ഓൺലൈൻ വായനയുടെ കാലത്ത് പുസ്തക വായനയ്ക്ക് മരണം സംഭവിച്ചുവെന്ന വാദങ്ങൾക്കിടെ ബെംഗളൂരുവിലെ ‘ഗുപ്ത സർക്കുലേറ്റിങ്‌ ലൈബ്രറി’യെക്കുറിച്ച് നാം അറിയാതെ പോകരുത്.  65 വർഷങ്ങൾക്കുമുമ്പ് രണ്ടു സഹോദരങ്ങൾ ചേർന്നു തുടങ്ങിയ ലൈബ്രറി ചരിത്രത്തിന്റെ പെരുമയുമായി ഇന്നും തലയുയർത്തി നിൽക്കുന്നു. ‘ഗുപ്ത സർക്കുലേറ്റിങ്‌ ലൈബ്രറി’ കർണാടകത്തിലെ പുസ്തകപ്രേമികളുടെ ഇഷ്ട ലൈബ്രറിയായി മാറിയത് ചരിത്രമാണ്. 
പിതാവ് മരണപ്പെട്ടതിനെത്തുടർന്നാണ് ജി.ആർ.ജെ. ഗുപ്തയും ജി.ആർ.പി. ഗുപ്തയും പത്തും പന്ത്രണ്ടും വയസ്സുള്ളപ്പോൾ കുടുംബം പുലർത്താൻ ലൈബ്രറി ആരംഭിക്കുന്നത്. ജി.ആർ.ജെ. ഗുപ്തയ്ക്ക് ഇപ്പോൾ 75 വയസ്സായി. ജി.ആർ.പി. ഗുപ്തയ്ക്ക് 77 വയസ്സും. മല്ലേശ്വരത്ത് തിരക്കേറിയ സാംപിഗെ റോഡിലാണ് ഗുപ്ത സർക്കുലേറ്റിങ്‌ ലൈബ്രറി സ്ഥിതിചെയ്യുന്നത്. അരനൂറ്റാണ്ട് പിന്നിട്ടിട്ടും ലൈബ്രറിയിൽ ഇന്നും ദിവസേന നിരവധിപേർ എത്തുന്നു.
തുടക്കം പതിയെയായിരുന്നെങ്കിലും പിന്നീട് ലൈബ്രറിയുടെ വളർച്ച പെട്ടന്നായിരുന്നു. പ്രമുഖ പത്രങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, കന്നഡ പത്രം ഉദയവാണി, ഹൈദരാബാദ് പത്രം ചിത്രാലയ തുടങ്ങിയ പത്രങ്ങളുടെ ബെംഗളൂരുവിലെ വിതരണാവകാശം ഗുപ്ത ലൈബ്രറി നേടിയതോടെയാണ് വളർച്ച തുടങ്ങുന്നത്. പിന്നീടങ്ങോട്ട് നിരവധി മാസികകളുടേയും പത്രങ്ങളുടേയും ആഴ്ചപ്പതിപ്പികുകളുടേയും വിതരണക്കാരായി ലൈബ്രറി മാറി. പത്രങ്ങൾ വിതരണം ചെയ്യാൻ മാത്രം ഗംഗാവരം ഏജൻസി എന്ന ഏജൻസിയും തുടങ്ങി.
പുലർച്ചെ മൂന്നിന് ഉറക്കമെണീറ്റ് പത്രം വിതരണം ചെയ്യാൻ സൈക്കിളിൽ അമ്പത് കിലോമീറ്ററോളം സഞ്ചരിക്കുമായിരുന്നുവെന്ന് ഗുപ്ത സഹോദരങ്ങൾ പറഞ്ഞു. മല്ലേശ്വരത്തുനിന്ന് ഹലസൂരുവിലേക്കും അവിടെ നിന്ന് ജാലഹള്ളിയിലേക്കും ദിവസേന സൈക്കിളിൽ പോയിരുന്നു. പത്രം വിതരണം ചെയ്ത ശേഷമാണ് സ്കൂളിൽ പോയിരുന്നത്. കന്റോൺമെന്റിനു സമീപം ശേഷാദ്രിപുരം സ്കൂളിലായിരുന്നു പഠനം. 
