പി. സുനിൽകുമാർ

ഇടശ്ശേരി ഗോവിന്ദൻ നായരുടെ ‘പൂതപ്പാട്ട്’ എന്ന കവിത വായിച്ചറിയാത്ത മലയാളികളുണ്ടാവില്ല. മാതൃത്വത്തിന്റെ മഹത്ത്വം തുളുമ്പുന്ന പൂതപ്പാട്ട് ഹൃദയത്തിൽ താലോലിക്കുന്നവരാണ് മലയാളികൾ. നാടൻകലാരൂപങ്ങളിലൂടെ പൂതപ്പാട്ടിന് ദൃശ്യാവിഷ്കാരം ഉണ്ടായിട്ടുണ്ട്. ആദ്യമായി നങ്ങേലിയും പൂതവും ഉണ്ണിയും ഭരതനാട്യത്തിലൂടെ അരങ്ങിലെത്തുകയാണ്. കലാമണ്ഡലം വിദ്യാർഥിയും നർത്തകിയുമായ റിഥി രാജാണ് പൂതപ്പാട്ട് ഭരതനാട്യത്തിൽ അവതരിപ്പിക്കുന്നത്. മോഹനിയാട്ടത്തിലും കേരളനടനത്തിലും പൂതപ്പാട്ട് വേദിയിലെത്തിയിട്ടുണ്ട്. എന്നാൽ, നാടൻകലാരൂപങ്ങളുമായി അടുത്തുനിൽക്കുന്ന പൂതപ്പാട്ട് ശാസ്ത്രീയനൃത്തത്തിൽ അവതരിപ്പിക്കുന്നത് വെല്ലുവിളിനിറഞ്ഞതാണ്. നാലാംവയസ്സുമുതൽ നൃത്തം അഭ്യസിക്കുന്ന റിഥിരാജ് ഈ വെല്ലുവിളി ഏറ്റെടുക്കുകയാണ്.
പാലക്കാട് ചെമ്പൈ മ്യൂസിക് കോളേജിൽ ജനുവരി ഏഴിന് പൂതപ്പാട്ട് ഭരതനാട്യരൂപത്തിൽ കാണികൾക്ക്‌  മുന്നിലെത്തും. വൈകുന്നേരം അഞ്ചരയ്ക്ക് മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനംനിർവഹിക്കും. തുടർന്ന് ജനവരി 13-ന് ബെംഗളൂരു എച്ച്.എ.എൽ. അയ്യപ്പക്ഷേത്രത്തിലും  അവതരിപ്പിക്കും. പരിപാവനമായ മാതൃസ്നേഹത്തിന്റെ മൂർത്തീഭാവമാണ് പൂതപ്പാട്ട്. പൂതത്തെ തെയ്യത്തിന്റെ രൂപത്തിലാണ് നമ്മൾ കണ്ടത്. ഇത് ഭരതനാട്യത്തിന്റെ ദൃശ്യാവിഷ്കാരത്തിലേക്ക് മാറുമ്പോൾ ഭാവങ്ങൾക്കും മുദ്രകൾക്കുമുള്ള സ്ഥാനം ഏറെയാണ്. വെല്ലുവിളികളെ അതിജീവിച്ച് ഭരതനാട്യത്തിലുള്ള നൃത്താവിഷ്കാരത്തിന് സംവിധാനം നിർവഹിച്ചത് പരസ്യരംഗത്തെ ക്രിയേറ്റീവ് ഡിസൈനറായ തൃശ്ശൂർ സ്വദേശി മനോ ആണ്.  നൃത്താവിഷ്കാരം നർത്തകി റിഥിരാജും അമ്മ രൂപയും ചേർന്നാണ് ഒരുക്കിയത്. പൂതപ്പാട്ട് അരങ്ങിലെത്തുമ്പേൾ ആവശ്യമായ പശ്ചാത്തലദൃശ്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മനോ പറഞ്ഞു. നാടൻകലാരൂപങ്ങളിലൂടെ കണ്ടറിഞ്ഞ പൂതപ്പാട്ടിന് ദൃശ്യഭംഗി ചോരാതൊണ് വേദിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഛായാഗ്രഹണരംഗത്തെ പരിചയവും ഇതിന് സഹായകമായി. പൂതപ്പാട്ട് ഭരതനാട്യത്തിലൂടെ അരങ്ങിലെത്തിക്കുകയെന്ന