രമിൻ രവീന്ദ്രൻ
കിദുവായ് ആസ്പത്രിയിൽ ഇരിക്കുകയായിരുന്നു അവർ. അവശയായ, പ്രായംചെന്ന ഒരു സ്ത്രീ. രാവിലെമുതൽ വൈകുന്നേരംവരെ അവർ ഒരേയിരിപ്പിരുന്നപ്പോൾ ആളുകൾ അന്വേഷിച്ചു തുടങ്ങി. ‘എന്താണിവിടെ ഒറ്റയ്ക്ക്?’ മകൻ ഒന്നിച്ചുണ്ടായിരുന്നു. ഇപ്പോൾ കാണുന്നില്ല എന്നു മറുപടി. പിന്നെയും ആളുകൾ കുറച്ചുനേരംകൂടി കാത്തിരിന്നു. ഇല്ല, ആരും വരാനില്ല. വിളിച്ചറിയിക്കാൻ പിന്നെ ഒറ്റ നമ്പറേയുള്ളു. കൃപാലയയുടേത്. 
തുടർന്ന്  കൈൻഡ് ഹാർട്ട് പ്രവർത്തകർ എത്തി ഉപേക്ഷിക്കപ്പെട്ട ആ സ്ത്രീയെ എസ്.ജി. പാളയയിലെ കൃപാലയയിൽ എത്തിച്ചു. ഏഴുമാസത്തെ പരിചരണത്തിനൊടുവിൽ കൃപാലയയിൽനിന്ന് സുഖംപ്രാപിച്ച സ്ത്രീയെ പിന്നീട് കൊച്ചുമക്കളെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ജീവിതത്തിൽ ഒരിക്കലും മറക്കാൻകഴിയാത്ത അനുഭവമായിരുന്നു അതെന്ന് കൃപാലയയുടെ ജീവശ്വാസമായ സിസ്റ്റർ ആൻ പറയുന്നു. 
തെരുവിൽ ആരോരുമില്ലാതെ അലയുന്നവരുടെയും ഉപേക്ഷിക്കപ്പെട്ട രോഗികളുടെയും അഭയകേന്ദ്രമാണ് എസ്.ജി. പാളയ കൃപാലയ ചാരിറ്റബിൾ ട്രസ്റ്റ്. സെയ്‌ന്റ് തോമസ് ഫൊേറാനാ ചർച്ചിന്റെകീഴിൽ 2005-ലാണ് കൃപാലയ സ്ഥാപിച്ചത്. ഇപ്പോൾ ഇവിടത്തെ കാര്യങ്ങൾ നോക്കിനടത്തുന്നതും  14-ഓളം അന്തേവാസികളെ ശുശ്രൂഷിക്കുന്നതും മൂന്നുപേരാണ് സിസ്റ്റർ ആനിനെ കൂടാതെ സിസ്റ്റർ ആൻസിയും സിസ്റ്റർ അൽഫോൺസും. വികാരി ഫാ. സിറിയക് മഠത്തിൽ എല്ലാസഹായ സഹകരണവുമായി ഒപ്പമുണ്ട്. കൈൻഡ് ഹാർട്ട് സന്നദ്ധസംഘടനയുടെ പ്രവർത്തകരും വിശ്വസികളും നൽകുന്ന പിന്തുണയും ഒട്ടും ചെറുതല്ല.
വാർധക്യവും രോഗവും ബാധിക്കുന്നതോടെ വീട്ടുകാർ ഉപേക്ഷിക്കുന്നവരാണ് ഇവിടെയെത്തുന്നവർ. വേദനയും വിശപ്പും സഹിച്ച് തെരുവിൽ അലയാൻ വിധിക്കപ്പെട്ടവർ. മാനസികവെല്ലുവിളി നേരിടുന്നവർ പോലും ഇക്കൂട്ടത്തിലുണ്ട്. വിവിധഭാഷ സംസാരിക്കുന്ന ഇവരിൽ നാലോളം മലയാളികളുമുണ്ട്. വീട് എവിടെയെന്നുചേദിച്ചാൽ ഉത്തരം പറയാൻ പോലും ഇവർക്കറിയില്ല. എങ്കിലും കൃപാലയത്തിൽ എത്തുമ്പോൾ ആരും സങ്കടപ്പെടാറില്ല. ആരുമില്ലെന്ന തോന്നലിനെ അകറ്റിനിർത്താൻ ഇവിടത്തെ കൂട്ടായ്മ നൽകുന്നപിന്തുണയിൽ ഇവരുടെ  മുഖത്ത് പതിയെ സന്തോഷം വിടരും. 
