ബെംഗളൂരു: കർണാടകത്തിൽ ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള, 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 37,82,681 പേരാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. ഇവർ സംസ്ഥാനത്തെ ബി.ജെ.പി. സർക്കാരിന്റെ ഭാവി നിർണയിക്കും. കോൺഗ്രസ്, ജെ.ഡി.എസ്. സിറ്റിങ് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.
കോൺഗ്രസ്, ജെ.ഡി.എസ്. സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് 17 എം.എൽ.എ.മാർ രാജിവെച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇതിൽ രണ്ടു മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഡിസംബർ ഒൻപതിനാണ് വോട്ടെണ്ണൽ.
തിരഞ്ഞെടുപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
മണ്ഡലങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 4185 പോളിങ് സ്റ്റേഷനുകളിലായി 42,500 പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പോലീസിനോടൊപ്പം കർണാടക സായുധസേനാംഗങ്ങളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. സ്ഥാനാർഥികളും നേതാക്കളും ചൊവ്വാഴ്ച വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർഥിക്കുന്നതിന്റെ തിരക്കിലായിരുന്നു.
സ്വതന്ത്രർ അടക്കം 165 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. തിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിൽ 13 എണ്ണത്തിൽ കോൺഗ്രസ്, ജെ.ഡി.എസ്. വിമതരാണ് ബി.ജെ.പി. സ്ഥാനാർഥികൾ. കൂറുമാറിയ നേതാക്കളോട് ജനങ്ങളുടെ പ്രതികരണം തിരഞ്ഞെടുപ്പിലൂടെ വ്യക്തമാകും. മൂന്നു മണ്ഡലങ്ങൾ ജെ.ഡി.എസിന്റെ സിറ്റിങ് സീറ്റുകളാണ്. മണ്ഡലങ്ങളിൽ ത്രികോണ പോരാട്ടമാണെങ്കിലും കോൺഗ്രസും ബി.ജെ.പി.യും തമ്മിലാണ് പ്രധാനമത്സരം. ചരുങ്ങിയത് ആറു സീറ്റിലെങ്കിലും വിജയിക്കാനായില്ലെങ്കിൽ ബി.ജെ.പി. സർക്കാർ പ്രതിസന്ധിയിലാകും.
ബി.ജെ.പി. നടത്തിയ നാലു സ്വകാര്യ സർവേകളിൽ ഒൻപതുമുതൽ 13 വരെ സീറ്റുകൾ കിട്ടുമെന്നാണ് സൂചനലഭിച്ചത്. ഇതിലാണ് സർക്കാരിന്റെ പ്രതീക്ഷ. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെയും ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പുകൂടിയാണിത്. അതിനാൽ മിനി നിയമസഭാ തിരഞ്ഞെടുപ്പായാണ് ഉപതിരഞ്ഞെടുപ്പിനെ പാർട്ടികൾ കാണുന്നത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ:
അത്താണി, കാഗ്‌വാദ്, ഗൊഖക്, യെല്ലാപുര, ഹിരെകെരൂർ, റന്നിബെന്നൂർ, വിജയനഗര, ചിക്കബെല്ലാപുര, കെ. ആർ. പുര, യശ്വന്തപുര, മഹാലക്ഷ്മി ലേ ഔട്ട്, ശിവാജിനഗർ, ഹൊസകോട്ട, കെ.ആർ. പേട്ട്, ഹുൻസൂർ