മൈസൂരു: പാസ്‌പോര്‍ട്ടിനുള്ള 10,000 അപേക്ഷകള്‍ പരിഗണിച്ച് മെച്ചപ്പെട്ട പ്രവര്‍ത്തനവുമായി മൈസൂരു പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പുരോഗതി കൈവരിക്കുന്നു. മൈസൂരുവിനുപുറമേ നാലുജില്ലകളില്‍നിന്നുള്ളവര്‍കൂടി പാസ്‌പോര്‍ട്ടിനായി ആശ്രയിക്കുന്നത് ഇവിടെയാണ്. പ്രതിദിനം നൂറോളം പേര്‍ മൈസൂരു പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ നല്‍കാന്‍ എത്താറുണ്ട്.

പോസ്റ്റല്‍ വകുപ്പ്, വിദേശകാര്യ മന്ത്രാലയം, എന്നിവയില്‍നിന്നടക്കം 10 പേരാണ് പാസ്‌പോര്‍ട്ട് ഓഫീസില്‍ ജോലിചെയ്യുന്നവര്‍. എന്നാല്‍, പാസ്‌പോര്‍ട്ടിന് അനുമതി നല്‍കാന്‍ അധികാരമുള്ള ഉദ്യോഗസ്ഥനെ മൈസൂരുവില്‍ നിയമിച്ചിട്ടില്ല. ബെംഗളൂരു പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ നിലവാരത്തിലേക്ക് മൈസൂരു പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തെ ഉയര്‍ത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി മൈസൂരു പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ പാസ്‌പോര്‍ട്ടിന് അനുമതിനല്‍കാന്‍ അധികാരമുള്ള ഉദ്യോഗസ്ഥനെ നിയമിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് മൈസൂരു എം.പി. പ്രതാപസിംഹ അറിയിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ടിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതും രേഖകള്‍ പരിശോധിക്കുന്നതും മാത്രമാണ് മൈസൂരു പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ ചുമതല.
 
പാസ്‌പോര്‍ട്ട് അനുവദിക്കുന്നത് ബെംഗളൂരുവിലെ മേഖലാ പാസ്‌പോര്‍ട്ട് ഓഫീസില്‍നിന്നാണ്. കുടക്, ഹാസന്‍, ചാമരാജനഗര്‍, മാണ്ഡ്യ എന്നി ജില്ലകളിലുള്ളവരാണ് മൈസൂരു പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിനെ ആശ്രയിക്കുന്നത്. മേത്തഗള്ളി പോസ്റ്റോഫീസില്‍ 2017 ജനുവരി 25 മുതലാണ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. മൈസൂരുവില്‍നിന്നുള്ള പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ബെംഗളൂരുവിലെ മേഖലാ പാസ്‌പോര്‍ട്ട് ഓഫീസില്‍ കെട്ടിക്കിടക്കുന്നതായി അടുത്തിടെ പരാതിയുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പാസ്‌പോര്‍ട്ടിന് അനുമതി നല്‍കാന്‍ അധികാരമുള്ള നാല് ഉദ്യോഗസ്ഥരെ ബെംഗളൂരു പാസ്‌പോര്‍ട്ട് ഓഫീസില്‍ നിയമിച്ചിരുന്നു.