മൈസൂരു: ബന്ദിപ്പുര്‍ വന്യജീവിസങ്കേതത്തിലെത്തുന്ന സന്ദര്‍ശകരുടെ പ്രിയപ്പെട്ട കടുവയായിരുന്ന പ്രിന്‍സിനെ വേട്ടക്കാര്‍ കൊന്നതാണെന്ന് സംശയം. വന്യജീവിസംരക്ഷകരാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. മാംസത്തില്‍ പടക്കംവെച്ചാണ് പ്രിന്‍സിനെ കൊന്നതെന്ന് അവര്‍ പറഞ്ഞു.

ഏപ്രില്‍ രണ്ടിനാണ് ബന്ദിപ്പുരിലെ കുണ്ടകരെ റേഞ്ചില്‍ പ്രിന്‍സിനെ ചത്തനിലയില്‍ കണ്ടെത്തിയത്. പ്രായാധിക്യം കാരണമാണ് കടുവ ചത്തതെന്നാണ് വനംവകുപ്പ് അധികൃതര്‍ നല്‍കിയ വിശദീകരണം. വനത്തിലെ കടുവകളുടെ ആയുസ്സ് 10 മുതല്‍ 15 വര്‍ഷം വരെയാണ്. പ്രിന്‍സിന് 12 വയസ്സുണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വനത്തിലെ സുരക്ഷാവീഴ്ചയാണ് പ്രിന്‍സ് ചത്തതിന് ഇടയാക്കിയതെന്ന് വന്യജീവിസംരക്ഷകര്‍ ആരോപിച്ചു. പട്രോളിങ് നടത്താന്‍ മതിയായ വനപാലകര്‍ ഇല്ലാത്തതിനാല്‍ വേട്ടക്കാരുടെ പ്രവര്‍ത്തനം വ്യാപിക്കുകയാണെന്ന് അവര്‍ പറഞ്ഞു.

വനത്തിലെത്തുന്ന സന്ദര്‍ശകരുമായുള്ള അടുപ്പമാണ് പ്രിന്‍സിനെ പ്രശസ്തനാക്കിയത്. കഴിഞ്ഞ 11 വര്‍ഷമായി സഫാരിക്കെത്തുന്നവരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടാറുള്ള പ്രിന്‍സ് മികച്ച രീതിയില്‍ ഫോട്ടോയ്ക്കും പോസ് ചെയ്യുമായിരുന്നു.