ബെംഗളൂരു: മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ അതേ ശക്തിയാണ് ഗൗരി ലങ്കേഷിനെയും കൊലപ്പെടുത്തിയതെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികത്തിന് നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൗരിയെ കൊല്ലുന്നതിലൂടെ പാത നേരേയാകുമെന്ന് കൊലയാളികൾ വിചാരിച്ചു. എന്നാൽ ലക്ഷക്കണക്കിന് ഗൗരിമാർ ജന്മമെടുക്കുകയാണ് ചെയ്തത്. നരേന്ദ്ര ധാഭോൽക്കറും ഗോവിന്ദ് പൻസാരെയും എം.എം. കലബുറഗിയും ഗൗരി ലങ്കേഷും എല്ലാം യഥാർഥത്തിൽ ഹിന്ദുക്കളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നക്സലൈറ്റുകളുടെ പ്രവൃത്തികളല്ല രാജ്യത്ത് ഇന്ന് ഏറ്റവും ഭീതിയുളവാക്കുന്നതെന്നും പോലീസിന്റെ ഭാഷ മാറിയതാണെന്നും കന്നഡ സാഹിത്യകാരൻ ഗിരീഷ് കർണാട് പറഞ്ഞു. പോലീസുകാർ ഇങ്ങനെ ആയതിൽ അവരെ കുറ്റപ്പെടുത്താനാകില്ല. കാരണം അധികാരത്തിലിരിക്കുന്നവരാണ് ഇവരെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മീ റ്റു അർബൻ നക്സൽ എന്ന ടാഗ് ധരിച്ചാണ് അദ്ദേഹം പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയത്.