സ്വമേധയാ ഭക്ഷണം കഴിക്കാൻ  കഴിയാത്തവർക്ക് ഭക്ഷണം വാരിക്കൊടുക്കുന്നതും കന്യാസ്ത്രീകളാണ്. ടി. വി. കാണാനും വിനോദങ്ങളിൽ പെങ്കടുക്കാനും ഇവിടെ സൗകര്യമുണ്ട്.  വൃത്തിയുള്ള കിടക്കകളും ശുചിമുറികളും. അതിലേറെ പ്രാർഥനാ നിർഭരമായ അന്തരീക്ഷവും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം താമസസ്ഥലമാണ് ഒരുക്കിയിരിക്കുന്നത്. 40 പേർക്ക് താമസിക്കാം. തെരുവിൽ കണ്ടെത്തുന്നവരെ ഇവിടെയെത്തിക്കുന്നത് വിശ്വസികളും കൈൻഡ് ഹാർട്ട് സന്നദ്ധസംഘടനയുമാണ്. എഴുന്നേൽക്കാൻപോലും വയ്യാത്തവരെ ആദ്യം സെയ്‌ന്റ് ജോൺസ് ആസ്പത്രിയിൽ പ്രവേശിപ്പിക്കും. ചികിത്സയ്ക്കുശേഷമാണ് കൃപാലയത്തിൽ എത്തിക്കുക. സുമനസുകളുടെയും വിശ്വാസികളുടെയും സംഭാവനയിലൂടെയാണ് പ്രവർത്തനച്ചെലവ് കണ്ടെത്തുന്നത്.
കാണാതായ അച്ഛനമ്മമാരെത്തേടി ഒട്ടേറെപ്പേർ ഇവിടെയെത്താറുണ്ടെങ്കിലും ആരെയും ഇതുവരെ ഇവിടെനിന്ന്‌ ബന്ധുക്കൾ കൂട്ടിക്കൊണ്ടുപോയിട്ടില്ല. അന്വേഷിച്ചെത്തിയവർ ഇവിടെയില്ലെന്നുകണ്ട് തിരിച്ചുപോകാറാണ് പതിവ്. അന്തേവാസികളുടെ വിലാസം തപ്പിയെടുത്ത് വീട്ടിലെത്തിക്കാൻ ഇതുവരെയും ശ്രമിച്ചിട്ടില്ല. വീട്ടിൽനിന്ന്‌ പുറത്താക്കപ്പെടുന്നവരെ വീണ്ടും അപമാനിക്കാൻ താത്‌പര്യമില്ല എന്നതുകൊണ്ടുതന്നെയാണിത്. അന്തേവാസികളെ  ബന്ധുക്കൾ തേടിയെത്തിയാൽ പൂർണമനേസ്സാടെ വിട്ടുകൊടുക്കാൻ തയ്യാറാണ്.  ഇനിയൊരിക്കലും തെരുവിലേക്ക് ഇറക്കിവിടില്ലെന്ന ഉറപ്പുമാത്രം മതി. പരിചരിക്കുന്ന ഓരോ ആളിലും ക്രിസ്തുവിനെ ദർശിക്കാർ കഴിയുന്നുവെന്ന് സിസ്റ്റർ ആനിന്റെ അനുഭവസാക്ഷ്യം. അതുകൊണ്ടുതന്നെയാണ്  കൃപാലയം മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാകുന്നതും. 

