മൈസൂരു: ഏറെക്കാലത്തെ ആവശ്യമായ സാറ്റലൈറ്റ് ടെര്‍മിനല്‍ സ്റ്റേഷന്‍ മൈസൂരുവിന് ലഭിച്ചു. നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ശ്രീരംഗപട്ടണ പാതയിലുള്ള നാഗനഹള്ളിയിലാണ് റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിക്കുക.

ഇത്തവണത്തെ കേന്ദ്ര ബജറ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മൈസൂരുവില്‍നിന്ന് എട്ടുകിലോമീറ്ററാണ് നാഗനഹള്ളിയിലേക്കുള്ള ദൂരം.

നിലവില്‍ ഇവിടെ ലോക്കല്‍ റെയില്‍വേ സ്റ്റേഷനുണ്ട്. അത് വികസിപ്പിച്ചാണ് സാറ്റലൈറ്റ് സ്റ്റേഷന്‍ നിര്‍മിക്കുക. 700 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന പദ്ധതിച്ചെലവ്.

ഹുബ്ബള്ളിയിലെ ദക്ഷിണ-പശ്ചിമറെയില്‍വേ ആസ്ഥാനത്തേക്ക് മൈസൂരു റെയില്‍വേ ഡിവിഷന്‍ സമര്‍പ്പിച്ച സ്റ്റേഷന്റെ വിശദ പദ്ധതിറിപ്പോര്‍ട്ടിന് (ഡി.പി.ആര്‍.) പ്രാഥമികാനുമതിയും തുടര്‍ന്ന് റെയില്‍വേ ബോര്‍ഡില്‍നിന്നുള്ള അന്തിമാനുമതിയും ലഭിച്ചിരുന്നു.

ഇതോടെയാണ് ബജറ്റില്‍ ഇടംപിടിച്ചത്. നഞ്ചന്‍കോട് റോഡിലെ കടക്കോളയിലായിരുന്നു ആദ്യം സാറ്റലൈറ്റ് സ്റ്റേഷന്‍ നിര്‍മിക്കാന്‍ മൈസൂരു റെയില്‍വേ ഡിവിഷന്‍ അധികൃതരുടെ പദ്ധതി.

എന്നാല്‍, നാഗനഹള്ളി മൈസൂരുവിന് മുന്‍പേ വരുന്നതിനാല്‍ സ്റ്റേഷന്‍ അവിടേക്ക് മാറ്റാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ നാഗനഹള്ളി സ്റ്റേഷനില്‍ രണ്ട് പ്ലാറ്റുഫോമുകളാണുള്ളത്.

സാറ്റലൈറ്റ് സ്റ്റേഷനാക്കി മാറ്റുന്നതോടെ ഇവയുടെ എണ്ണം എട്ടായി ഉയരും. കൂടാതെ തീവണ്ടികളുടെ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള സംവിധാനം, വെള്ളം നിറയ്ക്കല്‍, ശുചീകരണം തുടങ്ങിയ കാര്യങ്ങളും ഇവിടെ ചെയ്യാന്‍ സാധിക്കും.

സാറ്റലൈറ്റ് സ്റ്റേഷന്‍ ആരംഭിക്കുന്നതോടെ മൈസൂരുവിനും ബെംഗളൂരുവിനുമിടയില്‍ തീവണ്ടി സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയും.

സ്ഥലപരിമിതി കാരണം വീര്‍പ്പുമുട്ടുന്ന മൈസൂരു സിറ്റി റെയില്‍വേ സ്റ്റേഷന് ഏറെ സഹായകമാണ് ഇക്കാര്യം. ഇപ്പോഴത്തെ സാഹചര്യത്തില്‍ മൈസൂരു സിറ്റി റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ തീവണ്ടികള്‍ നിര്‍ത്തിയിടാനും അറ്റകുറ്റപ്പണികള്‍ നടത്താനും സാധിക്കില്ല.

സ്ഥലസൗകര്യം കുറവായതിനാല്‍ സ്റ്റേഷന്‍ വികസിപ്പിക്കുന്ന കാര്യവും അപ്രായോഗികമാണെന്ന് അധികൃതര്‍ പറയുന്നു. മൈസൂരു-ബെംഗളൂരു പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായെങ്കിലും മൈസൂരുവിലെ സ്ഥലപരിമിതി കൂടുതല്‍ സര്‍വീസ് നടത്തുന്നതില്‍നിന്ന് അധികൃതരെ പിന്തിരിപ്പിച്ചിരുന്നു.