മൈസൂരു: എച്ച്.ഡി. കോട്ടയില്‍ നാഗര്‍ഹോളെ ദേശീയോദ്യാനത്തിന്റെ പരിധിയിലുള്ള കാരാപുറയിലെ ജംഗിള്‍ ലോഡ്ജ്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സിന് സമീപം കാണപ്പെട്ട കടുവ വനത്തിലേക്ക് കടന്നതായി സൂചന. ഞായറാഴ്ച അര്‍ധരാത്രിയോ തിങ്കളാഴ്ച പുലര്‍ച്ചെയോ ആണ് കടുവ വനത്തിലേക്ക് രക്ഷപ്പെട്ടതെന്നാണ് വനംവകുപ്പ് അധികൃതര്‍ നല്‍കുന്ന വിവരം. കടുവയ്ക്കായി വനംവകുപ്പ് അധികൃതര്‍ വനത്തിനുള്ളില്‍ രണ്ടുകിലോമീറ്റര്‍ വരെ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, സാന്നിധ്യം കണ്ടെത്താനാവാത്തതിനാല്‍ കടുവ ഉള്‍ക്കാട്ടിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിലാണ് അധികൃതര്‍.

കടുവ വീണ്ടും എത്താനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിരോധസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണത്തിനായി ഏതാനും ജീവനക്കാര്‍ പ്രദേശത്ത് തുടരും. കൂടാതെ ക്യാമറകളും സജ്ജീകരിച്ചു. ശനിയാഴ്ച രാത്രിയാണ് കടുവ ഇറങ്ങിയതിന്റെ ആദ്യസൂചന ലഭിച്ചത്. ഇതേത്തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ റിസോര്‍ട്ടിന്റെ മുമ്പില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെ വനംവകുപ്പ് സ്ഥാപിച്ചിരുന്ന ക്യാമറയില്‍ കടുവയുടെ ചിത്രം പതിയുകയുംചെയ്തു. ഇതോടെ വനംവകുപ്പ് അസിസ്റ്റന്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ അമ്പതോളം ജീവനക്കാരെ ഉള്‍പ്പെടുത്തി കടുവയെ പിടിക്കാന്‍ പ്രത്യേക സംഘം രൂപവത്കരിച്ചു.

ദൗത്യസംഘത്തെ സഹായിക്കാന്‍ ദസറ ആനകളായ അര്‍ജുന, അഭിമന്യു, കൃഷ്ണ എന്നിവയെയും മയക്കുവെടി വിദഗ്ധനെയും സ്ഥലത്തെത്തിച്ചിരുന്നു. കടുവയ്ക്കായി വന്‍ സന്നാഹങ്ങളോടെ പ്രദേശത്ത് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കര്‍ണാടക സര്‍ക്കാരിന്റെ കീഴിലുള്ള ജംഗിള്‍ ലോഡ്ജ്‌സ് ആന്‍ഡ് റിസോര്‍ട്ടില്‍ സംഭവസമയം അമ്പതോളം സന്ദര്‍ശകര്‍ താമസിക്കുന്നുണ്ടായിരുന്നു. കടുവ ഇറങ്ങിയത് സന്ദര്‍ശകരെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്.