പുസ്തകങ്ങളുടെ കലവറ
ആദ്യകാലങ്ങളിൽ പത്രങ്ങളും മാസികകളും വിതരണം ചെയ്യുന്നതിലായിരുന്നു ശ്രദ്ധ. പിന്നീട് 1965-ൽ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൽ ലൈബ്രറിയിലെത്തിച്ച് വായനക്കാരെ ആകർഷിക്കാൻ തുടങ്ങി. ആദ്യകാലത്ത് കന്നഡ, തമിഴ്, ഇംഗ്ലീഷ് പുസ്തകങ്ങളായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് മലയാളം, ബെംഗാളി, തെലുഗു, മറാത്തി, ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകളിലുള്ള പുസ്തകങ്ങൾ ലൈബ്രറിയിൽ എത്തിച്ചു. ഒരുകാലത്ത് ലൈബ്രറിയിൽ 3500 സ്ഥിരം അംഗങ്ങൾ ഉണ്ടായിരുന്നു.
മുൻ രാഷ്ട്രപതി വി.വി. ഗിരിയും കുടുംബാംഗങ്ങളും ലൈബ്രറിയിലെ സ്ഥിരം സന്ദർശകരായിരുന്നു. 1965ൽ വി.വി.ഗിരി കർണാടക ഗവർണറായിരുന്നപ്പോൾ തെലുഗു നോവലിനു വേണ്ടി ലൈബ്രറി സ്ഥിരം സന്ദർശിക്കുമായിരുന്നുവെന്ന് ഗുപ്ത പറഞ്ഞു. ചെന്നൈ, മംഗളൂരു, മണിപ്പാൽ എന്നിവിടങ്ങളിൽ നിന്നുള്ള പുസ്തക പ്രേമികൾ മാസത്തിലൊരിക്കൽ ലൈബ്രറി സന്ദർശിക്കുമായിരുന്നു. ലൈബ്രറി തുടങ്ങിയ സമയത്ത് 50 പൈസയായരുന്നു അംഗത്വഫീസ്. പുസ്തകം വായിക്കാനെടുക്കുന്നതിനും 50 പൈസയായിരുന്നു നിരക്ക്. 
പിന്നീട് പുസ്തകങ്ങൾ ആവശ്യക്കാർക്ക് വീടുകളിലെത്തിച്ചു കൊടുക്കുന്ന സംവിധാനം തുടങ്ങി. ഈ നീക്കത്തെ ബെഗളൂരുവിലെ പുസ്തകപ്രേമികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. നിലവിൽ ഗുപ്ത സർക്കുലേറ്റിംഗ് ലൈബ്രറിക്ക് ഹനുമന്തനഗർ, ബസവനഗുഡി, ജയനഗർ, അൾസൂരു, ജാലഹള്ളി എന്നിവിടങ്ങളിൽ ശാഖകളുണ്ട്. 40 ജീവനക്കാരാണുള്ളത്. നിലവിൽ 500 അംഗങ്ങളാണ് ലൈബ്രറിക്കുള്ളത്. കൂടുതൽ പേരും 50നും 70നും ഇടയിൽ പ്രായമുള്ളവരാണ്. നിലവിൽ കന്നഡ, ഇംഗ്ലീഷ്, തെലുഗു, തമിഴ് പുസ്തകങ്ങളാണ് ലൈബ്രറിയിൽ ഉള്ളത്.

