ബെംഗളൂരു : കേരളത്തിൽനിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ നഗരത്തിൽ പരിശോധന കർശമാക്കി.

നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലുമെത്തിയ യാത്രക്കാരുടെ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റുകൾ കോർപ്പറേഷന്റെ പ്രത്യേക സംഘം പരിശോധിച്ചു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ നഗരത്തിലെത്തിയവരെ സ്രവ സാംപിളുകൾ ശേഖരിച്ചതിന് ശേഷമാണ് അയച്ചത്.

പരിശോധനാ ഫലം വരുന്നതുവരെ നിരീക്ഷണത്തിൽ കഴിയാനാണ് ഇവർക്ക് നൽകിയ നിർദേശം. നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിലും ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുള്ളവരും നിരീക്ഷണത്തിൽ കഴിയണം.

സർട്ടിഫിക്കറ്റില്ലാതെയെത്തുന്നവരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ പ്രവേശിപ്പിക്കുമെന്ന് കഴിഞ്ഞദിവസം കോർപ്പറേഷൻ കമ്മിഷണർ ഗൗരവ് ഗുപ്ത അറിയിച്ചിരുന്നു. ഇതിനുള്ള സംവിധാനങ്ങൾ കോർപ്പറേഷൻ ഒരുക്കിവരികയാണ്. നിരീക്ഷണകേന്ദ്രങ്ങൾ സജ്ജമായാൽ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെയെത്തുന്നവരെ ഇവിടെക്ക് മാറ്റും. ബസ്‌സ്റ്റാൻഡുകൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും സമീപ പ്രദേശങ്ങളിൽ നിരീക്ഷണകേന്ദ്രങ്ങൾ ഒരുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

സിറ്റി റെയിൽവേ സ്റ്റേഷൻ, യശ്വന്തപുര എന്നീ റെയിൽവേ സ്റ്റേഷനുകളിലും മെജസ്റ്റിക് ബസ്‌സ്റ്റാൻഡ്, മൈസൂരു റോഡ് സാറ്റലൈറ്റ് ബസ്‌സ്റ്റാൻഡ്, ശാന്തിനഗർ ബസ്‌സ്റ്റാൻഡ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച മുതൽ കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചു. യാത്രക്കാരിൽ ഒരാളെപ്പോലും പരിശോധിക്കാതെ പുറത്തുവിടരുതെന്നാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം.

കർണാടക-തമിഴ്‌നാട് അതിർത്തിയിലെ അത്തിബലെ ചെക്‌പോസ്റ്റിലും പരിശോധന കർശനമാക്കി. പോലീസുകാരുടെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും നേതൃത്വത്തിലാണ് പരിശോധന. കേരളത്തിൽ നിന്ന് ഒട്ടേറെ യാത്രക്കാരാണ് ബസുകളിലും സ്വകാര്യവാഹനങ്ങളിലുമായി അത്തിബലെ ചെക്‌പോസ്റ്റിലെത്തുന്നത്. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.

ബെംഗളൂരു : സംസ്ഥാനത്ത് 1,674 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 38 പേർ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ചവർ ആകെ 29,09,958 ആയി. 36,650 പേരാണ് ഇതുവരെ മരിച്ചത്. 1,376 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ സുഖം പ്രാപിച്ചവർ 28,49,003 ആയി. 24,280 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.38 ശതമാനമാണ്. മരണനിരക്ക് 2.27 ശതമാനവും. 1,21,021 പേരെ പരിശോധിച്ചപ്പോഴാണിത്.

ബെംഗളൂരുവിൽ പുതുതായി 477 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ചവർ 12,28,515 ആയി. 154 പേർ സുഖം പ്രാപിച്ചു. സുഖം പ്രാപിച്ചവർ ആകെ 12,03,636 ആയി. ഏഴുപേർ കൂടി മരിച്ചു. ആകെ മരണം 15,892-ലെത്തി. 8,986 പേരാണ് ചികിത്സയിലുള്ളത്. ബെംഗളൂരു റൂറലിൽ 21 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

മൈസൂരുവിൽ 147 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നാലുപേർ മരിച്ചു.