ബെംഗളൂരു: ചരിത്രത്തിലാദ്യമായി കന്നഡ സിനിമയ്ക്ക് 12 ദേശീയ അവാർഡുകൾ. ശ്രുതി ഹരിഹരൻ അഭിനയിച്ച് മൻസൂർ സംവിധാനം ചെയ്ത നദീചരാമിക്ക് അഞ്ച് അവാർഡുകളും ഒണ്ടല്ല, ഇരടല്ലയ്ക്ക് ദേശീയോദ്ഗ്രഥനത്തിനുള്ള മികച്ച പുരസ്കാരവും ലഭിച്ചു. കെ.എഫ്.സി. ചാപ്റ്റർ വണ്ണിന് മികച്ച വിഷ്വൽ എഫക്റ്റ്‌സിനും മികച്ച ആക്ഷനുമുള്ള പുരസ്‌കാരം നേടി. റിഷഭ് ഷെട്ടിയുടെ സർക്കാരി ഹിരിയ പ്രാഥമിക ശാലെ കാസർഗോഡുവിനും മുക്കജിയ കനസുഗലുവിനും ഡോക്യുമെന്ററി സരള വിരളയ്ക്കും ഹൃസ്വചിത്രം മഹാൻ ഹുതാതമയ്ക്കും പുരസ്‌കാരങ്ങൾ ലഭിച്ചു.
മികച്ച ഗായികയ്ക്കും ഗാനരചനയ്ക്കുമുൾപ്പെടെയാണ് നദീചരാമിക്ക് പുരസ്‌കാരങ്ങൾ ലഭിച്ചത്. വിധവയായ ഭർത്താവ് മരിച്ച യുവതിയുടെ സാമൂഹിക ജീവിതമാണ് സിനിമയുടെ പ്രമേയം. ഗോവധത്തിന്റെ പശ്ചാത്തലത്തിൽ കുട്ടിയും പശുവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഒണ്ടല്ല, രണ്ടല്ല കൈകാര്യം ചെയ്തത്. സമൂഹത്തെ ഒന്നിച്ചു നിർത്തുന്ന ചിത്രമെന്നാണ് ഇതിനെ വിലയിരുത്തിയത്. കാസർകോട് ജില്ലയിലെ കന്നഡ സ്കൂളിന്റെ കഥയാണ് സർക്കാരി ഹിരിയ പ്രാഥമിക ശാലെ കാസർകോട് പറയുന്നത്.
നദീചരാമിയിലെ ‘മായാവി മനമെ’എന്ന ഗാനത്തിനാണ് ബിന്ദുമാലിനിക്ക് മികച്ച ഗാനത്തിനുള്ള പുരസ്കാരം ലഭിച്ചത്. മികച്ച ഗാനരചനയ്ക്കുള്ള അവാർഡും ഈ ഗാനത്തിന് ലഭിച്ചു. കന്നഡയിലെ മികച്ചസിനിമയും മികച്ച എഡിറ്റിങ്ങിനുമുള്ള പുരസ്കാരം നേടിയതും ഈ സിനിമയാണ്. പരീക്ഷണ സിനിമയെന്ന രീതിയിലാണ് നദീചരാമി പുറത്തിറങ്ങിയത്. എന്നാൽ സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി.
സർക്കാറി ഹിരിയ കാസർകോട് നേരത്തേ ഒട്ടേറെ സിനിമാ പുരസ്കാരങ്ങൾ നേടിയിരുന്നു. പഠനകാലത്തെ അനുഭവങ്ങളാണ് ചിത്രത്തിലൂടെ ദൃശ്യവത്കരിച്ചതെന്ന് സംവിധായകൻ റിഷഭ് ഷെട്ടി പറഞ്ഞു.
Content Highlights: National Film Award 2019