-----------------------------------------------------------------------

ലോക്കല്‍ റൗഡിയായി നിവിന്‍

പി. പ്രജിത്ത്‌

നവാഗതനായ ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത നിവിന്‍ പോളിയുടെ തമിഴ് ചിത്രം 'റിച്ചി' പ്രദര്‍ശനത്തിനൊരുങ്ങി. റൊമാന്റിക് ഹീറോയില്‍നിന്ന് മാറി നെഗറ്റീവ് ഷേഡോഡുകൂടിയ ലോക്കല്‍ റൗഡിയായിട്ടാണ് നിവിന്‍ ചിത്രത്തിലെത്തുന്നത്.  2014-ല്‍ പുറത്തിറങ്ങിയ രക്ഷിത് ഷെട്ടി നായകനായ 'ഉളിദവരു കണ്ടംതേ' എന്ന കന്നഡ സിനിമയുടെ റീമേക്കാണ് റിച്ചി.
നിവിന്‍ പോളി നായകനായ നേരത്തിന്റെ തമിഴ്പതിപ്പിനും മലയാളചിത്രം പ്രേമത്തിനും തമിഴകത്തുകിട്ടിയ സ്വീകാര്യത റിച്ചിക്ക് ഗുണമാകുമെന്ന വിശ്വാസത്തിലാണ് അണിയറപ്രവര്‍ത്തകര്‍.മുറുക്കിച്ചുവപ്പിച്ച്, മീശപിരിച്ച് നിവിന്റെ കലിപ്പ് ലുക്ക് ഇതിനോടകംതന്നെ കോളിവുഡില്‍ ചര്‍ച്ചയായി കഴിഞ്ഞു. ടൈറ്റില്‍ കഥാപാത്രത്തിന്റെ പുത്തന്‍രൂപവും സീനുകളില്‍ നിറഞ്ഞുനില്‍ക്കുന്ന മാസ് ഡയലോഗുകളും തിയേറ്ററില്‍ കൈയടി നിറയ്ക്കുമെന്ന വിശ്വാസത്തിലാണ് സംവിധായകന്‍ ഗൗതം രാമചന്ദ്രന്‍. തന്റെ ആദ്യ ചിത്രത്തിന് ഒരു ക്രൈം ഡ്രാമയെന്ന ടാഗ് ലൈന്‍ നല്‍കാമെന്ന് ഗൗതം പറയുന്നു.

നിവിന്‍ പോളിയെ നെഗറ്റീവ് ഷേഡുള്ള നായകനാക്കുന്നതിനുപിന്നില്‍ വലിയൊരു വെല്ലുവിളിയില്ലേ?
ഓരോ ചിത്രത്തിനും അതിന്റെതായ വെല്ലുവിളികള്‍ ഉണ്ട്. പ്രേക്ഷകര്‍ സ്ഥിരം കണ്ടതും പ്രതീക്ഷിക്കുന്നതുമായ ഒരു നിവിനെയല്ല ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നോട്ടുപോകുകയെന്നത്  ഒരു നടനെ സംബന്ധിച്ചെടുത്തോളം ഗുണംചെയ്യുന്ന കാര്യമാണ്. നിവിന്‍ അത്തരത്തിലുള്ള കഥാപാത്രങ്ങളുമായി സഹകരിക്കാന്‍ തയ്യാറുള്ള വ്യക്തിയാണ്. വേറിട്ട മുഖം പ്രേക്ഷകര്‍ സ്വീകരിക്കുമെന്നുതന്നെയാണ് പ്രതീക്ഷ.
കന്നഡയില്‍ പ്രദര്‍ശനവിജയം നേടിയിട്ടില്ലാത്ത സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ കാരണം?

ഒരുപാടുപേര്‍ എന്നോട് ചോദിച്ച ചോദ്യമാണിത്. കന്നഡയില്‍ ചിത്രം വേണ്ടരീതിയില്‍ സ്വീകരിക്കാതെ പോയത് എന്തുകൊണ്ടാണെന്നറിയില്ല. സാമ്പത്തികനേട്ടം ഉണ്ടാക്കിയില്ലെങ്കിലും സിനിമയുടെ പ്രമേയം കാഴ്ചക്കാര്‍ക്കിടയില്‍ അന്ന്  ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ പ്രേക്ഷകസ്വീകാര്യത ലഭിക്കുന്ന ഒരുപാട് കാര്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. കഥയിലും അവതരണത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തി മാസും-ക്ലാസും ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ മുന്നില്‍കണ്ടാണ് ചിത്രം പുനരവതരിപ്പിച്ചിരിക്കുന്നത്.

