മൈസൂരു: നഗരത്തില്‍ ഐ.എസ്.ഐ. മുദ്രയില്ലാത്ത ഹെല്‍മെറ്റുകള്‍ ഉപയോഗിക്കുന്ന ഇരുചക്രവാഹനയാത്രികരില്‍നിന്നും അവ പിടിച്ചെടുക്കാന്‍ സിറ്റി പോലീസ് നടപടി ആരംഭിച്ചു. ചൊവ്വാഴ്ച നടത്തിയ പരിശോധനകളില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിന് ഹെല്‍മെറ്റുകള്‍ പിടികൂടി. ഇരുചക്രവാഹനം ഓടിക്കുന്നയാളും പിന്‍സീറ്റ് യാത്രികനും ജനുവരി ഒന്നുമുതല്‍ ഐ.എസ്.ഐ. മുദ്രയുള്ള ഹെല്‍മെറ്റുകള്‍ മാത്രമേ ഉപയോഗിക്കാവൂയെന്ന് മൈസൂരു സിറ്റി പോലീസ് കമ്മിഷണര്‍ ഉത്തരവ് ഇറക്കിയിരുന്നു.

പിടികൂടിയ ഹെല്‍മെറ്റുകളില്‍ വാഹനത്തിന്റെ നമ്പറും യാത്രികന്റെ മൊബൈല്‍ ഫോണ്‍ നമ്പറും രേഖപ്പെടുത്തുന്നുണ്ട്. പരിശോധന തിങ്കളാഴ്ച ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നതാണെങ്കിലും പുതുവര്‍ഷത്തെ ആദ്യദിവസമായതിനാല്‍ ചൊവ്വാഴ്ചത്തേക്ക് നീട്ടിവെക്കുകയായിരുന്നു. പിടികൂടിയ ഹെല്‍മെറ്റുകള്‍ നശിപ്പിക്കുന്നതിനായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. വരുംദിവസങ്ങളിലും പരിശോധന തുടരാനാണ് പോലീസിന്റെ നീക്കം.

ഐ.എസ്.ഐ. മുദ്രയില്ലാത്ത ഹെല്‍മെറ്റുകള്‍ വില്‍പ്പന നടത്തുന്ന സ്ഥലങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ വിവരം നല്‍കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇതിനായി 0821-2418339 എന്ന പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാമെന്ന് പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ വിക്രം പറഞ്ഞു. അടുത്തിടെ ഐ.എസ്.ഐ. മുദ്രയില്ലാത്ത ഹെല്‍മെറ്റുകള്‍ നിര്‍മിക്കുന്ന ഏതാനും വ്യവസായ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയ പോലീസ് അവ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. അപകടമുണ്ടായാല്‍ യാത്രികരുടെ തലയ്ക്ക് സുരക്ഷ നല്‍കാന്‍ പ്രാപ്തമല്ലാത്തവയാണ് ഇത്തരം ഹെല്‍മെറ്റുകള്‍. ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ പോലീസ് പിഴ ഈടാക്കുന്നത് ഒഴിവാക്കാന്‍ നഗരത്തില്‍ നിരവധി പേര്‍ ഇത്തരം ഹെല്‍മെറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്.