അതിവേഗത്തിൽ കുതിക്കുന്ന ഈ കാലത്ത് കവിതകൾ കുറിക്കു കൊള്ളണമെങ്കിൽ അതൊരു മിന്നൽപ്പിണറായി ആസ്വാദക മനസ്സിൽ പതിയണം. ഓർത്തെടുക്കാൻ ഒത്തിരി കൊടുക്കുന്നതിനുപകരം ചേർത്തു വെക്കാൻ ഇത്തിരി നൽകണം. തിരക്കു പിടിച്ചവന്റെ ഉള്ളിൽ തീപടർത്താൻ സാധിക്കുന്ന മിന്നൽക്കവിതകളായിരിക്കണം. ‘ഒറ്റത്തുള്ളിപ്പെയ്ത്ത്’ എന്ന ഹൈക്കു കവിതാ സമാഹാരത്തിലൂടെ വിസ്മയം തീർത്ത യുവ കവി ആർ. അജിത് കുമാർ പിന്തുടരുന്നത് ഈ പാതയാണ്.
   അടുത്തിടെ, ബെംഗളൂരു സാഹിത്യാസ്വാദകരോട് അദ്ദേഹം സംവദിച്ചതും ഇത്തരം മിന്നൽക്കവിതകളുടെ പ്രത്യേകതയെ കുറിച്ചായിരുന്നു. ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ്‌സ് ഫോറം വേദിയിൽ ‘ചെറുതിന്റെ വലുപ്പം’ എന്ന വിഷയത്തിൽ സംസാരിക്കുന്നതിനിടെയാണ് യുവകവി ‘ഹൈക്കു കവിതകളുടെ’ പ്രാധാന്യം വിവരിച്ചത്. 
   മഹാകാവ്യങ്ങൾ, ഖണ്ഡകാവ്യങ്ങൾ, കാവ്യങ്ങൾ, ചെറുകവിതകൾ, കുഞ്ഞുകവിതകൾ, മിന്നൽ കവിതകൾ... ഇവയെല്ലാം തന്നെ അതതുകാലത്തെ സർഗാത്മകത അടയാളപ്പെടുത്തുന്ന കാവ്യ നിർമിതികളാണ്. വൃത്തവും സമാസവും ഉപമയും ഉൽപ്രേക്ഷയുമില്ലാത്ത ആശയദീപ്തമായ ആധുനിക കാവ്യനീതിയുമായി പൊരുത്തപ്പെടാൻ മലയാളി പഠിച്ചിട്ട് അധികകാലമാകുന്നില്ല.
   തന്റെ മിന്നൽക്കവിതകളുടെ നവമാധ്യമസ്വീകാര്യത ഉയർത്തി കവി ഉദാഹരിക്കുമ്പോൾ കാലത്തിനൊപ്പം സഞ്ചരിക്കാൻ ശ്രമിക്കുന്ന ഒരു കവിയെ നമുക്കു കാണാനാവും. ‘ഇടനെഞ്ചിൽ എപ്പോഴുമുണ്ടായിരുന്നിട്ടും, ഇടനെഞ്ചിൽ ഇടമില്ലാതെ ഗാന്ധിജി’ എന്ന് കവി മഹാത്മാവിനെക്കുറച്ചെഴുതിയതു വായിക്കുമ്പോൾ അറിയാതെ നാം ഇടതു പോക്കറ്റിലേക്കൊന്നു പാളിനോക്കുക തന്നെ ചെയ്യും. ഹൈക്കുകവിതകളും മിന്നൽ കവിതകളുമൊക്കെയായി സാഹിത്യസംവാദത്തിൽ പങ്കെടുത്ത യുവകവി തന്റെ ‘കഞ്ഞി, പഞ്ഞി, മുണ്ട്’ തുടങ്ങിയ കൊച്ചുകവിതകളിലൂടെ ബെംഗളൂരു മലയാളികളുടെ മനം കവർന്നു.
  ഓരോ വിശേഷദിവസങ്ങളെ കുറിച്ചും ഇദ്ദേഹം മിന്നൽക്കവിതകൾ രചിക്കാറുണ്ട്. ഇവയെല്ലാം വായനക്കാരന്റെ മനസ്സിൽ ആഴത്തിൽ പതിയുന്നവയാണ്. ‘അന്ന് ടീച്ചർ തന്ന അടികളാണ് ഇന്നും അടിതെറ്റാതെ നടത്തുന്നത്’ (അധ്യാപകദിനം), ‘ചിന്തിച്ചുചിന്തിച്ചു കാടുകയറാൻ പോലും കാടില്ലാത്ത നാളെയിലേക്കാണോ നാം നീങ്ങുന്നത്’ (വനദിനം), ‘അവസാനശ്വാസം വലിക്കുന്ന മനുഷ്യനും ആദ്യം ചോദിക്കുന്നത് ഒരുതുള്ളി വെള്ളമായിരിക്കും’ (ജലദിനം), ‘സ്ത്രീരത്നമെന്ന് വിളിക്കുന്നത് കൊണ്ടാണോ പെണ്ണിനെ വില്പനച്ചരക്കാക്കുന്നതും അടച്ചു പൂട്ടി വെക്കുന്നതും’ (വനിതാദിനം), ‘ചുണ്ടിൽ  പുകഞ്ഞുകത്തുന്നു സ്വയംകൊളുത്തിയ ചിത’ (പുകയിലവിരുദ്ധ ദിനം) തുടങ്ങിയവയാണ് അജിത്തിന്റെ ചില മിന്നൽക്കവിതകൾ.