ട് ആറോടെ താഴെയെത്തണം. കക്കബെയാണ് ഏറ്റവുമടുത്ത ടൗൺ. മൈസൂരുവിൽനിന്ന് 140 കിലോമീറ്ററാണ് തടിയന്റമോളിലേക്കുള്ള ദൂരം.

നിഷാനിമല
ഘോരവനത്തിന്റെ അനുഭവം പൂർണമായും ലഭിക്കുന്നതാണ് നിഷാനി മലയിലേക്കുള്ള ട്രക്കിങ്. കുടകിൽത്തന്നെ തലക്കാവേരി വന്യജീവിസങ്കേതത്തിന്റെ പരിധിയിൽവരുന്ന ട്രക്കിങ് കേന്ദ്രമാണ് ഇവിടം. നിബിഡവനത്തിലൂടെയാണ് ട്രക്കിങ് എന്നതിനാൽ വനംവകുപ്പ് അധികൃതരോ അംഗീകൃത ഗൈഡുമാരോ കൂടെവേണം. വന്യമൃഗസഞ്ചാരമുള്ള പാതകളിലൂടെയാണ് ട്രക്കിങ് കടന്നുപോവുക. ട്രക്കിങ്ങിന് മുൻപായി തലക്കാവേരി വന്യജീവിസങ്കേതത്തിൽനിന്ന് വനംവകുപ്പിന്റെ അനുമതി നേടണം. അതിനാൽ, ഇവിടേക്ക് വരാൻ ആഗ്രഹിക്കുന്നവർ യാത്ര മുൻകൂട്ടി ആസൂത്രണംചെയ്യേണ്ടതുണ്ട്. ബ്രഹ്മഗിരി മലനിരകളിലൂടെ 16 മുതൽ 18 കിലോമീറ്റർ വരെ ദൈർഘ്യമുള്ളതാണ് ഇവിടത്തെ ട്രക്കിങ്. 
ഭാഗമണ്ഡലയിൽനിന്ന് എട്ടുകിലോമീറ്റർ അകലെയുള്ള തലക്കാവേരിയിൽനിന്നാണ് ട്രക്കിങ്ങിന്റെ തുടക്കം. മൈസൂരുവിൽനിന്ന് 163 കിലോമീറ്റർ സഞ്ചരിച്ചാലാണ് ഇവിടെയെത്താൻ സാധിക്കുക. സമുദ്രനിരപ്പിൽനിന്ന് 1249 മീറ്ററാണ് ഉയരം. ജീപ്പുയാത്രയോട് കൂടിയാണ് ട്രക്കിങ് ആരംഭിക്കുക. വനംവകുപ്പിന്റെ ജീപ്പുകൾക്കുമാത്രമേ പ്രവേശനമുള്ളൂ. വനംവകുപ്പിന്റെ വാച്ച്ടവറിനുസമീപം ജീപ്പ് യാത്ര അവസാനിക്കും. പിന്നീട്, കാൽനടയായാണ് യാത്ര. വലിയ ബുദ്ധിമുട്ടുകളില്ലാതെ ട്രക്കിങ് പൂർത്തിയാക്കാം. മലമുകളിലേക്ക് എത്തിച്ചേരുമ്പോൾ അനുഭവപ്പെടുന്ന മഞ്ഞ് സഞ്ചാരികൾക്ക് വ്യത്യസ്തമായൊരു അനുഭവം സമ്മാനിക്കും. നിബിഡവനഭംഗി മികച്ചരീതിയിൽ ആസ്വദിക്കാൻ സാധിക്കുമെന്നതാണ് ഈ ട്രക്കിങ്ങിനെ വേറിട്ടതാക്കുന്നത്.