ആശയം മുന്നോട്ടുവയ്ക്കുന്നതും മനോ ആണ്. ആദ്യം ചില ആശങ്കകളൊക്കെയുണ്ടായെങ്കിലും റിഥിരാജ് വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. നർത്തകിയെന്ന നിലയിൽ റിഥിരാജിന്റെ കഴിവുകളിലുള്ള ആത്മവിശ്വാസമാണ് ഇതിലേക്കെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏഴുമാസത്തെ പരിശീലനത്തിനുശേഷമാണ് പൂതപ്പാട്ട് അരങ്ങിലെത്തുന്നത്. കലാമണ്ഡലത്തിൽ ഭരതനാട്യ വിദ്യാർഥിയായ റിഥി രാജ് 400-ലധികം വേദികളിൽ നൃത്തമവതരിപ്പിച്ചിട്ടുണ്ട്. തുടക്കത്തിൽ കുറച്ചുബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് പൂതപ്പാട്ടിലെ  കഥാപാത്രങ്ങളെ  പൂർണമായും ഉൾക്കൊള്ളാൻ കഴിഞ്ഞു. ഇപ്പോൾ ആത്മവിശ്വാസവും ഏറെയാണ് -റിഥിരാജ് പറഞ്ഞു. പൂതപ്പാട്ടിലെ പൂതം, നങ്ങേലി, ഉണ്ണി എന്നീ മൂന്നുകഥാപത്രങ്ങളുടെ ഭാവഭേദങ്ങളാണ് റിഥിരാജ് അവതരിപ്പിക്കുന്നത്. മാതൃസ്നേഹത്തിന്റെ വിവിധ ഭാവങ്ങളാണ് നങ്ങേലിയിലൂടെ കാണികൾക്ക് മുന്നിലെത്തുന്നത്. ഭയപ്പെടുത്തുന്ന പൂതവും സ്നേഹത്തിനായി കൊതിക്കുന്ന പൂതവും നമ്മുടെ മുന്നിലെത്തും.പൂതം മലയാളികളുടെ മനസ്സിലുണ്ട്. വേനൽ വിളവെടുപ്പിനുശേഷം താളത്തിനൊത്ത് നൃത്തം ചവിട്ടി വീടുവീടാന്തരം കയറിയിറങ്ങുന്ന പൂതത്തെ  ഭക്തിയോടെയാണ് വരവേൽക്കുന്നത്. എന്നാൽ,  നങ്ങേലിക്ക് ഉണ്ണി ജനിക്കുന്നതോടെ പൂതത്തിലുണ്ടാകുന്ന മാറ്റവും കാണാതായ ഉണ്ണിയെ അന്വേഷിച്ചിറങ്ങുന്ന നങ്ങേലിക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികളും പൂതപ്പാട്ടിലെ വൈകാരിക നിമിഷങ്ങളാണ്.  മാതൃത്വത്തിന്റെ ശക്തിക്കുമുന്നിൽ പൂതത്തിലുണ്ടാകുന്ന മാറ്റവും ഹൃദയസ്പർശിയായ അനുഭവമായിരിക്കും. ഒറ്റപ്പാലം, ലക്കിടി സ്വദേശി  രാജേന്ദ്രന്റെയും യോഗാ അധ്യാപികയായ രൂപയുടെയും മകളാണ് റിഥിരാജ്. അഭിനയരംഗത്തും കഴിവുതെളിയിക്കാൻ ആഗ്രഹിക്കുന്ന റിഥിരാജ് 2015-ൽ രണ്ടുമണിക്കൂർ 20 മിനിറ്റ് തുടർച്ചയായ നൃത്തം ചെയ്ത് ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡിൽ ഇടംകണ്ടെത്തിയിരുന്നു. കർണാടക സർക്കാരിന്റെ ചിഗുരു പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ രാമമൂർത്തി നഗറിലാണ് താമസം.