തമിഴ്സിനിമയില്‍ നായകനായൊരു മലയാളിതാരം. എന്താണ് അങ്ങനെയൊരു തീരുമാനം?
എന്റെ ആദ്യ സിനിമ തമിഴില്‍ തന്നെയാകണമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു, നിവിന്‍ പോളിയുമായി നാലുവര്‍ഷത്തെ പരിചയമുണ്ട്. ആദ്യംമുതല്‍ ഞങ്ങള്‍ ചര്‍ച്ചചെയ്തതും തമിഴ് സിനിമയ്ക്കുവേണ്ടിയുള്ള കഥയായിരുന്നു. അതിനിടയിലാണ് 'ഉളിദവരു കണ്ടംതേ' എന്ന കന്നഡസിനിമ ഞാന്‍ കാണുന്നത്. അതിലെ കഥാപാത്രത്തെക്കുറിച്ച് നിവിനോട് സംസാരിച്ചു. പടം കണ്ടപ്പോള്‍ നിവിനും ഇഷ്ടമായി. കഥാപാത്രത്തന് നെഗറ്റീവ് ഷേഡ് ഉണ്ടെങ്കിലും സിനിമചെയ്യാമെന്ന് സമ്മതിച്ചു. പിന്നീട് ഒരു വര്‍ഷത്തോളമെടുത്താണ് തിരക്കഥ പൂര്‍ത്തിയാക്കുന്നത്. മലയാളിയാണെങ്കിലും തമിഴകത്തും നിവിന്‍ പോളിക്ക് ഒരുപാട് ആരാധകരുണ്ട്.

പാതിമലയാളിയായ താങ്കളുടെ ആദ്യ ചിത്രമാണ് റിച്ചി. സിനിമാ രംഗത്തേക്കുള്ള ചുവടുവെപ്പുകളെക്കുറിച്ച് ?
എന്റെ അച്ഛന്‍ വടകരക്കാരനാണ്. അമ്മ തമിഴ്നാട്ടുകാരി. പഠിച്ചതും വളര്‍ന്നതുമെല്ലാം ബാംഗ്ലൂരിലും ചെന്നൈയിലുമായി. പഠനം കഴിഞ്ഞ് ജോലിയൊക്കെയായി സ്വന്തമായി വരുമാനമാര്‍ഗം തെളിഞ്ഞിട്ട് സിനിമയിലേക്കിറങ്ങിയാല്‍ മതിയെന്നായിരുന്നു വീട്ടുകാരുടെ നിര്‍ദേശം. വക്കീല്‍പഠനം പൂര്‍ത്തിയാക്കി ലണ്ടനില്‍ ജോലിയൊക്കെ ശരിപ്പെട്ടശേഷമാണ് സിനിമയിലേക്കിറങ്ങുന്നത്. ചെന്നൈയിലെ  രാജീവ് മേനോന്റെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചും തമിഴ് സംവിധായകന്‍ മിഷ്‌ക്കിനൊപ്പം രണ്ടുവര്‍ഷത്തോളം സഹസംവിധായകനായി പ്രവര്‍ത്തിച്ചുമെല്ലാമാണ് ഇവിടെവരെയെത്തുന്നത്.

----------------------------------------------------------------------------------------

വിവാദചുഴിയിലായ സാഹിത്യസമ്മേളനം

മൈസൂരുവിൽ നടന്ന അഖില ഭാരത കന്നഡ സാഹിത്യ സമ്മേളനത്തിൽ ഇത്തവണ ഉയർന്നുവന്നത്‌ നിരവധി സമകാലിക 
വിവാദവിഷയങ്ങൾ