കുന്തിമല
മൈസൂരുവിൽനിന്ന് താരതമ്യേന അടുത്തുള്ള ട്രക്കിങ് കേന്ദ്രമാണ് മാണ്ഡ്യയിലെ പാണ്ഡവപുരയിലുള്ള കുന്തിമല. പാറകൾ നിറഞ്ഞ രണ്ടുമലകൾ കൂടിച്ചേർന്നതാണ് ഇവിടം. നെല്ല്, കരിമ്പ് എന്നിവയുടെ തോട്ടങ്ങളാണ് ചുറ്റും. സമുദ്രനിരപ്പിൽനിന്ന് 853 മീറ്റർമാത്രം ഉയരത്തിലുള്ള ഇവിടം വളരെ എളുപ്പം കീഴടക്കാൻ സാധിക്കും. ഏഴുകിലോമീറ്ററാണ് ട്രക്കിങ് ദൂരം. രാത്രിയും ട്രക്കിങ് നടത്താൻ സാധിക്കുമെന്നതാണ് ഇവിടത്തെ പ്രത്യേകത. ഇരുണ്ട ആകാശത്ത് നക്ഷത്രങ്ങൾ പ്രകാശിച്ചുനിൽക്കുന്ന വേളയിൽ നടത്തുന്ന ട്രക്കിങ് സഞ്ചാരികൾക്ക് ഹൃദ്യമായ അനുഭവം സമ്മാനിക്കും. റോക്ക് ക്ലൈമ്പിങ് നടത്താനായും നിരവധി സാഹസികർ കുന്തിമലയിലെത്താറുണ്ട്. വനവാസക്കാലത്ത് പാണ്ഡവരും കുന്തിയും ഇവിടെയാണ് താമസിച്ചിരുന്നതെന്നാണ് ഐതിഹ്യം. മൈസൂരുവിൽനിന്ന് 32 കിലോമീറ്റർ സഞ്ചരിച്ചാൽ കുന്തി മലയിലെത്താം.

രാമദേവര മല
മൈസൂരുവിൽനിന്ന് 97 കിലോമീറ്റർ അകലെയായി രാമനഗരയിലുള്ള ട്രക്കിങ് കേന്ദ്രമാണ് രാമദേവര മല. സമുദ്രനിരപ്പിൽനിന്ന് 914 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മലമുകളിലേക്കുള്ള ഈ ട്രക്കിങ് അല്പം പരുക്കൻ സ്വഭാവത്തോടുകൂടിയതാണ്. ആദ്യം പാറകളിൽ തീർത്തിരിക്കുന്ന 400 പടികൾ കയറിയാൽ ഒരു ക്ഷേത്രത്തിന്റെ മുൻപിലെത്തും. ഇവിടന്ന് ഇടത്തോട്ടുതിരിഞ്ഞ് വീണ്ടും മുന്നോട്ടുപോയാലാണ് മലമുകളിലെത്തുക. വലിയ ബുദ്ധിമുട്ടില്ലാതെ പൂർത്തിയാക്കാൻ സാധിക്കുന്നതാണ് ഈ ട്രക്കിങ്. രാത്രി ക്യാമ്പിങ്, റോക്ക് ക്ലൈമ്പിങ് എന്നിവയ്ക്കുള്ള അവസരങ്ങളും ഇവിടെയുണ്ട്. പ്രമുഖ ബോളിബുഡ് സിനിമയായ ‘ഷോലെ’ ചിത്രീകരിച്ചതും ഈ മലകളിൽവെച്ചാണ്. രാമനഗരയിൽനിന്ന് 10 മിനിറ്റ്‌  വാഹനയാത്രയ്ക്കുശേഷം ഇവിടെ എത്തിച്ചേരാം.

കോട്ടെമല
കുടകിലെ സോമവാരപ്പേട്ട് താലൂക്കിലുള്ള ട്രക്കിങ് കേന്ദ്രമാണ് കോട്ടെമല. കാപ്പിത്തോട്ടങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇവിടം പക്ഷിനിരീക്ഷകരുടെ ഇഷ്ടകേന്ദ്രംകൂടിയാണ്. സമുദ്രനിരപ്പിൽനിന്ന് 1645 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇവിടെനിന്ന് സോമവാരപ്പേട്ടിന്റെയും ഹാരംഗി അണക്കെട്ടിന്റെയും മനോഹരമായ കാഴ്ച ആസ്വദിക്കാൻ സാധിക്കും. 
ട്രക്കിങ് പാതയിലൂടെ ആനകളുടെ സഞ്ചാരം പതിവാണ്. അതിനാൽ, അല്പം കരുതൽ ഉണ്ടായിരിക്കണം. 15 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ട്രക്കിങ്. സഞ്ചാരികൾക്ക് വഴിതെറ്റാൻ സാധ്യതയുള്ളതിനാൽ ഗൈഡിന്റെ സേവനം തേടുന്നത് നന്നായിരിക്കും. മടിക്കേരിയിൽനിന്ന് 32 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