************************************

ബാലി വിളിക്കുന്നു

സി. ജയ്‌കിഷൻ

cjaikishan@gmail.com

പാതിമയക്കത്തെ മുറിച്ചുകൊണ്ടാണ് പൈലറ്റിന്റെ അനൗൺസ്‌മെന്റ് എത്തിയത്: ‘ഇതാ ബാലി നിങ്ങൾക്കരികെ...’ രാത്രി മുഴുവൻ നീണ്ട ദീർഘയാത്രയുടെ ശേഷിപ്പായ ആലസ്യം കുടഞ്ഞുകളഞ്ഞ് വിമാനത്തിന്റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. മേഘപാളികൾക്കു കീഴെ നീലക്കടലിന്റെ അനന്തത. അതിന്റെ അവസാനം ഒരു പച്ചപ്പൊട്ടുപോലെ തെളിഞ്ഞു വരുന്ന ഹരിതതീരം. കടലോരത്താണ് വിമാനത്താവളം. നഗുരാ റായ് ഇന്റർനാഷണൽ എയർപോർട്ട് അഥവാ ബാലി അന്താരാഷ്ട്ര വിമാനത്താവളം. കടലിലേക്ക് ഊളിയിടുന്ന നീലപ്പൊന്മാനെപ്പോലെ വിമാനം ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നു. 1000 മീറ്ററോളം കടലിലേക്ക് ഇറങ്ങിനിൽക്കുന്നതാണ് റൺവേ. അപൂർവസുന്ദരമായ കാഴ്ച. നാലുദിവസം നീണ്ട ബാലിയാത്രയുടെ തുടക്കം തന്നെ അവിസ്മരണീയമാക്കുന്ന ലാൻഡിങ്.
 അത്ര വലിയ വിമാനത്താവളമല്ല ബാലിയിലേത്. എന്നാൽ 2013-ൽ നവീകരിച്ചതോടെ ഏത് അന്താരാഷ്ട്ര വിമാനത്താവളത്തോടും കിടപിടിക്കുന്ന സൗകര്യങ്ങൾ ഇവിടെയുമുണ്ട്. ബാലിയിലെ പരമ്പരാഗതശൈലിയിലും ഡിസൈനിലുമുള്ള നിർമിതി. മനോഹരങ്ങളായ കൊത്തുപണികളും ശില്പങ്ങളും സസ്യജാലസമൃദ്ധിയും. അതൊക്കെ കണ്ടുനടന്നാൽ മണിക്കൂറുകൾ പോകുന്നതറിയില്ല; വിമാനസമയം തെറ്റും, യാത്ര മുടങ്ങാനുമിടയുണ്ട്. വൃത്തിയും വെടിപ്പും എടുത്തുപറയണം. ബാലിയിലെ പ്രധാനനഗരവും തലസ്ഥാനവുമായ ഡെൻപസാറിലാണ് ഈ വിമാനത്താവളം.
 വിനോദസഞ്ചാരികളെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്യുന്ന ശൈലിയാണ് ബാലിയുടേത്. ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യക്കാർക്കും സൗജന്യവിസയാണ്. അതുകൊണ്ടുതന്നെ വിമാനത്താവളത്തിൽ അധികം പണിപ്പെടേണ്ടിവന്നില്ല. വിസ ഓൺ അറൈവൽ സൗകര്യം പ്രയോജനപ്പെടുത്തി. ഇമിഗ്രേഷൻ നടപടികൾക്കും അധികസമയം ചുറ്റിത്തിരിയേണ്ടിവന്നില്ല. എല്ലാം അരമണിക്കൂർകൊണ്ട് കഴിഞ്ഞു.

ഇൻഡൊനീഷ്യയിലെ ഒറ്റത്തുരുത്ത്
ഇൻഡൊനീഷ്യയിലെ ഒരു പ്രവിശ്യാ ദ്വീപാണ് ബാലി. കേരളത്തിന്റെ ഏഴിലൊന്ന് വിസ്തൃതി. ജനസംഖ്യ 42 ലക്ഷത്തിലേറെ. മുസ്‌ലിം ഭൂരിപക്ഷരാജ്യമായ ഇൻഡൊനീഷ്യയിൽ ഹിന്ദുക്കൾ മഹാഭൂരിപക്ഷമായ ഒറ്റത്തുരുത്തെന്ന കൗതുകമുണ്ട് ബാലിക്ക്. 2014-ലെ അവസാന സെൻസസ് പ്രകാരം ജനസംഖ്യയിലെ 83.5 ശതമാനം പേർ ഹിന്ദുക്കളാണ്. എന്നാൽ ഇൻഡൊനീഷ്യയുടെ മൊത്തം കണക്കെടുത്താൽ 87.2 ശതമാനം പേരും മുസ്‌ലിങ്ങൾ. ലോകത്തുതന്നെ ഏറ്റവും കൂടുതൽ മുസ്‌ലിംജനതയുള്ള രാഷ്ട്രം; 23 കോടിയോളം പേർ. അവിടെ എല്ലാറ്റിലും വേറിട്ട് ബാലി എന്ന അപൂർവസുന്ദരദേശം.