 എം.എസ്. ശരത്‌നാഥ്

നീണ്ട 27 വർഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു കർണാടകയുടെ സാംസ്കാരിക തലസ്ഥാനമായ മൈസൂരുവിൽ അഖിലഭാരത കന്നഡ സാഹിത്യസമ്മേളനം എത്തിയത്. മുൻവർഷങ്ങളിൽനിന്ന്‌ വ്യത്യസ്തമായി നിരവധി വിവാദമായ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ടാണ് മൂന്നുദിവസത്തെ സമ്മേളനത്തിന് തിരശ്ശീല വീണത്. അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർക്കുനേരേ രൂക്ഷമായ വിമർശനങ്ങളും ഉയർന്നു.
ഗൗരി ലങ്കേഷ് വധം, പേജാവർ മഠാധിപതിയുടെ പ്രസ്താവന, മീൻ കഴിച്ചശേഷമുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ക്ഷേത്രസന്ദർശനം, ഹിന്ദു, ശ്രീരാമൻ, മഹദായി നദീജലത്തർക്കം, കാർഷികപ്രശ്നങ്ങൾ, അവഗണിക്കപ്പെടുന്ന വിഭാഗങ്ങൾ, കന്നഡ ഭാഷാഗവേഷണം തുടങ്ങിയവ ചർച്ചചെയ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി, സമ്മേളനത്തിന്റെ പ്രസിഡന്റ് ചന്ദ്രശേഖർ പാട്ടീൽ (ചമ്പ), കേന്ദ്രമന്ത്രി അനന്ത്കുമാർ, പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസമന്ത്രി തൻവീർ സേട്ട് തുടങ്ങിയവർക്ക്‌ നേരേയായിരുന്നു പ്രധാനമായും വിമർശനങ്ങൾ. കർണാടകയെയും കന്നഡികരെയും ബാധിക്കുന്ന വിഷയങ്ങളിൽ ഗഹനമായ ചർച്ചകളാണ് നടന്നത്. 
രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുത, അസമത്വം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള വാദപ്രതിവാദങ്ങൾ നടന്നു. അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്ന് ഉണ്ടാവുന്നെന്ന ആശങ്കയും പങ്കുവയ്ക്കപ്പെട്ടു.  ഗൗരി ലങ്കേഷ് വധത്തിന്റെ കാര്യം പരാമർശിച്ചുകൊണ്ട് എഴുത്തുകാർക്കും യുക്തിവാദികൾക്കും നേരേ നടക്കുന്ന ആക്രമങ്ങൾക്കെതിരേ രൂക്ഷവിമർശനം ഉയർന്നു. 
സമ്മേളനം രാഷ്ടീയം ചർച്ച ചെയ്യാനുള്ള വേദിയാക്കി മാറ്റിയെന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു. പ്രാദേശിക അജൻഡയുള്ള മതേതരത്വമായ, ദേശീയപാർട്ടിക്ക്‌ കന്നഡികർ വോട്ടുചെയ്യണമെന്ന ചന്ദ്രശേഖർ പാട്ടീലിന്റെ പ്രസ്താവനയായിരുന്നു ഇതിന് വഴിയൊരുക്കിയത്. പരോക്ഷമായി ഇക്കാര്യം കോൺഗ്രസിനെ പിന്തുണയ്ക്കുന്നതാണെന്ന് കുറ്റപ്പെടുത്തലുകൾ ഉയർന്നുവന്നു. 
