ബെംഗളൂരു: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കർണാടക ആർ.ടി.സി. ബസ് കണ്ടക്ടറും യാത്രക്കാരിയെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ബസ്‌ ഡ്രൈവറും അറസ്റ്റിൽ. കർണാട ആർ.ടി.സി. കണ്ടക്ടർ ഇസുബു അലി തല്ലുര (40), ഉബർ ഡ്രൈവർ റാം മോഹൻ (30) എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം 15-നാണ് ഹാസനിൽനിന്ന്‌ യശ്വന്തപുരത്തേക്ക് വരികയായിരുന്ന 23 കാരിയായ പെൺകുട്ടിക്ക് കണ്ടക്ടറിൽനിന്ന് മോശം അനുഭവം നേരിടേണ്ടിവന്നത്. ഹാസനിൽനിന്ന്‌ ഗോവർധൻ തിയേറ്റർ സ്റ്റോപ്പിലേക്ക് ടിക്കറ്റെടുത്ത യുവതിയെ തൊട്ടടുത്തസീറ്റിൽ വന്നിരുന്ന കണ്ടക്ടർ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

കണ്ടക്ടറെ തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും ഉപദ്രവം തുടർന്നു. പിന്നീട് കണ്ടക്ടറുടെ മുഖത്തടിച്ച യുവതി ബസ് നിർത്തിച്ച് ഇറങ്ങി. ഇതിനിടെ കണ്ടക്ടർ ഉപദ്രവിക്കുന്നദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തുകയും ചെയ്തു. ബസിന്റെ വിവരങ്ങൾ ശേഖരിച്ചശേഷം യുവതി ദൃശ്യങ്ങൾസഹിതം സുബ്രഹ്മണ്യ നഗർ പോലീസിൽ പരാതി നൽകി. തുടർന്ന്് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഫെബ്രുവരി ഒന്നിനാണ് ഉബർ ഡ്രൈവറായ റാംമോഹൻ ഐ.ടി. ജീവനക്കാരിയായ യുവതിയോട് മോശമായി പെരുമാറിയത്. വൈകീട്ട് 6.30-ഓടെ യുവതി ഹെബ്ബാളിൽനിന്ന്‌ താമസസ്ഥലമായ ടി.സി. പാളയയിലേക്ക് ടാക്സി വിളിക്കുകയായിരുന്നു. എന്നാൽ യാത്രതുടങ്ങി അധികദൂരമെത്തും മുമ്പ് മുൻ സീറ്റിലിരുന്ന യുവതിയോട് ഡ്രൈവർ അപമര്യാദയായി പെരുമാറി.

ഇതിനിടെ വാഹനത്തിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ ഡോർ പൂട്ടി. തുടർന്ന് വേഗത്തിൽ കാറോടിക്കുകയായിരുന്നു. പോലീസിൽ പരാതിപ്പെടില്ലെന്ന് ഉറപ്പുനൽകിയശേഷമാണ് ഡ്രൈവർ യുവതിയെ ഇറക്കാൻ തയ്യാറായത്.

രണ്ടുദിവസത്തിനുശേഷം യുവതി കെ.ആർ. പുരം പോലീസിൽ പരാതി നൽകിയെങ്കിലും രാം മോഹൻ കർണാടക- മഹാരാഷ്ട്ര അതിർത്തിയിലെ സ്വന്തംഗ്രാമത്തിലേക്ക് പോയതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. തുടർന്ന് കഴിഞ്ഞദിവസം പോലീസ് സംഘം ഇയാളുടെ ഗ്രാമമായ ഹിന്ദുപുരിലെത്തി പിടികൂടുകയായിരുന്നു.