************************

പൃഥ്വിരാജിന്റെ 
‘കാളിയൻ’


പതിനേഴാം നൂറ്റാണ്ടിലെ വേണാടിന്റെ ചരിത്രത്തിലെ സംഭവബഹുലവും ധീരോദാത്തവുമായ ഒരു പോരാട്ടത്തിന്റെ ഉജ്ജ്വല മുഹൂർത്തങ്ങൾ ദൃശ്യവത്‌കരിക്കുന്ന ചിത്രമാണ് ‘കാളിയൻ’.  
കാളിയനായി പൃഥ്വിരാജ്‌ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ എസ്. മഹേഷ് സംവിധാനം ചെയ്യുന്നു. കാളിയന്റെ ആദ്യ പോസ്റ്റർ എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽവെച്ച് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. 
സൂപ്പർഹിറ്റ് ചിത്രങ്ങളായ ‘ഓർഡിനറി’, ‘അനാർക്കലി’ എന്നിവയ്ക്കുശേഷം മാജിക് മൂൺ പ്രൊഡക്ഷൻസിനുവേണ്ടി രാജീവ് നായർ നിർമിക്കുന്ന ചിത്രമാണിത്. എല്ലാ ഭാഷകളിലെ പ്രശസ്ത താരങ്ങളും ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിൽ തെന്നിന്ത്യയിലെ പ്രശസ്തതാരം സത്യരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബി.ടി. അനിൽ കുമാർ രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത് വാസുദേവ് നിർവഹിക്കുന്നു.
തെക്കൻപാട്ടിൽനിന്ന് പ്രചോദനമുൾക്കൊണ്ട് കാളിയന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ഹോളിവുഡിലെയും ബോളിവുഡിലെയും പ്രഗല്‌ഭരായ സാങ്കേതിക പ്രവർത്തകർ സഹകരിക്കുന്നു. ഇന്ത്യൻ സിനിമയിലെ വിഖ്യാത സംഗീതത്രയങ്ങളായ ശങ്കർ എഹ്‌സാൻ- ലോയ് ആദ്യമായി മലയാളത്തിൽ കാളിയനിൽ സംഗീതസംവിധായകനാകുന്നു. ദംഗൽ തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച് ദേശീയപുരസ്കാരം നേടിയ ഷജിത് കോയേരി ശബ്ദസംവിധാനം നിർവഹിക്കും.
വേണാട്ടരചൻ വീരരവിവർമയുടെ വലിയ പടത്തലവനായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെ ആത്മമിത്രമാണ് ‘കാളിയൻ’. ഇരവിക്കുട്ടിപ്പിള്ളയുടെ പ്രോജ്ജ്വലപ്രഭാവങ്ങളിൽ പുരാവൃത്തത്തിന്റെ പിന്നാമ്പുറങ്ങളിലേക്കുപോയ കാളിയനെന്ന കുഞ്ചിറക്കോട്ട് കാളിയെ വീണ്ടെടുത്ത് പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ് ഈ സിനിമ.വേണാടിന്റെ അഭിമാനം കാക്കാൻ ധീരമായി പോരാടിയ കുഞ്ചിറക്കോട് കാളി വീരവും വിപദിധൈര്യവുംകൊണ്ടാണ് കാളിയൻ എന്ന വിളിപ്പേര് നേടിയത്. മധുര സാമ്രാജ്യാധിപൻ വീരതിരുമലനായക്കന്റെപോലും ആദരവിനർഹനായ കാളിയനെ ആ കാലഘട്ട പശ്ചാത്തലത്തിൽ തനിമയോടെ അവതരിപ്പിക്കുകയാണ്.
കഥാപാത്രങ്ങളുടെ രൂപത്തിനും സ്വഭാവത്തിനും ഇണങ്ങുന്ന പുതുമുഖങ്ങളെ സ്‌ക്രീനിങ്ങിലൂടെ കണ്ടെത്തുവാനാണ് സംവിധായകന്റെ ലക്ഷ്യം. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഏകദേശം ഒരുവർഷത്തെ ശ്രമകരമായ ജോലിയുണ്ടെന്ന് സംവിധായകൻ എസ്. മഹേഷ് പറഞ്ഞു.