ചന്ദ്രശേഖർ പാട്ടീലിന് നേരേയായിരുന്നു കൂടുതൽ വിമർശനങ്ങളും. രാഷ്ടീയമായ പ്രസംഗം, കേന്ദ്രമന്ത്രി അനന്ത്കുമാർ, പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസമന്ത്രി തൻവീർ സേട്ട് എന്നിവർക്കെതിരായ പരാമർശം, മൈസൂരു തലപ്പാവ് ധരിക്കൽ, ഭുവനേശ്വരി ദേവിക്ക്‌ പൂജ ചെയ്യൽ എന്നിവയിൽനിന്ന് വിട്ടുനിന്നത് തുടങ്ങിയവ പ്രതിഷേധങ്ങൾക്കിടയാക്കി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ, നിയമസഭാ കൗൺസിൽ പ്രതിപക്ഷനേതാവ് കെ.എസ്. ഈശ്വരപ്പ, എം.പി.മാരായ പ്രതാപസിംഹ, ശോഭ കരന്തലജെ, പ്രഹ്ലാദ് ജോഷി, കന്നഡ അനുകൂലപ്രവർത്തകർ തുടങ്ങിയവർ ചന്ദ്രശേഖറിനെതിരേ രംഗത്തുവന്നു. സമ്മേളനത്തിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കാൻ ചന്ദ്രശേഖർ അർഹനല്ലെന്നായിരുന്നു യെദ്യൂരപ്പയുടെ പ്രസ്താവന. അനന്ത്കുമാറിനെതിരേ നടത്തിയ പരാമർശം പിൻവലിച്ച് ചന്ദ്രശേഖർ പാട്ടീൽ മാപ്പ് പറയണമെന്ന് പ്രതാപസിംഹ, ശോഭ കരന്തലജെ എന്നിവർ ആവശ്യപ്പെട്ടു. സിദ്ധരാമയ്യയുടെ ശിങ്കിടിയാണ് ചന്ദ്രശേഖറെന്ന് ഈശ്വരപ്പ പറഞ്ഞപ്പോൾ കോൺഗ്രസ് അനുയായിയാണെന്ന് പ്രഹ്ലാദ് ജോഷിയും കുറ്റപ്പെടുത്തി. തൻവീർ സേട്ടിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന പ്രസ്താവന നടത്തിയ ചന്ദ്രശേഖർ, കോൺഗ്രസ് ഹൈക്കമാൻഡ് അല്ലെന്ന് ഓർക്കണമെന്ന പരാമർശവും ഉണ്ടായി. 
മഹദായി നദിയിലെ കലാസ-ബന്ദൂരി കുടിവെള്ള പദ്ധതിയുടെ കാര്യത്തിൽ മൗനം പാലിക്കുന്നതിനായിരുന്നു നരേന്ദ്രമോദിക്ക്‌ ലഭിച്ച വിമർശനം. സമൂഹത്തിൽ തുല്യത ഉറപ്പാക്കാൻ പിന്നാക്കവിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള സംവരണം പിൻവലിക്കാൻ ആവശ്യപ്പെട്ട പേജാവർ മഠാധിപതി വിശ്വേശ്വതീർഥ സ്വാമിക്കും വിമർശനം ഏറ്റുവാങ്ങേണ്ടി വന്നു. സാഹിത്യസമ്മേളനം നടക്കുന്ന വേളയിൽത്തന്നെ ഉഡുപ്പിയിൽ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ധർമ സൻസദ്  പുരോഗമിക്കുന്നുണ്ടായിരുന്നു. പൊതുശ്രദ്ധ സാഹിത്യ സമ്മേളനത്തിൽനിന്ന് മാറ്റാൻ വേണ്ടിയാണ് അതേവേളയിൽ ധർമ സൻസദ് സംഘടിപ്പിച്ചതെന്ന ആരോപണവും ഉയർന്നു. സാഹിത്യസമ്മേളനം രാജ്യത്തിന്റെ നാനാത്വം ആഘോഷിക്കുമ്പോൾ ധർമ സൻസദ് ഒരൊറ്റ സംസ്കാരം അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന കുറ്റപ്പെടുത്തലും ഉണ്ടായി. കൂടാതെ ധർമസൻസദിൽ ഗൗരി ലങ്കേഷ് വധം ചർച്ച ചെയ്യാത്തതിനെയും എഴുത്തുകാർ വിമർശിച്ചു. സിദ്ധരാമയ്യ ധർമസ്ഥല ക്ഷേത്രത്തിൽ നടത്തിയ സന്ദർശനത്തെ സാഹിത്യകാരി ഡോ. പ്രതിഭ നന്ദകുമാർ കവിതയിലൂടെ പരിഹസിച്ചത് വേറിട്ടുനിന്നു. 