**************************
ഗായകൻ ഇനി
നായകൻ


പി. പ്രജിത്ത്‌
 

പാട്ടിനൊപ്പം അഭിനയത്തിലേക്കും ചുവടുവയ്ക്കുകയാണ് വിജയ് യേശുദാസ്. ‘മാരി’യെന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കെത്തിയ വിജയ് നായകനാകുന്ന ആദ്യചിത്രമാണ് ‘പടൈവീരൻ’. പാട്ടും നൃത്തവും സംഘട്ടനവും വൈകാരികരംഗങ്ങളുമെല്ലാം ചേർന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മുനീശ്വരന്റെ വേഷത്തിലാണ് ഗായകന്റെ നായക അരങ്ങേറ്റം. ചിത്രത്തിനുവേണ്ടി നടൻ ധനുഷ് പാടിയ പാട്ടും ചിത്രീകരണരംഗങ്ങൾ ചേർത്തുവെച്ചൊരുക്കിയ മേക്കിങ് വീഡിയോയും യുട്യൂബിൽ തരംഗമായിക്കഴിഞ്ഞു. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് വിജയ് യേശുദാസ് സംസാരിക്കുന്നു.

പാട്ടിൽനിന്ന്‌ അഭിനയത്തിലേക്ക് - എന്താണ് അങ്ങനെയൊരു തീരുമാനം
പാട്ടിനൊപ്പമാണ് വളർന്നത്, അഭിനയം ഉള്ളിലൊരു മോഹമായി ഉണ്ടായിരുന്നു. സുഹൃത്തുക്കളെല്ലാം ചേർന്നാണ് അതിനെ ഉയർത്തിക്കൊണ്ടുവന്നത്. ധനുഷിനൊപ്പം അഭിനയിച്ച ആദ്യചിത്രം മാരിക്ക് വലിയ സ്വീകാര്യതയാണ്‌ കിട്ടിയത്, സത്യത്തിൽ അതുണ്ടാക്കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. നല്ല വേഷങ്ങൾ ലഭിച്ചാൽ ഒരുകൈ നോക്കുകതന്നെചെയ്യാമെന്ന്‌ തീരുമാനിച്ചു. പടൈവീരന്റെ സംവിധായകൻ ധനശേഖരൻ കഥപറയുമ്പോഴും ചിത്രത്തിൽ നായകവേഷമാണ് ചെയ്യേണ്ടതെന്നറിയില്ലായിരുന്നു. മണിരത്നത്തിന്റെ സിനിമകളിലെ സഹസംവിധായകനായ ധനശേഖറിനെ കടൽ, ഓകെ കൺമണി എന്നീ ചിത്രങ്ങളുടെയെല്ലാം റെക്കോഡിങ് വേളയിൽ പരിചയപ്പെട്ടിരുന്നു. നായകനായി പരിചയസമ്പന്നരായ നടന്മാർ പോരെയെന്നാണ് ഞാൻ ആദ്യം ചോദിച്ചത്, എന്നാൽ ധനയ്ക്ക് തന്റെ ആദ്യസിനിമയെക്കുറിച്ച് കൃത്യമായ ധാരണകളുണ്ടായിരുന്നു.

നായകനാകാനുള്ള മുന്നൊരുക്കങ്ങൾ എന്തെല്ലാമായിരുന്നു.
മാരിയിലെ പോലീസ്‌വേഷത്തെക്കാൾ വെല്ലുവിളികളുയർത്തിയ കഥാപാത്രമായിരുന്നു പടൈവീരനിലെത്. സ്വന്തം മാനറിസങ്ങൾക്കെല്ലാം പുറത്തുള്ള കഥാപാത്രം, ഒരു ഗ്രാമീണപശ്ചാത്തലത്തിലാണ് കഥ സഞ്ചരിക്കുന്നത്. അഭിനയപരിശീലനത്തിനായി ആക്റ്റിങ് കോഴ്‌സുകളിൽ പങ്കെടുത്തു, വിജി മാസ്റ്ററാണ് നൃത്തം പഠിപ്പിച്ചത്. നാട്ടുകഥയായതിനാൽ സംഘട്ടനരംഗങ്ങളെല്ലാം തനി നാടൻശൈലിയിൽ വേണമായിരുന്നു. മുണ്ട് മാടിക്കുത്തിയുള്ള ഓട്ടവും നടത്തവും ഗ്രാമീണരുടെ മൊഴിവഴക്കങ്ങൾ പ്രകടമാകുന്ന സംഭാഷണങ്ങളുമെല്ലാം ചിത്രത്തിനുവേണ്ടി പഠിച്ചെടുത്തു. തേനിയിലും പരിസരപ്രദേശങ്ങളുമെല്ലാമായാണ് സിനിമ ചിത്രീകരിച്ചത്. 

ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ 
- പ്രതികരണങ്ങൾ 

വലിയ പ്രതീക്ഷയോടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഉൾഗ്രാമങ്ങളിലെ ജീവിതം പറയുന്ന കഥകൾക്ക് തമിഴകത്ത്‌ എക്കാലത്തും സ്വീകാര്യത ലഭിക്കാറുണ്ട്. സിനിമയുടെ പ്രിവ്യൂ ഷോ കണ്ട സുഹൃത്തുക്കളും സിനിമാപ്രവർത്തകരുമെല്ലാം ചിത്രത്തെക്കുറിച്ച് നല്ല പ്രതികരണങ്ങളാണ് നൽകുന്നത്. ഭാരതിസാറിന്റെ വേഷമാണ് ചിത്രത്തിലെ വലിയ ഹൈലൈറ്റുകളിലൊന്ന്. നായകൻ വില്ലൻ എന്നൊരു ചേരുവയിൽ പോകുന്ന കഥയല്ല പടൈവീരന്റെത്. നെഗറ്റീവ് ഷേഡുകൾ ഒട്ടുമിക്ക കഥാപാത്രങ്ങളിലും കാണാം. ഗ്രാമത്തിൽ മുനിയെന്ന്‌ വിളിക്കുന്ന മുനീശ്വരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു ഉത്സവകാലംമുതൽ മറ്റൊരു ഉത്സവകാലംവരെ നീളുന്ന നാട്ടുകാഴ്ചകളിലൂടെയാണ്‌ ചിത്രം വികസിക്കുന്നത്.

ചിത്രത്തിലെ പാട്ടുകളെക്കുറിച്ച്
കാർത്തിക് രാജയാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. ധനുഷ് പാടിയ പാട്ട് ചിത്രത്തിന് വലിയ പബ്ലിസിറ്റി നൽകിയിട്ടുണ്ട്. സിനിമയുടെ സ്പെഷ്യൽ ഷോ കണ്ട ധനുഷ് ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചു, രാത്രിയിലെ ഒരു മദ്യപാനരംഗത്തിൽ ഒരു പാട്ട് വന്നാൽ നന്നാകുമെന്നത് ധനുഷിന്റെ അഭിപ്രായമായിരുന്നു. ചിത്രീകരണമെല്ലാം കഴിഞ്ഞിരുന്നെങ്കിലും ധനുഷിന്റെ നിർദേശം ചിത്രത്തിന് ഗുണംചെയ്യുമെന്ന കണക്കുകൂട്ടലിൽ ചെന്നൈയിൽ സെറ്റിട്ട് വീണ്ടും മൂന്നുദിവസമെടുത്ത് ഗാനം ചിത്രീകരിക്കുകയായിരുന്നു. രാത്രിയിലെ ആഘോഷപ്പാട്ട്‌ പാടാൻ ധനുഷ്തന്നെ താത്‌പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഏഴുപാട്ടുകളാണ് ചിത്രത്തിലുള്ളത്. യുവൻ ശങ്കർ രാജയും ചിന്മയിയും പടൈവീരനുവേണ്ടി പാടിയിട്ടുണ്ട് .

