മൈസൂരു: അടുത്തവര്‍ഷത്തെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലവിലെ മണ്ഡലമായ വരുണ വിടാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തയ്യാറെടുക്കുന്നു. മൈസൂരു ജില്ലയിലെ മറ്റൊരു മണ്ഡലമായ ചാമുണ്ഡേശ്വരിയില്‍നിന്ന് മത്സരിക്കാനാണ് സിദ്ധരാമയ്യയുടെ ലക്ഷ്യം. മകന്‍ യതീന്ദ്രയ്ക്ക് മത്സരിക്കാനാണ് സുരക്ഷിതമണ്ഡലമായ വരുണ സിദ്ധരാമയ്യ വിടുന്നത്.

വിവിധ വികസനപദ്ധതികളുടെ അവലോകനത്തിനായി ശനിയാഴ്ച മൈസൂരുവിലെത്തിയപ്പോഴാണ് മണ്ഡലം വിടുന്നത് സംബന്ധിച്ച് സിദ്ധരാമയ്യ സൂചന നല്‍കിയത്. കുരുബ സമുദായത്തിന് മികച്ച സ്വാധീനമുള്ള മണ്ഡലമാണ് വരുണ. അതിനാല്‍ കുരുബ സമുദായത്തില്‍നിന്നുള്ള നേതാവായ സിദ്ധരാമയ്യ വരുണയില്‍നിന്ന് നിഷ്പ്രയാസം ജയിച്ചിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മകന്‍ യതീന്ദ്രയ്ക്ക് വിജയമുറപ്പാക്കാന്‍വേണ്ടിയാണ് വരുണ വിടാന്‍ സിദ്ധരാമയ്യ തയ്യാറാകുന്നതെന്ന് രാഷ്ടീയവൃത്തങ്ങള്‍ പറയുന്നു. കന്നിപോരാട്ടത്തില്‍ത്തന്നെ വിജയിപ്പിച്ച് യതീന്ദ്രയുടെ രാഷ്ടീയഭാവി മികവുറ്റതാക്കാനാണ് സിദ്ധരാമയ്യയുടെ ശ്രമം. വരുണ മണ്ഡലത്തില്‍ തനിക്കുള്ള സ്വാധീനം മകനും ലഭിക്കുമെന്ന വിശ്വാസത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. മൂത്തമകന്‍ രാകേഷ് സജീവരാഷ്ടീയത്തിലേക്ക് ഇറങ്ങാന്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെ മരിച്ചത് സിദ്ധരാമയ്യയ്ക്ക് കനത്ത ആഘാതമായിരുന്നു. ഇതേത്തുടര്‍ന്ന് ഇളയമകനിലൂടെ തന്റെ രാഷ്ട്രീയപാരമ്പര്യം തുടരാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.

സിദ്ധരാമയ്യ അഞ്ചുതവണ വിജയിച്ച മണ്ഡലമാണ് ചാമുണ്ഡേശ്വരി. രാഷ്ടീയത്തിലിറങ്ങി ആദ്യതിരഞ്ഞെടുപ്പ് വിജയം നേടിയതും ഇവിടെവെച്ചാണ്. 1983-ല്‍ ഭാരതീയ ലോക്ദള്‍ സ്ഥാനാര്‍ഥിയായിട്ടായിരുന്നു വിജയം. തുടര്‍ന്ന് 1985-ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ഥിയായി വിജയിച്ചു. തുടര്‍ന്ന് 1994-ല്‍ ജനതാദള്‍ സ്ഥാനാര്‍ഥിയായും 2004-ല്‍ ജനതാദള്‍-എസ് സ്ഥാനാര്‍ഥിയായും വിജയം നേടി. പിന്നീട് എച്ച്.ഡി. ദേവഗൗഡയുമായി തെറ്റിപ്പിരിഞ്ഞശേഷം കോണ്‍ഗ്രസില്‍ചേര്‍ന്ന് 2006-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ചാമുണ്ഡേശ്വരിയില്‍നിന്ന് വീണ്ടും വിജയം നേടിയിരുന്നു.

അതിനുശേഷം 2006, 2013 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ വരുണയില്‍നിന്നാണ് സിദ്ധരാമയ്യ വിജയിച്ചത്. എന്നാല്‍, രണ്ടുതിരഞ്ഞെടുപ്പുകളുടെ ഇടവേളയ്ക്കുശേഷം തിരികെ ചാമുണ്ഡേശ്വരിയില്‍ എത്തിയാലും മണ്ഡലത്തില്‍ താന്‍ അന്യനാകില്ലെന്ന ശുഭാപ്തിവിശ്വാസത്തിലാണ് സിദ്ധരാമയ്യ. അതേസമയം, സിദ്ധരാമയ്യ കോപ്പലില്‍നിന്ന് മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ചാമുണ്ഡേശ്വരി മണ്ഡലത്തിലേക്കാണ് മാറുന്നതെന്ന സൂചന സിദ്ധരാമയ്യ നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ തോല്‍വി നേരിട്ട മണ്ഡലമാണ് കോപ്പല്‍. 1991-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോപ്പലില്‍നിന്ന് നേരിയ ഭൂരിപക്ഷത്തിന് സിദ്ധരാമയ്യ തോറ്റിരുന്നു.