ബെംഗളൂരു: നഗരത്തിന് ഈ വേനലിൽ കുടിവെള്ളം മുട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങൾ വരൾച്ചയുടെ പിടിയിലാണെങ്കിലും നഗരത്തിൽ ഇത്തവണ കുടിവെള്ളക്ഷാമുണ്ടാകില്ലെന്ന് ബെംഗളൂരു വാട്ടർ സപ്ളൈ ആൻഡ് സീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്. എസ്.ബി.). കഴിഞ്ഞമഴക്കാലത്ത് മൈസൂരു, മാണ്ഡ്യ, മടിക്കേരി തുടങ്ങിയ പ്രദേശങ്ങളിൽ മികച്ച മഴ ലഭിച്ചതാണ് നഗരത്തിന് അനുഗ്രഹമാകുന്നത്. ബെംഗളൂരുവിലേക്ക് കുടിവെള്ളമെത്തിക്കുന്ന കെ.ആർ. എസ്. കബനി ഡാമുകളിൽ ഇത്തവണ ആവശ്യത്തിന് വെള്ളമുണ്ട്.
നഗരത്തിൽ ഒരുദിവസം 1450 മില്യൻ ലിറ്റർ വെള്ളമാണ് ബി.ഡബ്ള്യു.എസ്. എസ്.ബി. വിതരണംചെയ്യുന്നത്. വേനൽ കനക്കുന്നതോടെ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ അളവിലും കാര്യമായ കുറവുണ്ടാകുന്ന സാഹചര്യമാണ് കഴിഞ്ഞവർഷംവരെ ഉണ്ടായിരുന്നത്. നഗരത്തിലെ പല മേഖലകളിലും കഴിഞ്ഞവർഷം കുടിവെള്ളത്തിനുപോലും ക്ഷാമമനുഭവപ്പെട്ടിരുന്നു.
ഇത്തവണ കുടിവെള്ളവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തിയതും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. വിതരണംചെയ്യുന്ന കുടിവെള്ളത്തിന്റെ 40 ശതമാനത്തിലേറെ പാഴായിപ്പോകുന്നുവെന്നാണ് ബി.ഡബ്ല്യു.എസ്.എസ്.ബി.യുടെ കണക്ക്. അറ്റകുറ്റപ്പണി നടത്തിയയോടെ ഇതിൽ കാര്യമായ വ്യത്യാസമുണ്ടാകും. മാർച്ച് മാസത്തിനുള്ളിൽ നഗരത്തിലെ പഴക്കമുള്ള മുഴുവൻ പൈപ്പുകളും മാറ്റി സ്ഥാപിക്കും. കോറമംഗല, ശാന്തിനഗർ തുടങ്ങിയ പ്രദേശങ്ങളിൽ പൈപ്പുകളുടെ അറ്റകുറ്റപ്പണി അന്തിമഘട്ടത്തിലാണ്.
കഴിഞ്ഞവർഷം കുടിവെള്ളക്ഷാമത്തെത്തുടർന്ന് നഗരത്തിൽ കുഴൽ കിണറുകൾ കുഴിച്ചാണ് പ്രശ്‌നപരിഹാരം കണ്ടെത്തിയത്. ഇത്തവണ കുഴൽ കിണറുകൾ കുഴിക്കേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വേനൽ കനക്കുന്നതിനുമുമ്പ് ജല ഉപഭോഗത്തിൽ പാലിക്കേണ്ട മിതത്വത്തെക്കുറിച്ച് സ്‌കൂളുകളും കോളേജുകളും വഴി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താനും ബി. ഡബ്ല്യു.എസ്.എസ്.ബി.ക്ക് പദ്ധതിയുണ്ട്.