മൈസൂരു: മൈസൂരു ക്രിസ്മസിനെ വരവേല്‍ക്കാന്‍ സജീവമായി. നഗരത്തിലെ മിക്ക പള്ളികളും നക്ഷത്രം, ക്രിസ്മസ് ട്രീ, പുല്‍ക്കൂട് തുടങ്ങിയവയാല്‍ അലങ്കരിക്കപ്പെട്ടു . ക്രിസ്മസിനായുള്ള ഒരുക്കങ്ങള്‍ പല പള്ളികളും ഡിസംബര്‍ ആദ്യയാഴ്ച മുതല്‍ തന്നെ ആരംഭിച്ചിരുന്നു. നഗരത്തിലെ 144 വര്‍ഷം പഴക്കമുള്ള വെസ്ലി പള്ളിയില്‍ 24-ന് വൈകിട്ട് ആറു മുതല്‍ മെഴുകുതിരി തെളിയിക്കല്‍ തുടങ്ങും. കൂടാതെ 25-ന് രാവിലെ എട്ട് മണിക്ക് പ്രത്യേക കുര്‍ബാനയും നടക്കും. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പള്ളിയും നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രവുമായ സെന്റ്്. ഫിലോമിന പള്ളിയിലും ഗംഭീരമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഇവിടത്തെ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കുചേരാന്‍ ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കു പുറമെ മറ്റു മതവിശ്വാസികളും എത്തിച്ചേരാറുണ്ട്്്. 24-ന് രാത്രി 11.30-നാണ് ഇവിടെ കുര്‍ബാന ആരംഭിക്കുന്നത്. 25-ന് രാവിലെ കന്നട, തമിഴ്, ഇംഗ്ലീഷ് എന്നി ഭാഷകളില്‍ കുര്‍ബാന നടക്കും. മൈസൂരു ബിഷപ്പ്് തോമസ് എ. വാഴപ്പിള്ളിയാണ് ഇവിടത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്.എന്‍.ആര്‍. മൊഹല്ലയിലെ യേശു കരുണാലയയില്‍ ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന കലാപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ക്രിസ്മസ് ദിനത്തില്‍ കായിക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്്്. നഗരത്തിലെ ഏറ്റവും പഴയ പള്ളിയായ സെന്റ്. ബാര്‍ത്തലോമിയോ പള്ളിയിലും ക്രിസ്മസിനുള്ള ഒരുക്കങ്ങള്‍ സജീവമായിട്ടുണ്ട്്്. 24-ന് രാത്രി ഒരു പ്രത്യേക കുര്‍ബാനയും 25-ന് രാവിലെ 5.30-നും, എട്ട് മണിക്കും വിശുദ്ധ കുര്‍ബാനയും ഇംഗ്ലീഷില്‍ നടക്കും. നസര്‍ബാദിലെ സെന്റ്. ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങള്‍ വെട്ടിക്കുറച്ചു. പള്ളിയുടെ ഇടവകയ്ക്ക് കീഴിലുള്ള ഒരു കുടുംബത്തിലെ മൂന്നു പേര്‍ അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്നാണിതെന്ന് വികാരി ജോണ്‍ തച്ചംപേരില്‍ കോര്‍-എപ്പിസ്‌കോപ്പ പറഞ്ഞു.