ബെംഗളൂരു: പൗരത്വനിയമഭേദഗതി, ദേശീയ പൗരത്വപ്പട്ടിക എന്നിവയ്ക്കെതിരേ ബെംഗളൂരുവിൽ പ്രതിഷേധം തുടരുന്നു. തിങ്കളാഴ്ച ജയനഗർ മസ്ജിദ് ഫെഡറേഷന്റെയും ഹം ഭാരത് കെ ലോഗ് ഉൾപ്പെടെയുള്ളവരുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധസംഗമത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. വൈകീട്ട് മൂന്നുമുതൽ ആറുവരെ ജയനഗറിലെ ശാലിനി ഗ്രൗണ്ടിലായിരുന്നു പ്രതിഷേധപരിപാടി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ദേശീയപതാകയും ബി.ജെ.പി. സർക്കാരിനെതിരേയുള്ള പ്ലക്കാർഡുകളും കൈയിലേന്തിയായിരുന്നു പ്രതിഷേധം. ‘ഭരണഘടനയെ സംരക്ഷിക്കൂ’ എന്നെഴുതിയ ബാനറുകളും പ്രതിഷേധക്കാർ ഉയർത്തിക്കാട്ടി.

ഹം ഭാരത് കെ ലോഗിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധയോഗത്തിൽ മൈസൂരുവിൽ നടന്ന പ്രതിഷേധപരിപാടിയിൽ ‘ഫ്രീ കശ്മീർ’ ബാനർ ഉയർത്തി പ്രതിഷേധിച്ച യുവതിക്കെതിരേ രാജ്യദ്രോഹ കുറ്റംചുമത്തിയ പോലീസ് നടപടിയെ അപലപിച്ചു. കേന്ദ്രസർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന പൗരത്വനിയമഭേദഗതിയുടെ പ്രത്യാഘാതങ്ങളും മറ്റുകാര്യങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിനായാണ് ഹം ഭാരത് കെ ലോഗിന്റെ ആഭിമുഖ്യത്തിൽ പൊതുയോഗം സംഘടിപ്പിച്ചത്. പൊതുയോഗത്തിൽ സ്വാതന്ത്ര്യസമരസേനാനി എച്ച്.എസ്. ദൊരൈ സ്വാമി, കവിത കൃഷ്ണൻ, ഡോ. മോഹൻ രാജ്, മുഫ്തി ഇഫ്തിക്കർ അഹമ്മദ് ഖാസിമി, ജ്ഞാനപ്രകാശ് സ്വാമി, റവ. ഡി. മനോഹർ ചന്ദ്രപ്രസാദ്, പ്രസന്ന, ഡോ. വിജയമ്മ, സൈദ് സൈഫുള്ള തുടങ്ങിയവർ പങ്കെടുത്തു.

Content Highlight: Protest against CAA in Bengaluru