ബെംഗളൂരു: ദിവസങ്ങൾ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കുശേഷം ബെംഗളൂരുവിലെ ജെ.ഡി.എസ്. പ്രവർത്തകർ വിനോദയാത്രയ്ക്കായി ശ്രീലങ്കയിലെത്തിയത് ദുരന്തത്തിൽ കലാശിച്ചു. ബെംഗളൂരു നോർത്ത്, ചിക്കബെല്ലാപുര ലോകസ്ഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഇവർ സജീവമായി പങ്കെടുത്തിരുന്നു.

പ്രചാരണത്തിരക്കിൽ ക്ഷീണിച്ചതിനെ തുടർന്ന് വിശ്രമത്തിനായിട്ടായിരുന്നു കൊളംബോയിലേക്കുപോയത്. 24-ന് ബെംഗളൂരുവിലേക്ക് മടങ്ങിവരാനായിരുന്നു പദ്ധതി. എന്നാൽ, അവിടെയെത്തി അധികം താമസിയാതെ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു. കൊളംബോയിലെ ഷാൻഗ്രി - ലാ ഹോട്ടലിൽ ജെ.ഡി.എസ്. പ്രവർത്തകർ പ്രഭാത ഭക്ഷണത്തിനിരുന്ന മേശയുടെ തൊട്ടടുത്തായിരുന്നു സ്ഫോടനമുണ്ടായത്.

ഞായറാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സ്ഫോടനം. ഹനുമന്തരായപ്പയും രംഗപ്പയും അപകടസ്ഥലത്തുതന്നെ മരിച്ചു. മറ്റുള്ളവർ ആശുപത്രിയിലാണ് മരിച്ചതെന്നാണ് വിവരം. ദുരന്തത്തിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര തുടങ്ങിയ നേതാക്കൾ അനുശോചിച്ചു.

Content Highlights: two jds workers killed in srilanka bomb blast