 പൈതൃകത്തെ മുറുകെപ്പുണരുന്ന ശൈലി തന്നെയാണ് ബാലിയിലെ ഈ വ്യത്യസ്തതയ്ക്ക് പിന്നിലെന്നാണ് യാത്രയ്ക്കിടെ കണ്ട അധ്യാപകൻ അനക് അഗുംഗ് പറഞ്ഞത്. ഇന്ത്യയിൽനിന്ന് കടൽമാർഗം എത്തിയ സന്ന്യാസിമാരാണ് ബാലിയിൽ ഹിന്ദുമതത്തിന്റെ പ്രചാരകരെന്ന് കരുതുന്നു. പിന്നീട് വന്ന തലമുറകൾ പൈതൃകവും വിശ്വാസവും വിടാതെ പിന്തുടർന്നു. ഒറ്റപ്പെട്ടു നിൽക്കുന്ന ഭൂപ്രകൃതിയായതിനാൽ ഇൻഡൊനീഷ്യയിലെ പൊതുരീതിയിൽ നിന്നും പാടെ വ്യത്യസ്തമായ ശൈലിയാണ് ഈ ഭൂമിക സ്വീകരിച്ചത്. മതംമാറ്റത്തിനുള്ള കടുത്ത സമ്മർദത്തെ അതിജീവിച്ച് അവർ സ്വന്തം പാരമ്പര്യം മുറുകെ പുണരുന്നു.  
 പരമ്പരാഗതമായി കാർഷികമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് ബാലിക്കാർ. എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാംപാതിയോടെ അത് വിനോദസഞ്ചാരത്തിന് വഴിമാറി. ഇപ്പോൾ ബാലിയിലെ സമ്പദ്‌വ്യവസ്ഥയുടെ ആണിക്കല്ല് വിനോദസഞ്ചാരമാണ്, വരുമാനത്തിന്റെ 80 ശതമാനത്തോളം ഈ മേഖലയിൽനിന്ന്‌ ലഭിക്കുന്നു. ഇൻഡൊനീഷ്യൻ ജി.ഡി.പി.ക്കും ബാലിയുടെ ഈ കുതിച്ചുചാട്ടം വലിയ കൈത്താങ്ങാകുന്നു. പ്രത്യേകിച്ച് വിദേശനാണ്യവരുമാനത്തിൽ. ബാലി വിനോദസഞ്ചാരമേഖലയ്ക്ക് നൽകുന്ന പ്രാധാന്യത്തെ നമ്മൾ കേരളീയർ കണ്ടു പഠിക്കേണ്ടതാണ്. ലഭ്യമായ എല്ലാ മേഖലകളും അവർ സഞ്ചാരപ്രിയർക്കു മുന്നിൽ അവതരിപ്പിക്കുന്നു. ബാലിയുടെ വ്യത്യസ്ത സംസ്കാരവും ആചാരരീതികളും അടുത്തറിയാൻ അവസരമൊരുക്കുന്നു. എല്ലാ വിഭാഗത്തിലുമുള്ള വിനോദസഞ്ചാരികൾക്ക് ആവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളുമൊരുക്കുന്നു. എല്ലാതരക്കാർക്കും താങ്ങാവുന്ന നിരക്കുകളുള്ള റിസോർട്ടുകളും ഹോട്ടലുകളും ഹോംസ്‌റ്റേകളും ഇവിടെയുണ്ട്. വിനോദസഞ്ചാരികളോട് സൗമനസ്യവും സഹാനുഭൂതിയും ബഹുമാനവും പ്രകടിപ്പിക്കുന്നതിൽ എല്ലാവരും ശ്രദ്ധിക്കുന്നു. കേരളത്തിൽ പക്ഷേ, ലഭ്യമായ വിഭവങ്ങൾ വേണ്ടരീതിയിൽ വികസിപ്പിച്ച് അവതരിപ്പിക്കാൻ നമ്മൾ ഒരു കാലത്തും ജാഗ്രത പുലർത്താറില്ല. വിനോദസഞ്ചാരികളോടാകട്ടെ, ‘ഓ ഒരു സായിപ്പ് വന്നിരിക്കുന്നു’ എന്ന മട്ടിലുള്ള പെരുമാറ്റവും.

