മൈസൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ 113 സീറ്റുകളിൽ വിജയിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ജനതാദൾ-എസ് പ്രചാരണം ആരംഭിച്ചു. ‘കുമാര പർവ-2018’ എന്ന പേരിലുള്ള പ്രചാരണം ചൊവ്വാഴ്ച ചാമുണ്ഡേശ്വരിക്ഷേത്രത്തിൽ നടന്ന പൂജകൾക്കുശേഷം ചാമുണ്ഡേശ്വരി മണ്ഡലത്തിൽനിന്നാണ് തുടങ്ങിയത്.

പാർട്ടി സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി ഭാര്യ അനിതയോടൊപ്പം രാവിലെ 8.30-ന് ക്ഷേത്രത്തിലെത്തി പൂജ നടത്തി. അതിനുമുന്നോടിയായി പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ ഭാര്യ ചെന്നമ്മയോടൊപ്പം രാവിലെ 7.30-ന് ക്ഷേത്രസന്ദർശനം നടത്തിയിരുന്നു. സംസ്ഥാനത്തെ 224 മണ്ഡലങ്ങളിൽ 113 എണ്ണത്തിൽ വിജയിച്ചുകൊണ്ട് ജനതാദൾ-എസ് അധികാരത്തിൽ വരുമെന്ന് ക്ഷേത്രസന്ദർശനത്തിനുശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കവേ കുമാരസ്വാമി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ജനങ്ങൾ കോൺഗ്രസിനെ ഒരുപാഠം പഠിപ്പിക്കും. കൂട്ടുകക്ഷി ഭരണത്തിനുള്ള സാധ്യതയില്ല. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ജനതാദൾ-എസ് നേടും. പാർട്ടിയിലെ വിമത എം.എൽ.എ.മാരെ തടയാൻ അനുയോജ്യരായ മറ്റു സ്ഥാനാർഥികളെ കണ്ടെത്തും. അതുവഴി പാർട്ടിയിൽ വിമതശല്യം ഒഴിവാക്കും. 

ജനങ്ങളുമായി അടുത്ത് ഇടപഴകിക്കൊണ്ടായിരിക്കും പ്രചാരണം മുന്നോട്ടുപോവുക. അവരുടെ പരാതികൾ കേൾക്കാൻ തയ്യാറാവും. കാർഷിക പ്രശ്നങ്ങൾ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ കാര്യങ്ങളിലാണ് പാർട്ടി ശ്രദ്ധയൂന്നുക. ജനതാദൾ-എസ് അധികാരത്തിൽ വന്നാൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുകയെന്നതാവും ആദ്യം ചെയ്യുക. മാറിമാറി ഭരിച്ച കോൺഗ്രസ്, ബി.ജെ.പി. സർക്കാരുകൾ ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി.

പാർട്ടിയുടെ സംസ്ഥാന നിർവാഹകസമിതി യോഗം  16-ന് ഹുബ്ബള്ളിയിൽ ചേരും. തുടർന്ന് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി യോഗവും ഉണ്ടാവും. സ്ഥാനാർഥിപ്പട്ടിക ഘട്ടംഘട്ടമായാണ് പ്രഖ്യാപിക്കുക. ആദ്യപട്ടിക നവംബർ അവസാനം പുറത്തുവിടും. ജനതാ പരിവാർ നേതാക്കളെ പാർട്ടിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഏതാനും നേതാക്കൾ പാർട്ടിയിൽ ചേരാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് - കുമാരസ്വാമി വ്യക്തമാക്കി.

ചാമുണ്ഡേശ്വരിക്ഷേത്ര സന്ദർശനം കഴിഞ്ഞശേഷം ഉത്തനഹള്ളിയിലെ ത്രിപുരസുന്ദരി അമ്മ ക്ഷേത്രത്തിലും കുമാരസ്വാമിയും കുടുംബവും സന്ദർശനം നടത്തിയിരുന്നു. ‘കർണാടക വികാസ വാഹിനി’ എന്ന പേരിട്ടിരിക്കുന്ന ആഡംബര കാരവനിൽ സഞ്ചരിച്ചാണ് കുമാരസ്വാമിയുടെ പ്രചാരണം. ഹൊസഹുണ്ഡി, ശ്രീരാമപുര, ദത്തഗള്ളി, ഹിങ്കൽ, ലിംഗദേവരക്കൊപ്പൽ എന്നിവിടങ്ങളിലൂടെ കുമാരസ്വാമി പ്രചാരണം നയിച്ചു. 

പ്രചാരണത്തിന്റെ ഭാഗമായി പാർട്ടി അനുഭാവികൾ ഹുൻസൂർ റോഡിലൂടെ കാളവണ്ടികളിൽ ജാഥ നടത്തിയിരുന്നു. എം.എൽ.എ.മാരായ ജി.ടി. ദേവഗൗഡ, എസ്.ആർ. മഹേഷ്,  മൈസൂരു മേയർ എം.ജെ. രവികുമാർ, മൈസൂരു സർവകലാശാല മുൻ വൈസ് ചാൻസിലർ കെ.എസ്. രംഗപ്പ തുടങ്ങിയവർ പ്രചാരണത്തിൽ പങ്കെടുത്തു.