ബെംഗളൂരു : മലയാളികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. വ്യാഴാഴ്ച മുതൽ നഗരത്തിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടി സർവീസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേനത്തിൽ അറിയിച്ചത് ബെംഗളൂരു മലയാളികൾക്ക് ആശ്വാസമാകുന്നു. നേരത്തേ ബെംഗളൂരു-തിരുവനന്തപുരം ഐലൻഡ് എക്സ്പ്രസ് സർവീസ് നടത്തുമെന്ന് സൂചനകളുണ്ടായിരുന്നു. തീവണ്ടി സർവീസ് തുടങ്ങുന്നതോടെ ബെംഗളൂരുവിൽനിന്ന് തെക്കൽ കേരളത്തിലേക്കുള്ള യാത്ര സൗകര്യപ്രദമാകും.

ബെംഗളൂരുവിൽനിന്ന് തീവണ്ടി സർവീസ് നടത്തുമെന്ന സൂചനകളെത്തുടർന്ന് ഒട്ടേറെപ്പേരാണ് മറ്റ് വാഹനങ്ങളിൽ പോകാതെ കാത്തിരിക്കുന്നത്. റോഡ് മാർഗം നാട്ടിലേക്ക് പോകുമ്പോൾ നിരവധി സ്ഥലങ്ങളിൽ പരിശോധനയ്ക്ക് വിധേയമാകുകയും ചെക്പോസ്റ്റുകളിൽ മണിക്കൂറുകളോളം കാത്തുകിടക്കുകയും വേണം. സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും ഇത് വലിയ പ്രയാസമാണുണ്ടാക്കുന്നത്. യാത്രച്ചെലവ് പലപ്പോഴും താങ്ങാവുന്നതിനെക്കാളേറെയാകുകയും ചെയ്യും.

കേരളത്തിന്റെ വടക്കൻ ജില്ലകളിലേക്ക് എത്തിപ്പെടുന്നതിനെക്കാൻ ഏറെബുദ്ധിമുട്ടാണ് തെക്കൻ ജില്ലകളിലെത്തിപ്പെടാൻ. തമിഴ്നാടിന്റെ പാസ് എടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കണം. എന്നാൽ തീവണ്ടി ഓടിത്തുടങ്ങുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകും. ദിവസം 1000-ത്തോളം പേർക്ക് തീവണ്ടിയിൽ നാട്ടിലേക്ക് പോകാൻ കഴിയുമെന്നാണ് പ്രതീക്ഷ. കേരളത്തിലേക്കു തീവണ്ടി സർവീസ് തുടങ്ങുന്നതു സംബന്ധിച്ചുള്ള ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നും ഏതുസമയവും ആരംഭിക്കാവുന്നതാണെന്നും ബെംഗളൂരു ഡിവിഷണൽ റെയിൽവേ മാനേജർ അശോക് കുമാർ വർമ അറിയിച്ചു.

ടിക്കറ്റ് നിരക്ക് 1000 രൂപ, ബുക്കിങ് നോർക്കവഴി

ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്ക് 1000 രൂപയായിരിക്കും. എ.സി.യില്ലാത്ത ചെയർകാറായിരിക്കും സർവീസ് നടത്തുക. ടിക്കറ്റ് ബുക്കുചെയ്യുന്നതിന് മുന്നോടിയായി നോർക്ക റൂട്ട്സ് വഴിയോ കോവിഡ് ജാഗ്രത വെബ്സൈറ്റ് വഴിയോ ഉള്ള രജിസ്ട്രേഷൻ നിർബന്ധമാണ്.

നേരത്തേ ഇതിൽ ബുക്കുചെയ്തവർക്ക് നേരിട്ട് ടിക്കറ്റ് ബുക്കിങ് സൈറ്റിലേക്ക് നീങ്ങാം.

നോർക്കയുടെ വെബ്സൈറ്റിലൂടെ ‘അഡ്വാൻസ് ട്രെയിൻ ബുക്കിങ്’ എന്ന ഓപ്ഷനിലൂടെ ടിക്കറ്റ് ബുക്കുചെയ്യാം. ഏതെങ്കിലും കാരണവശാൽ തീവണ്ടി സർവീസ് നടത്തിയില്ലെങ്കിൽ ടിക്കറ്റ് തുക യാത്രക്കാരന്റെ അക്കൗണ്ടിൽ തിരികെ ലഭിക്കും. ബുക്കിങ് ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ടിക്കറ്റ് ബുക്ക് ചെയ്യാൻ: www.registernorkaroots.org

Content Highlight:  Train to kerala from Bangalore.