ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ സ്വതന്ത്രയായി മത്സരിച്ച് ജയിച്ച നടി സുമലത വോട്ടർമാർക്ക് നന്ദി അറിയിക്കാൻ സംഘടിപ്പിച്ച മഹാറാലിയിൽ നൂറുകണക്കിന് അനുയായികൾ പങ്കെടുത്തു. അന്തരിച്ച ഭർത്താവും മുൻകേന്ദ്രമന്ത്രിയുമായ അംബരീഷിന്റെ ജന്മദിനമാണ് വോട്ടർമാർക്ക് നന്ദിയറിയിക്കാൻ സുമലത തിരഞ്ഞെടുത്തത്. മാണ്ഡ്യ സിൽവർ ജൂബിലി പാർക്കിൽ നടന്ന പരിപാടിയിൽ മകൻ അഭിഷേക്, പ്രമുഖ താരങ്ങളായ ദർശൻ, യഷ്, ദൊഡ്ഡണ്ണ, നിർമാതാവ് റോക്ക്‌ലൈൻ വെങ്കടേഷ് തുടങ്ങിയവർ പങ്കെടുത്തു. അംബരീഷിനെ അനുസ്മരിച്ച് നിശ്ശബ്ദ പ്രാർഥനയോടെയാണ് ചടങ്ങ് തുടങ്ങിയത്. അംബരീഷിന്റെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.
മാണ്ഡ്യ കലികാംബ ക്ഷേത്രത്തിൽ ദർശനത്തിനുശേഷമാണ് സുമലത റാലിക്കെത്തിയത്. കോൺഗ്രസ് വിട്ട് തന്നെപിന്തുണച്ചവർക്കുള്ള ജയമാണ് മാണ്ഡ്യയിലേതെന്ന് സുമലത പറഞ്ഞു. മാണ്ഡ്യയിലെ എല്ലാ കർഷകസംഘടനകൾക്കും എല്ലാ ജനവിഭാഗങ്ങൾക്കും വിജയം സമർപ്പിക്കുന്നു. മാണ്ഡ്യയുടെ മരുമകളാണ് താൻ അംബരീഷ് സമൂഹത്തിനുവേണ്ടി ചെയ്തുപോന്ന നല്ല പ്രവർത്തനങ്ങൾ തുടരും. പണത്തെക്കാൾ അഭിമാനമാണ് വലുതെന്ന് മാണ്ഡ്യയിലെ ജനങ്ങൾ തെളിയിച്ചുകഴിഞ്ഞു. ബി.ജെ.പി.യിലെയും കോൺഗ്രസിലെയും ജെ.ഡി.എസിലെയും പ്രവർത്തകർ പിന്തുണച്ചതുകൊണ്ടാണ് മാണ്ഡ്യയിൽ ജയിച്ചത്. പാർലമെന്റിലേക്കു പോകുന്നതിന് മുമ്പ് മാണ്ഡ്യയിലെ ജനങ്ങളുടെ അനുഗ്രഹം ആവശ്യമാണ്. 52 വർഷങ്ങൾക്കുശേഷമാണ് കർണാടകയിൽനിന്ന് ലോക്‌സഭയിലേക്ക് ഒരു സ്വതന്ത്രസ്ഥാനാർഥി ജയിക്കുന്നതെന്നും സുമലത പറഞ്ഞു.
അംബരീഷിനെക്കുറിച്ചുള്ള പുസ്തകം ചടങ്ങിൽ സുമലത പ്രകാശനം ചെയ്തു. അംബരീഷ് ഇല്ലാതെ ആദ്യമായാണ് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതെന്നും അംബരീഷിന്റെ ജന്മദിനം എല്ലാ വർഷവും മാണ്ഡ്യയിൽ ആഘോഷിക്കുമെന്നും സുമലത പറഞ്ഞു. സുമലതയുടെ വിജയത്തിനായി പ്രചാരണത്തിനെത്തിയ ദർശനും, യഷിനും അഭിഷേക് നന്ദി അറിയിച്ചു. അമ്മയെ മാണ്ഡ്യയിലെ ജനങ്ങൾ നയിക്കണമെന്നും നൽകിയ സ്‌നേഹത്തിനും പിന്തുണയ്‌ക്കും ഒരുപാട് കടപ്പാടുണ്ടെന്നും അഭിഷേക് പറഞ്ഞു. നേരത്തേ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദ്യൂരപ്പ, മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ എന്നിവരെ സന്ദർശിച്ച് പിന്തുണ നൽകിയതിനുള്ള നന്ദി സുമലത അറിയിച്ചിരുന്നു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ ഒന്നേകാൽ ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുമലത പരാജയപ്പെടുത്തിയത്.
Content Highlights: Sumalatha, Karnataka, Election Victory Rally