യുക്തിവാദി കെ.എസ്. ഭഗവാൻ ഹിന്ദു എന്ന വാക്കിനെക്കുറിച്ചും ശ്രീരാമനെക്കുറിച്ചും നടത്തിയ വിവാദപരാമർശം ഏറെ ശ്രദ്ധേയമായിരുന്നു. നാലുവേദങ്ങളിലോ, പുരാണങ്ങളിലോ ഹിന്ദു എന്ന വാക്കോ പരാമർശമോ ഇല്ലെന്നായിരുന്നു ഭഗവാൻ പറഞ്ഞത്. കൂടാതെ ഗർഭിണിയായ ഭാര്യ സീതയെ വനത്തിലേക്ക് അയച്ച ശ്രീരാമനെ ആരാധിക്കാനാണ് ചിലർ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വേദിയിൽ പ്രതിഷേധവും ഉയർന്നിരുന്നു. 
സമ്മേളനത്തിലേക്ക് മൈസൂരു വോഡയാർ രാജകുടുംബത്തെ ക്ഷണിക്കാത്തതും വിവാദത്തിന് ഇടയാക്കി. മൈസൂരു മുൻ രാജാവായ നൽവാടി കൃഷ്ണരാജ വോഡയാറാണ് കന്നഡ സാഹിത്യപരിഷത്ത് രൂപവത്കരിക്കാൻ നേതൃത്വം നൽകിയതെന്നും അതിനാൽ രാജകുടുംബത്തെ ക്ഷണിക്കാത്തത് അവരെ അപമാനിക്കുന്ന നടപടിയാണെന്നുമായിരുന്നു ആക്ഷേപം. സമ്മേളനത്തിൽ വ്യാജ ബോംബ് ഭീഷണിയും ഉയർന്നിരുന്നു. ഒരു സമുദായത്തെ അവഗണിച്ച് പ്രതികാരമായി പ്രധാനവേദിയായ മഹാരാജ കോളേജ് മൈതാനിയിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം. 
ഇത്തവണ മൂന്നു തീരുമാനങ്ങളാണ് സമ്മേളനം പാസാക്കിയത്. സാഹിത്യസമ്മേളനം വിജയകരമാക്കിയ മൈസൂരു നിവാസികൾക്ക് നന്ദിയർപ്പിക്കുക, കന്നഡ വികസന അതോറിറ്റി സമർപ്പിച്ച റിപ്പോർട്ട് നടപ്പാക്കാൻ സർക്കാരിനോട് ആവശ്യപ്പെടുക, കർണാടക ഓപ്പൺ സർവകലാശാലയ്ക്ക് യു.ജി.സി. അംഗീകാരം തിരിച്ചുലഭിക്കാൻ സമ്മർദം ചെലുത്തുക എന്നിവയായിരുന്നു അവ. സംസ്ഥാനത്തെ കലാരൂപമായ യക്ഷഗാനത്തിന്‌ സർക്കാർ മികച്ച അംഗീകാരം നൽകണമെന്ന ആവശ്യവും ഉയർന്നു. 
നവംബർ 24, 25, 26 തീയതികളിലായി നടന്ന 83-ാമത് സമ്മേളനത്തിൽ രണ്ടുലക്ഷത്തോളം സന്ദർശകരെത്തി. 11,000 പ്രതിനിധികളും 5,000 സാഹിത്യകാരന്മാരും പങ്കെടുത്തു. 1917, 1930, 1955, 1990 എന്നീ വർഷങ്ങളിലായി നാല് അഖില ഭാരത കന്നഡ സാഹിത്യ സമ്മേളനങ്ങൾക്ക് മൈസൂരു വേദിയായിരുന്നു. ധാർവാഡിലാണ് അടുത്ത സമ്മേളനം. 2018 ഡിസംബറിൽ നടക്കുമെന്നാണ് സൂചന. നീണ്ട 60 വർഷങ്ങൾക്കുശേഷമാണ് ധാർവാഡ് സാഹിത്യസമ്മേളനത്തിന് വേദിയാവാൻ ഒരുങ്ങുന്നത്.