സഞ്ചാരികളുടെ പറുദീസ
വിശാലവും അതിമനോഹരവുമായ കടൽത്തീരങ്ങൾ, കുന്നുകളും പർവതങ്ങളും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലേലകളും, ഇനിയും നാഗരികതയുടെ മഴുവിന് ഇരയാകാത്ത മഴക്കാടുകൾ, കണ്ണിന് ഇമ്പം പകരുന്ന ഭൂപ്രകൃതി, വേറിട്ടുനിൽക്കുന്ന സമ്പന്നമായ സംസ്കാരം...ബാലി വിനോദസഞ്ചാരികൾക്ക് പറുദീസയാകുന്നു. ഏതുതരക്കാർക്കും അനുയോജ്യമായ സൗകര്യങ്ങൾ ഇവിടെയുണ്ട്. കുറഞ്ഞ ചെലവിൽ യാത്ര നടത്താനാണ് പ്ളാനെങ്കിൽ അതിന് പറ്റിയ വിദേശനാടുകളിലൊന്നാണ് ബാലി.
മറ്റൊരു കൗതുകം ബാലിയിലെ ഔദ്യോഗിക കറൻസിയായ റുപ്പയ ആണ്. ഒരു ഇന്ത്യൻ രൂപയ്ക്ക് 200 ഇൻഡൊനീഷ്യൻ റുപ്പയ കിട്ടും. 500 രൂപയുമായാണ് നിങ്ങൾ ബാലിയിലെത്തുന്നതെങ്കിൽ നിങ്ങൾ അവിടത്തെ കറൻസിയനുസരിച്ച് ലക്ഷാധിപതിയായി. 5000 രൂപ കീശയിലുണ്ടെങ്കിൽ കോടീശ്വരൻ! വിനിമയത്തിലെ ഈ മൂല്യത്തകർച്ച പക്ഷേ, ചെലവിൽ പ്രതിഫലിക്കുമെന്നു കരുതിയാൽ തെറ്റി. ഒരു സാധാരണ ഹോട്ടലിൽനിന്ന് നന്നായി ഭക്ഷണം കഴിഞ്ഞ് ഇറങ്ങുമ്പോൾ ഒരു ലക്ഷം റുപ്പയെങ്കിലും കൈയിൽനിന്ന് ചെലവാകും. അതുകൊണ്ട് കുറഞ്ഞ ചെലവിലുള്ള യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കിൽ കരുതൽ അനിവാര്യം. അധികം ചെലവില്ലാത്ത യാത്ര ആഗ്രഹിക്കുന്നവർക്ക് ഇരുചക്രവാഹനങ്ങളാണ് ഉചിതം. ബാലിയിലെല്ലായിടത്തും യാത്രക്കായി സ്കൂട്ടറുകളും മറ്റും വാടകയ്ക്ക് കിട്ടും. ഓടിക്കാൻ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ധാരാളം മതി. വഴി ‘ചോയിച്ചു ചോയിച്ചു പോയാൽ മതി’. സഹായിക്കാൻ ബാലിക്കാർ സദാ സന്നദ്ധർ. പൊതുവേ വലിയ തിരക്കൊന്നും പ്രകടിപ്പിക്കാത്തവരാണവർ. ചിലപ്പോൾ വഴിചോദിച്ചാൽ നിങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേ അവർ മടങ്ങൂ. കറൻസി മാറ്റുന്നത് കേരളത്തിൽനിന്ന് യാത്ര പുറപ്പെടുന്നതിനുമുമ്പേ തന്നെ ചെയ്യുന്നതാണ് ഉചിതം. നമ്മുടെ രൂപ യു.എസ്. ഡോളറിലേക്ക് മാറ്റാം. ഡോളർ ബാലിയിലെ ഏത് മുക്കിലും മൂലയിലും റുപ്പയ ആക്കി മാറ്റാം. പക്ഷേ, ഇന്ത്യൻരൂപ മാറ്റിക്കിട്ടാൻ പാടായിരിക്കും.
ഭൂപ്രകൃതി ഏതാണ്ട് കേരളത്തോട് ഇണങ്ങുന്ന മട്ടിലാണ്. കേരളത്തിൽ കണ്ടുവരുന്ന സസ്യജാലങ്ങൾ എല്ലായിടത്തും കാണാം. ചെടികളോടും പൂക്കളോടും വൃക്ഷങ്ങളോടും പച്ചപ്പിനോടും ആരാധന പുലർത്തുന്നവരാണ് ബാലിക്കാർ. എവിടെ തിരിഞ്ഞാലും ഹരിതാഭ. ചെറിയ കടകൾക്കുമുന്നിൽ പോലും കൊച്ചുപൂന്തോപ്പ് കാണാം. പൂച്ചെടികൾ വളർത്തുന്ന നഴ്‌സറി ബാലിയിൽ വലിയ ബിസിനസ് തന്നെയാണ്.

