മൈസൂരു: ആറ് ദശാബ്ദത്തിലേറെയുള്ള കാത്തിരിപ്പിനുശേഷം മൈസൂരു വോഡയാര്‍ രാജകുടുംബത്തില്‍ പുതിയ അനന്തരാവകാശി പിറന്നു.

മൈസൂരു രാജാവ് യെദുവീറിനും റാണി ത്രിഷികയ്ക്കുമാണ് ബുധനാഴ്ച രാത്രി ആണ്‍കുഞ്ഞ് ജനിച്ചത്. പുതുപ്പിറവിയുടെ ആഘോഷത്തിലാണ് രാജകുടുംബം. വോഡയാര്‍ രാജവംശത്തിന്റെ 28-ാം അവകാശിയാണ് പുണര്‍തം നക്ഷത്രത്തില്‍ ജനിച്ചത്. ജനനവേളയില്‍ മഹാറാണി പ്രമോദാദേവി വോഡയാര്‍, യെദുവീറിന്റെ യഥാര്‍ഥ രക്ഷിതാക്കളായ സ്വരൂപ് ആനന്ദ് ഗോപാല്‍രാജ് അരശ്, ത്രിപുരസുന്ദരിദേവി എന്നിവര്‍ ആസ്​പത്രിയില്‍ ഉണ്ടായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി രാജകുടുംബത്തിനോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
 
Mysore
മൈസൂരു രാജകുടുംബത്തിന്റെ അവകാശിയായ കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന്
മൈസൂരുവില്‍ ആഹ്ലാദപ്രകടനം നടത്തുന്നവര്‍
രാജകുടുംബത്തില്‍ അവകാശിയായി ഏറ്റവുമൊടുവില്‍ ജനിച്ചത് മുന്‍ രാജാവായ ശ്രീകണ്ഠദത്ത നരസിംഹരാജ വോഡയാറായിരുന്നു; 64 വര്‍ഷം മുമ്പ് 1953-ല്‍. പുതിയ അവകാശി ജനിച്ചതിനെത്തുടര്‍ന്ന് ചാമുണ്ഡേശ്വരിക്ഷേത്രത്തിലും മൈസൂരു കൊട്ടാരത്തിലെ ക്ഷേത്രങ്ങളിലും വ്യാഴാഴ്ച പ്രത്യേക പൂജകള്‍ നടന്നു.

നിലവിലെ രാജാവായ യെദുവീറിനെ ശ്രീകണ്ഠദത്ത നരസിംഹരാജ വോഡയാര്‍ക്കും റാണി പ്രമോദാദേവിയ്ക്കും കുട്ടികളില്ലാത്തതിനെത്തുടര്‍ന്ന് ദത്തെടുത്തതാണ്. 2015 ഫെബ്രുവരിയില്‍ ദത്തെടുക്കപ്പെട്ട യെദുവീര്‍ മേയില്‍ രാജാവായി അവരോധിക്കപ്പെട്ടു. 2016 ജൂണ്‍ 27-നായിരുന്നു യെദുവീറിന്റെയും ത്രിഷികയുടെയും വിവാഹം. രാജസ്ഥാനിലെ ധന്‍ഗാപുര്‍ രാജകുടുംബാംഗമാണ് ത്രിഷിക.