ബെംഗളൂരു: സ്കൂൾ പ്രിൻസിപ്പൽ വഴക്ക് പറഞ്ഞതിനെത്തുടർന്ന് അധ്യാപിക ആത്മഹത്യ ചെയ്തു. കലീന അഗ്രഹാര ചർച്ച്‌സ്ട്രീറ്റ് സ്വദേശിയായ മദലീന (45) യെയാണ് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. ബെന്നാർഘട്ടറോഡിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയാണ് മദലീന.

ഒന്നുമുതൽ മൂന്നുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഇവർ ക്ലാസെടുത്തിരുന്നത്. കുട്ടികൾക്ക് പാഠങ്ങൾ മനസിലാകുന്നില്ലെന്ന് ആരോപിച്ചാണ് പ്രിൻസിപ്പൽ മദലീനയെ വഴക്കുപറഞ്ഞത്. അടുത്തദിവസം മുതൽ സ്കൂളിലേക്ക് വരേണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.

മദലീന വൈകീട്ട് വീട്ടിലെത്തിയതിനുശേഷം കനത്ത മാനസികവിഷമത്തിലായിരുന്നു. ഭർത്താവ് അയൽക്കാരനുമായി സംസാരിച്ചുനിൽക്കെ മദലീന വീടിന്റെ മുകൾനിലയിലെ മുറിയിലേക്ക് പോയി. അരമണിക്കൂറിനുശേഷം മുറിയിലെത്തിയ ഭർത്താവാണ് ഫാനിൽ തൂങ്ങിയ നിലയിൽ ഇവരെ കണ്ടെത്തിയത്. .

സംഭവത്തിൽ പ്രിൻസിപ്പാളിനെതിരേ ഭർത്താവ് പോലീസിൽ പരാതി നൽകി. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പോലീസ് കേസെടുത്തു. അതേസമയം ആത്മഹത്യക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.