****************************

കടുവകൾ കാവൽനിൽക്കും ഹിമവദ് ഗോപാലസ്വാമി മല
എം.എസ്‌. ശരത്‌നാഥ്‌

കർണാടകയിൽ ഏറ്റവുമധികം കടുവകൾ വിഹരിക്കുന്ന ബന്ദിപ്പുർ ദേശീയോദ്യാനം. അതിന്റെ കോർ സോണിൽ സമുദ്രനിരപ്പിൽനിന്ന് 1450 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു, ഹിമവദ് ഗോപാലസ്വാമിമലയിലെ ഗോപാലസ്വാമി ക്ഷേത്രം. വനത്തെയും വന്യതയെയും പ്രണയിക്കുന്നവരെ ആവേശം കൊള്ളിക്കുന്ന ഇടം. ആനയും കടുവയും പുലിയുമെല്ലാം യഥേഷ്ടം സഞ്ചരിക്കുന്ന കാനനപാതയിലൂടെ യാത്രചെയ്താലാണ് മലമുകളിൽ എത്താൻ സാധിക്കുക. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കൂടിയാണിവിടം.
ഗുണ്ടൽപേട്ട് ടൗണിൽനിന്ന് ഊട്ടി റോഡിലൂടെ ഏഴു കിലോമീറ്ററോളം സഞ്ചരിച്ചാൽ വലതുഭാഗത്തായി ഗോപാലസ്വാമി മലയിലേക്ക് തിരിയുന്ന റോഡ് കാണാം. തുടർന്ന് അതുവഴി ഏതാനും കിലോമീറ്ററുകൾ മുന്നോട്ടുപോയാൽ വനംവകുപ്പിന്റെ ചെക്‌പോസ്റ്റിന് മുമ്പിലെത്തും. ഇവിടം തൊട്ട് വനമേഖല ആരംഭിക്കുകയാണ്. വിശാലമായി പരന്നുകിടക്കുന്ന മലകളുടെ ദൃശ്യം താഴെനിന്നുതന്നെ കാണാൻ സാധിക്കും. അതിൽ ഏറ്റവും ഉയരം കൂടിയതാണ് ഗോപാലസ്വാമി മല.
സാഹസികർക്ക് ചെറിയ വിഷമം സൃഷ്ടിക്കുന്നതാണ് മലമുകളിലേക്ക് കാൽനടയായോ സ്വന്തം വാഹനങ്ങളിലോ പോവാൻ സാധിക്കില്ലെന്നത്. മലമുകളിലേക്കുള്ള കാനനപാതയിൽ വന്യമൃഗങ്ങളുടെ സഞ്ചാരം കൂടിയതോടെ മൂന്നുവർഷം മുൻപ് വനംവകുപ്പ് സ്വകാര്യവാഹനങ്ങൾക്ക് പ്രവേശനം നിഷേധിച്ചു. പകരം സന്ദർശകരെ എത്തിക്കാൻ കർണാടക ആർ.ടി.സി. ബസ് സർവീസ് ഏർപ്പെടുത്തി. രാവിലെ എട്ടരയ്ക്ക്‌ ബസ് സർവീസ് ആരംഭിക്കും. മലമുകളിൽനിന്ന് അവസാനത്തെ ബസ് വൈകീട്ട് അഞ്ചിനാണ്. അതിനാൽ, വൈകീട്ട് നാലിനുള്ള ട്രിപ്പോടുകൂടി താഴെനിന്നുള്ള സർവീസ് അവസാനിപ്പിക്കും. ബന്ദിപ്പുരിന്റെ വന്യതയിലൂടെ താഴ്‌വാരത്തിന്റെ മനോഹാരിത ആസ്വദിച്ചുകൊണ്ട് ചുരം റോഡ് വഴിയുള്ള 12 മിനിറ്റ്‌ നേരത്തേ ഹ്രസ്വയാത്രയ്ക്കൊടുവിൽ സന്ദർശകർക്ക് മുകളിലെത്താം. ഒരു വശത്തേക്ക് 20 രൂപയാണ് ടിക്കറ്റ് നിരക്ക്. സന്ദർശകർക്കായി ബസ് അരമണിക്കൂർ കാത്തുനിൽക്കും. 
ബസ് ചെന്നുനിൽക്കുന്നത് ക്ഷേത്രത്തിന്റെ മുൻപിലാണ്. 1315-ൽ നിർമിക്കപ്പെട്ട, മൈസൂരുവിലെ വോഡയാർ രാജവംശം പരിപാലനം നടത്തിവന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം സന്ദർശകരുടെ ചിന്തകളെ അല്പനേരത്തേക്ക് ചരിത്രത്തിന്റെ ഏടുകളിലേക്ക് കൂട്ടിക്കൊണ്ടുപോവും. നിർത്താതെ വീശിക്കൊണ്ടിരിക്കുന്ന തണുത്ത കാറ്റാണ് ക്ഷേത്രത്തിന്റെ ചുറ്റുമുള്ള കരിങ്കൽ പാകിയ നടപ്പാതയിലേക്ക് പ്രവേശിച്ചാൽ സ്വാഗതം ചെയ്യുക. മലയുടെ ഒത്തമുകളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രവും നടപ്പാതയും കഴിഞ്ഞാൽ മലഞ്ചെരിവാണ് പിന്നീട്. അതിനാൽ, പ്രവേശനം വിലക്കിക്കൊണ്ടുള്ള സൂചകങ്ങളും കാണാം. 
