മൈസൂരു: അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തന്റെ അവസാനത്തേതായിരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരുവില്‍ ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

2018-ലെ തിരഞ്ഞെടുപ്പോടുകൂടി സജീവരാഷ്ടീയം വിടാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിലെ വിവിധ മണ്ഡലങ്ങളില്‍നിന്ന് മത്സരിക്കാന്‍ ക്ഷണം ലഭിക്കുന്നുണ്ട്. എന്നാല്‍, നിലവിലെ മണ്ഡലമായ വരുണ വിട്ട് ചാമുണ്ഡേശ്വരിയില്‍നിന്ന് മത്സരിക്കാനാണ് താത്പര്യം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനമെടുക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

മൈസൂരുജില്ലയിലുള്ള മണ്ഡലമായ ചാമുണ്ഡേശ്വരിയില്‍നിന്ന് മത്സരിക്കുമെന്ന സൂചനകള്‍ സിദ്ധരാമയ്യ മുമ്പും നല്‍കിയിരുന്നു. കോണ്‍ഗ്രസിന് ഉറച്ച വിജയസാധ്യതയുള്ളതായി കണക്കാക്കപ്പെടുന്ന വരുണയില്‍ മകന്‍ ഡോ. യതീന്ദ്രയെ മത്സരിപ്പിക്കാനാണ് സിദ്ധരാമയ്യയുടെ ലക്ഷ്യം. ഇതേക്കുറിച്ചുള്ള സൂചനകള്‍ സിദ്ധരാമയ്യ മുമ്പ് നല്‍കുകയും ചെയ്തിരുന്നു. കൂടാതെ യതീന്ദ്ര വരുണയില്‍ രാഷ്ടീയപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍നിന്നുതന്നെയാവും മത്സരിക്കുകയെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.

അതേസമയം, അടുത്ത തിരഞ്ഞെടുപ്പില്‍ വീണ്ടും ചാമുണ്ഡേശ്വരിയില്‍നിന്ന് മത്സരിക്കുമെന്ന് സിറ്റിങ് എം.എല്‍.എ.യും ജനതാദള്‍-എസ് നേതാവുമായ ജി.ടി. ദേവഗൗഡ വ്യക്തമാക്കിയിരുന്നു. സിദ്ധരാമയ്യയുടെ സുഹൃത്ത് കൂടിയാണ് ദേവഗൗഡ. ഇരുവരും മത്സരിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പിലെ പ്രധാന ശ്രദ്ധാകേന്ദ്രമായിരിക്കും ചാമുണ്ഡേശ്വരി മണ്ഡലം.