ക്ഷേത്രങ്ങളും കടലോരങ്ങളും
ക്ഷേത്രങ്ങളുടെയും ആചാരങ്ങളുടെയും നാടാണ് ബാലി. എവിടെത്തിരിഞ്ഞാലും കാണാം പൗരാണിക വാസ്തുശില്പവൈഭവത്തിന്റെ അരങ്ങായ ക്ഷേത്രസമുച്ചയങ്ങൾ. അവിടെ നിത്യേനയെന്നോണം ഉത്സവങ്ങളും പൂജകളും പതിവ്. ഇതിനുപുറമേ മിക്ക വീടുകളിലും ഒരു കൊച്ചുകുടുംബക്ഷേത്രവും കാണും. ബാലിയാത്രയ്ക്കിടെ ക്ഷേത്രസന്ദർശനം മുടക്കരുത്. കടലിൽ ഉയർന്നുനിൽക്കുന്ന വലിയൊരു പാറക്കൂട്ടത്തിൽ ശിരസ്സുയർത്തി നിൽക്കുന്ന പ്രാചീനക്ഷേത്രമാണ് ടാനാ ലോട്ട്. ബാലിയുടെ പ്രതീകമെന്നാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രം അറിയപ്പെടുന്നത്. നമ്മുടെ കന്യാകുമാരിയെ അനുസ്മരിപ്പിക്കും. ബാലിയുടെ തലസ്ഥാനനഗരമായ ഡെൻപസാറിൽനിന്ന് 20 കിലോമീറ്റർ അകലെയാണിത്. നൂറ്റാണ്ടുകളുടെ തിരയടി പാറക്കൂട്ടങ്ങളിൽ തീർത്ത അടയാളങ്ങൾ ഇവിടത്തെ മറ്റൊരു കാഴ്ച. വേലിയിറക്കമുള്ളപ്പോൾ ക്ഷേത്രത്തിലേക്ക് കടലോരത്തുനിന്ന് നടന്നു പോകാം. വേലിയേറ്റമുള്ളപ്പോൾ വഞ്ചിയെ ആശ്രയിക്കണം. ബെരാട്ടൺ തടാകത്തിൽ ആകർഷകമായ രീതിയിൽ നിർമിച്ചിട്ടുള്ള ക്ഷേത്രവും വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.  
പഞ്ചാരമണലുള്ള കടലോരങ്ങളാൽ സമ്പന്നമാണ് ഈ നാട്. കടലിലാകട്ടെ തെളിനീല ജലം. പശ്ചാത്തലമൊരുക്കുന്നത് ഹരിതാഭമായ തെങ്ങിൻതോപ്പുകളും മഴക്കാടുകളും പനങ്കാടുകളുമൊക്കെ. മിക്കയിടത്തും വെള്ളത്തിലേക്ക് കണ്ണുനട്ടാൽ കടലിന്റെ അടിത്തട്ട് കാണാനാകും. കടലിനടിയിലേക്ക് ഊളിയിടാനും അടിത്തട്ടിലെ സസ്യജാലങ്ങളെയും മത്സ്യങ്ങളെയുമൊക്കെ കൺകുളിർക്കെ കാണാനും മിക്ക ബീച്ചുകളിലും സ്കൂബാ ഡൈവിങ്ങും സ്‌നോർക്കലിങ്ങുമൊക്കെയുണ്ട്. താരതമ്യേന കുറഞ്ഞ നിരക്കാണ് ഇതിനൊക്കെ. കുട്ട ബീച്ചാണ് ബാലിയിൽ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. സെമിന്യാക്, കൻഗു, ജിംബാരൺ, നുസ ദുവ, സാനുർ തുടങ്ങിയവ മറ്റുചില പ്രശസ്ത കടലോരങ്ങൾ. തിരക്ക് ആഗ്രഹിക്കാത്തവരാണെങ്കിൽ വിനോദസഞ്ചാരികൾ അധികമെത്താത്ത അതിമനോഹരങ്ങളായ വേറെയും ബീച്ചുകളുണ്ട്.