ക്ഷേത്രപരിസരത്തേക്ക് മലഞ്ചെരിവിലൂടെ ആനയും മറ്റു മൃഗങ്ങളും കയറിവന്ന കാൽപ്പാടുകൾ കാണാൻ സാധിക്കും. 2017 ഡിസംബറിലാണ് ഒരു കാട്ടാന തുടർച്ചയായി ക്ഷേത്രത്തിൽ എത്തിയിരുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. വനംവകുപ്പിന് പരിഭ്രാന്തി ഉണ്ടാക്കിയ ഇക്കാര്യം പക്ഷേ, സന്ദർശകർക്ക് വേറിട്ടൊരു അനുഭവമായിരുന്നു. കൃഷ്ണനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. പൂജകൾ രാവിലെ ആരംഭിക്കും.
ക്ഷേത്രത്തിന് താഴെയായി വനംവകുപ്പിന്റെ അതിഥിമന്ദിരമുണ്ടെങ്കിലും പൊതുജനങ്ങൾക്ക് താമസത്തിനായി വിട്ടുനൽകാറില്ല. കൂടാതെ ചെറിയൊരു തടാകവും ക്ഷേത്രത്തിന് സമീപത്തെ മലഞ്ചെരിവിലുണ്ട്. ഭാഗ്യമുണ്ടെങ്കിൽ വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളെ കാണാം. വൈകീട്ട് അഞ്ചിനുശേഷം പ്രദേശത്ത് വന്യജീവികളുടെ ശക്തമായ വിഹാരത്തിന് തുടക്കമാവും. അതിനാൽ, സന്ദർശകർ എല്ലാം തിരിച്ചുപോയെന്ന് ഉറപ്പുവരുത്താൻ വനംവകുപ്പ് ജീവനക്കാർ ജാഗരൂകരായി ഇവിടെയുണ്ട്. സാഹസികതയോട് അഗാധമായ പ്രതിപത്തിയുള്ളവർക്ക് മലമുകളിൽ തുടരാൻ തോന്നുമെങ്കിലും ജീവനക്കാരെ കബളിപ്പിക്കാൻ സാധിക്കില്ല. അതിനാൽ, തിരിച്ചിറങ്ങുക മാത്രമേ നിർവാഹമുള്ളൂ. 
ബന്ദിപ്പുർ വനത്തിൽ സഫാരിയ്ക്കെത്തുന്ന മിക്ക സന്ദർശകരും ഗോപാലസ്വാമി മലയിൽ എത്താറുണ്ട്. ആഴ്ചയവസാനങ്ങളിലും അവധിദിവസങ്ങളിലും കനത്ത സന്ദർശകത്തിരക്കായിരിക്കും. സൗജന്യവാഹനപാർക്കിങ്ങിനായി വനംവകുപ്പ് ചെക്ക്‌പോസ്റ്റിന് സമീപം പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ട്. വനത്തോടും അതിലെ അന്തേവാസികളായ മൃഗങ്ങളോടും താത്പര്യമുള്ളവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണിത്. സഫാരി, ട്രക്കിങ് പോലുള്ള പരിപാടികൾ ഒന്നുമില്ലെങ്കിലും ഏതുനിമിഷവും കടുവയോ പുലിയോ തന്റെ മുൻപിൽ പ്രത്യക്ഷപ്പെടുമെന്ന തോന്നൽ മുറുകെപ്പിടിക്കാൻ സാധിച്ചാൽ ഇവിടേക്കുള്ള യാത്ര ആവേശകരമായിരിക്കും. കൂടാതെ ദേശീയ പ്രസിദ്ധിയാർജിച്ച ബന്ദിപ്പൂരെന്ന കടുവ സംരക്ഷണകേന്ദ്രത്തിന്റെ വിരിമാറിൽ പ്രകൃതിയുടെ സുഖശീതളച്ഛായയേറ്റ് അല്പനേരം വിശ്രമിക്കണമെന്നുള്ളവർക്കും ഇവിടേക്ക് വരാം. പ്രതിദിനം വർധിച്ചുവരുന്ന സന്ദർശകരെയെല്ലാം ഹാർദമായി സ്വീകരിക്കാൻ ഗോപാലസ്വാമിമല കാത്തിരിക്കുകയാണ്.