ബെംഗളൂരു: സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനായി നമ്മ മെട്രോ മാറുന്നു. വര്‍ഷാരംഭ ദിനത്തില്‍ത്തന്നെ സിനിമാ ചിത്രീകരണത്തിനായി മെട്രോ ബുക്ക് ചെയ്തിട്ടുണ്ട്. ജനുവരി ഒന്നിന് രാത്രി സര്‍വീസ് അവസാനിച്ചതിന് ശേഷമാകും മെട്രോയില്‍ സിനിമ ചിത്രീകരിക്കുക. 'ലക്‌നൈ റ്റു ബെംഗളൂരു' എന്ന സിനിമയുടെ ഭാഗങ്ങളാണ് മെട്രോയില്‍ ചിത്രീകരിക്കുന്നത്. എം.ജി. റോഡ് സ്റ്റേഷനും ബൈയപ്പനഹള്ളി സ്റ്റേഷനുമിടയില്‍ പുലര്‍ച്ചെ മൂന്നു വരെയാണ് ചിത്രീകരണത്തിന് ബി.എം.ആര്‍.സി.എല്‍. അനുമതി നല്‍കിയിരിക്കുന്നത്.

2018-ല്‍ നിരവധി സിനിമാ യൂണിറ്റുകള്‍ ചിത്രീകരണത്തിനായി മെട്രോ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം. സിനിമാ, പരസ്യ ചിത്രീകരണങ്ങള്‍ക്ക് മെട്രോ വിട്ടുകൊടുക്കുന്നത് ബി.എം.ആര്‍.സി.എല്ലിന് മികച്ച വരുമാനം നേടിക്കൊടുക്കുന്നുണ്ട്. 2011-ല്‍ മെട്രോ പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷം 15 സിനിമാ യൂണിറ്റുകള്‍ക്ക് ചിത്രീകരണത്തിനുള്ള അനുമതി കൊടുത്തിട്ടുണ്ട്. ഇതിലൂടെ നല്ലൊരു ശതമാനം വരുമാനം ലഭിക്കാനായി.

കന്നഡ സിനിമകള്‍ കൂടാതെ തെലുങ്ക്, തമിഴ് സിനിമകളും ബെംഗളൂരു മെട്രോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. കബണ്‍പാര്‍ക്ക് മുതല്‍ ഭൂഗര്‍ഭപാതയിലാണ് ഇവ ചിത്രീകരിച്ചത്. പ്രത്യേക ചെലവുകളൊന്നുമില്ലാതെ വരുമാനം ലഭിക്കുന്നതിനാല്‍ വരും വര്‍ഷങ്ങളിലും സിനിമാ ചിത്രീകരണത്തിന് മെട്രോ വിട്ടുകൊടുക്കുമെന്ന് ബി.എം.ആര്‍.സി.എല്‍. അറിയിച്ചു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ രാത്രി സര്‍വീസ് അവസാനിപ്പിച്ച ശേഷമാണ് സിനിമാ ചിത്രീകരണത്തിന് വിട്ടു നല്‍കുന്നത്.

മെട്രോയില്‍ സിനിമാ ചിത്രീകരണത്തിനായി അഞ്ച് ലക്ഷം രൂപ കരുതല്‍ നിക്ഷേപം നല്‍കണം. ലൈസന്‍സ് ഫീസായി 50,000 രൂപ, രാത്രി 11-നും പുവര്‍ച്ചെ അഞ്ചിനും ഇടയില്‍ ട്രെയിന്‍ മണിക്കൂറിന് 20,000 രൂപ, പകല്‍ സമയങ്ങളില്‍ 40,000 രൂപ എന്നിവ നല്‍കണം. കന്നഡ സിനിമയാണെങ്കില്‍ ലൈസന്‍സ് ഫീസിന്റെ 25 ശതമാനം കുറച്ചിട്ട് നല്‍കിയാല്‍ മതിയാകും.