പുകയുന്ന അഗ്നിപർവതം
അഗ്നിപർവതങ്ങളുടെ നാടാണ് ബാലി. ഇതിൽ രണ്ടെണ്ണം ഇപ്പോഴും സജീവം; മൗണ്ട് അഗുംഗ്, മൗണ്ട് ബാടുർ എന്നിവ. മൗണ്ട് അഗുംഗ്, ആണ് ബാലിയിലെ ഏറ്റവും ഉയർന്ന പർവതം. 1963-64-ലാണ് അവസാനമായി പൊട്ടിയൊഴുകിയത്. ആയിരത്തി അറന്നൂറോളം പേർ കൊല്ലപ്പെട്ടു, പതിനായിരങ്ങൾ ഭവനരഹിതരായി. അന്ന് മൗണ്ട് അഗുംഗിൽ വലിയൊരു വിള്ളലും രൂപപ്പെട്ടു. നെടുകെ പിളർന്നൊരു പർവതശിഖരം, എന്നാൽ ദൂരക്കാഴ്ചയിൽ ഇപ്പോഴും കോണാകൃതിയിലാണ് മൗണ്ട് അഗുംഗ്. ഇപ്പോഴും ഇടയ്ക്കിടയ്ക്ക് പുകയുന്നതും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതുമൊക്കെ പതിവ്. മൗണ്ട് ബാടുറും രണ്ടുമൂന്നു വർഷം കൂടുമ്പോൾ പുകയുന്നത് പതിവാണെന്ന് ടൂറിസ്റ്റ് ഗൈഡ് പറഞ്ഞു. അഗ്നിപർവതസന്ദർശനം ബാലിയിലെ ടൂർചാർട്ടിൽ പ്രധാനപ്പെട്ടതാണ്. 2017 മൗണ്ട് അഗുംഗിന്റെ വർഷമാണ്. ഞങ്ങളുടെ സന്ദർശനം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് പുകഞ്ഞുതുടങ്ങിയതായി വാർത്തകൾ വന്നു.
2500 മീറ്റർ ഉയരത്തിലേക്ക് ചാരവും പുകയും തുപ്പി ആശങ്ക പടർത്തി. ഇതേത്തുടർന്ന് ബാലി വിമാനത്താവളം അടച്ചിട്ട് അതിജാഗ്രത പ്രഖ്യാപിച്ചു. ഒട്ടേറെ നാട്ടുകാരെ സുരക്ഷിതമേഖലകളിലേക്ക് മാറ്റി. വിമാനത്താവളം തുറന്നതോടെ ബാലിയിലേക്ക് വീണ്ടും ജനപ്രവാഹമായി.
എട്ടു മണിക്കൂർ വിമാനയാത്രയുണ്ട് കേരളത്തിൽനിന്ന് ബാലിയിലേക്ക്. കൊച്ചിയിൽനിന്നും തിരുവനന്തപുരത്തുനിന്നും വിമാനസർവീസുകൾ. ഇൻഡൊനീഷ്യയിലെ ലയൺ ഗ്രൂപ്പിന് കീഴിലുള്ള മലിൻഡോ എയറാണ് സർവീസ് നടത്തുന്നത്. ട്രിച്ചി, മുംബൈ, ഡൽഹി, അമൃത്‌സർ വിമാനത്താവളങ്ങളിൽനിന്നും അവർ ബാലിയിലേക്ക് സർവീസ് നടത്തുന്നു. ലയൺ ഗ്രൂപ്പിന്റെ തന്നെ ബാതിക് എയർ ചെന്നൈയിൽനിന്നും ബാലിയിലേക്ക് സർവീസ് നടത്തുന്നുണ്ട്.
ബെംഗളൂരുവിൽനിന്നും വൈകാതെ സർവീസ് തുടങ്ങുമെന്ന് മലിൻഡോ എയറിന്റെ പ്രതിനിധി സുരേഷ് പറഞ്ഞു. കമ്പനിയുടെ പേര് ബാതിക് മലേഷ്യ എന്ന് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. രാത്രി 11-നാണ് കൊച്ചിയിൽനിന്ന് വിമാനം പുറപ്പെട്ടത്. മലേഷ്യൻ തലസ്ഥാനമായ ക്വലാലംപുരിലേക്കുള്ള വിമാനം. രാവിലെ വെള്ളകീറും നേരത്ത് ക്വലാലംപുരിലെത്തി. അവിടെനിന്ന് ബാലിയിലേക്ക് മലിൻഡോ എയറിന്റെ തന്നെ കണക്‌ഷൻ ഫ്ളൈറ്റ്. ഉച്ചയോടെ ബാലി പ്രവിശ്യയുടെ തലസ്ഥാനമായ ഡെൻപസാറിൽ.

