മൈസൂരു: പുതുവര്‍ഷത്തിന്റെ ആദ്യദിനത്തില്‍ ചാമുണ്ഡേശ്വരി ക്ഷേത്രം സന്ദര്‍ശിക്കാന്‍ വിശ്വാസികള്‍ കൂട്ടമായി എത്തിയതോടെ ചാമുണ്ഡിമല ചുരം റോഡില്‍ വന്‍ വാഹനഗതാഗതക്കുരുക്ക്.

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ ആറുമുതല്‍തന്നെ കാറുകളിലും മറ്റു വാഹനങ്ങളിലുമായി വിശ്വാസികളുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. 8.30-ഓടെ തിരക്ക് കുത്തനെ ഉയര്‍ന്നു. ഇതോടെ മലമുകളില്‍ വാഹനപാര്‍ക്കിങ്ങിന് സ്ഥലമില്ലാതെയായി. തുടര്‍ന്ന് ക്ഷേത്രത്തിലേക്കുള്ള റോഡില്‍ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുകയായിരുന്നു. ഗതാഗതക്കുരുക്ക് അഴിയാതെ വന്നതോടെ വിശ്വാസികളില്‍ പലരും റോഡരികില്‍ ശേഷിക്കുന്ന സ്ഥലത്ത് വാഹനം പാര്‍ക്കുചെയ്തശേഷം നടന്നുകയറാന്‍ ആരംഭിച്ചു.
 
എന്നാല്‍, ക്രമമില്ലാതെ പാര്‍ക്കുചെയ്ത ഇത്തരം വാഹനങ്ങള്‍ നീക്കാന്‍ ആളില്ലാതെ വന്നതോടെ കുരുക്ക് കൂടുതല്‍ ശക്തമാവുകയാണുണ്ടായത്. യാത്രക്കാരുമായെത്തിയ സിറ്റിബസുകളും ടൂറിസ്റ്റ് ടാക്‌സികളും പ്രതിസന്ധി വര്‍ധിപ്പിക്കാന്‍ ഇടയാക്കി. സ്ഥലത്തെത്തിയ പോലീസിന് ഗതാഗതം നിയന്ത്രിക്കാന്‍ വളരെയേറെ ക്ലേശിക്കേണ്ടിവന്നു. ക്ഷേത്രത്തിലും രൂക്ഷമായ തിരക്കാണ് അുഭവപ്പെട്ടത്. ഇതിനാല്‍, വിശ്വാസികളില്‍ പലര്‍ക്കും ദര്‍ശനം ലഭിക്കാതെ മടങ്ങേണ്ടിവന്നു.