*********************
കറുപ്പിന്റെ ആഘോഷമായി 
‘കാല’​


വിദ്യ പാർവതി

കാലയെന്നാൽ കറുപ്പ്. കാലൻ, കരികാലൻ, ശണ്ടപോട്ട് കാക്കുവോൻ- സ്റ്റൈൽമന്നന്റെ പഞ്ച്ഡയലോഗുമായി പുതിയ ചിത്രം കാലയുടെ ട്രെയിലർ യൂട്യൂബിൽ റിലീസ് ചെയ്തു. കറുപ്പിന്റെ ആഘോഷമായെത്തിയ ടീസറിന് സോഷ്യൽമീഡിയയിൽ വൻ വരവേൽപ്പാണ് ലഭിക്കുന്നത്.
സിനിമയുടെ ആദ്യപോസ്റ്റർ പുറത്തിറങ്ങിയ നാൾ മുതൽ ലോകമെമ്പാടുമുള്ള രജനി ആരാധകർ ചിത്രത്തിനായി കാത്തിരിപ്പുതുടങ്ങിയിരുന്നു. തലൈവർ ഫാൻസിന്റെ ആവേശം ഇരട്ടിയാക്കുന്ന പൊടിക്കൈകൾ ചേർത്തുവച്ചാണ് ആദ്യ ട്രെയിലർ എത്തിയത്. കബാലിക്കുശേഷം പാ.രഞ്ജിത്തും രജനിയും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് കാല. രജനിവീണ്ടും അധോലോക നായകന്റെ കുപ്പായമണിയുന്ന ചിത്രംകൂടിയാണിത്. ബോളിവുഡ് താരം ഹുമ ഖുറേഷിയാണ്‌ നായിക. നാന പടേക്കർ, പങ്കജ് ത്രിപാഠി, സമുദ്രക്കനി, ജാക്കി ഷ്റോഫ്, സുകന്യ തുടങ്ങിയവർ സിനിമയിൽ പ്രധാനവേഷത്തിലുണ്ട്. തമിഴ്, ഹിന്ദി, തെലുഗു ഭാഷകളിലായിട്ടാണ് കാലയുടെ ടീസർ പുറത്തിറങ്ങിയത്.
രജനിയുടെ രാഷ്ട്രീയം  ദൃശ്യങ്ങളിലും ഡയലോഗുകളിലൂടെയും വന്നുപോകുന്നുണ്ട്. നെരുപ്പ്ഡാ എന്ന ഗാനമൊരുക്കിയസന്തോഷ് നാരായണന്റെതാണ് സംഗീതം. മുബൈ പശ്ചാത്തലത്തിൽ ചേരികളിലെ ജീവിതം മുൻനിർത്തി വികസിക്കുന്ന കഥയിൽ  കാലസേട്ട് എന്ന കരുത്തനായ നായകനായാണ് സ്റ്റൈൽ മന്നൻ എത്തുന്നത്.  
മുംബൈയിൽ ജീവിക്കുന്ന തമിഴ്നാട്ടുകാരുടെ കഥപറയന്ന ചിത്രമായതിനാലാണ് കരികാലൻ എന്ന പേര് തിരഞ്ഞെടുത്തതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. 
തമിഴ് വംശകരിൽ  ചിലർ കരികാലനെ ദൈവത്തിന്റെ പ്രതിപുരുഷനായും കാണുന്നുണ്ട്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ നടൻ ധനുഷാണ് കാലയുടെ നിർമാതാവ്. ഹാജി മസ്താന്റെ ജീവിതമാണ് കാലയുടെ പ്രമേയമെന്ന വാദങ്ങൾ സിനിമയുടെ പ്രഖ്യാപനവേളയിൽ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ അവയെല്ലാം നിഷേധിച്ചുകൊണ്ട് അണിയറപ്രവർത്തകർ ചിത്രീകരണവുമായി മുന്നോട്ടുപോകുകയായിരുന്നു. രജനിയുടെ രാഷ്ട്രീയപ്രവേശം തമിഴകത്ത് സജീവ ചർച്ചയായിരിക്കേ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ പ്രാധാന്യം പതിവിലുമേറെയാണ്.