TOP 10
ബാലി യാത്രയിൽ കണ്ടിരിക്കേണ്ട 10 പ്രധാനകേന്ദ്രങ്ങൾ

1. കുട്ട ബീച്ച്: ബാലിയിലെ ഏറ്റവും പ്രശസ്തമായ കടലോര വിനോദസഞ്ചാര കേന്ദ്രം. അസ്തമയവേള കണ്ണഞ്ചിപ്പിക്കുന്നത്. രാത്രിവിരുന്നിന് പ്രശസ്തം  2. ടാനാ ലോട്ട്: ബാലിയുടെ പ്രതീകമെന്ന് വിശേഷണമുള്ള പൗരാണിക ക്ഷേത്രം. കടലിൽ രൂപപ്പെട്ട പാറക്കെട്ടിനു മുകളിലാണ് ആരാധനാലയം 3. ഉബൂദ്: ബാലിയിലെ പ്രധാനകൃഷിയിടങ്ങളിലൊന്ന്. വിശാലമായ വയൽപ്പരപ്പുകളും തോട്ടങ്ങളും നിറഞ്ഞ പ്രകൃതിസുന്ദരമായ മേഖല.
4. കോപ്പി ലുവാക് പ്ലാന്റേഷൻ: വെരുകിനെക്കൊണ്ട് പഴുത്ത കാപ്പിക്കുരു തീറ്റിച്ച്, കാഷ്ഠത്തിൽനിന്ന് ശേഖരിക്കുന്ന കാപ്പിക്കുരു സംസ്കരിച്ചെടുത്ത് നിർമിക്കുന്ന കാപ്പിയാണ് കോപ്പി ലുവാക്. പ്രധാനമായും കയറ്റുമതി ചെയ്യപ്പെടുന്ന ഈ കാപ്പിക്ക് പൊന്നുംവിലയാണ്. ഈ കാപ്പി നിർമിക്കുന്ന തോട്ടങ്ങൾ വിനോദസഞ്ചാരികളുടെ പതിവുസന്ദർശനകേന്ദ്രം.
5. സെകുംപുൾ വെള്ളച്ചാട്ടം: കാടിന് നടുവിലൊരു വെള്ളച്ചാട്ടം. വന്യഭംഗിക്കൊപ്പം കുത്തിയൊഴുകിയെത്തുന്ന അരുവിയുടെ കൺകവരുന്ന കാഴ്ചയും. ട്രെക്കിങ് പ്രിയർക്ക് അനുയോജ്യം 6. മൗണ്ട് ബാടുർ: ബാലിയിലെ സജീവമായ അഗ്നിപർവതം. പശ്ചാത്തലമായി നാടകീയമായ ഭൂപ്രകൃതിയും 7. ഉലുവത്ത് ടെംപിൾ (പുര ലുഹർ): കുന്നിൻമുകളിലെ ചുണ്ണാമ്പുപാറയിലൊരു ക്ഷേത്രം. മറുഭാഗത്ത് കടലും. അവിസ്മരണീയ കാഴ്ച.
8. അഗുംഗ് റായ് മ്യൂസിയം ഓഫ് ആർട്ട്: ബാലിയുടെ സാംസ്കാരിക, കലാപാരമ്പര്യം അവതരിപ്പിക്കുന്ന കാഴ്ചബംഗ്ലാവ് 9. സേക്രഡ് മങ്കി ഫോറസ്റ്റ്: വിവിധ ജനുസ്സുകളിൽപ്പെട്ട കുരങ്ങന്മാർ അധിവസിക്കുന്ന കേന്ദ്രം. കടന്നാക്രമണത്തിന് ഇരയായിട്ടില്ലാത്ത മഴക്കാടിന്റെ ഭംഗിയും പ്രധാനം.
10. തീർഥഗംഗ വാട്ടർ പാലസ്: ബാലിയിലെ പഴയ രാജകൊട്ടാരങ്ങളിലൊന്ന്. കുളങ്ങളും ജലധാരകളും ശില്പങ്ങളും നിറഞ്ഞ സമുച്ചയം.