ബെംഗളൂരു : സാമൂഹിക മാധ്യമങ്ങളിൽ സൽമാൻ രാജകുമാരനെതിരേ അപകീർത്തിപരമായ പോസ്റ്റിട്ടുവെന്ന ആരോപണത്തെത്തുടർന്ന് സൗദിയിൽ ജയിലിലായ ഉഡുപ്പി സ്വദേശി ഒന്നരവർഷത്തിന് ശേഷം ജയിൽ മോചിതനായി തിരിച്ചെത്തി.

ഉഡുപ്പി കുന്ദാപുര സ്വദേശി ഹരീഷ് ബെംഗാരയാണ് നിരപരാധിയാണെന്ന് ബോധ്യമായതിനെത്തുടർന്ന് ജയിൽ മോചിതനായത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തവരാണ് അപകീർത്തികരമായ പോസ്റ്റിട്ടതെന്ന ഹരീഷിന്റെ വാദം സൗദി കോടതി ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു. 2019 ഡിസംബറിലാണ് ഇദ്ദേഹത്തെ പോലീസ് പിടികൂടിയത്.

നേരത്തേ ഹരീഷിന്റെ ഭാര്യ സുമനയുടെ പരാതിയിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത രണ്ടുപേരെ അറസ്റ്റുചെയ്തിരുന്നു. ഈ രേഖകൾ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ സൗദി കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കേസിൽ നിർണായകമായത് ഈ രേഖകളാണ്.

ഹരീഷിനെ മനഃപൂർവം കുടുക്കാനാണ് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. സൗദിയിൽ എ.സി. ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ഹരീഷ്. കേസിൽ കുടുങ്ങിയതോടെ ഹരീഷിനെ എതിർത്തും അനുകൂലിച്ചും ഉഡുപ്പിയിൽ വ്യാപകമായ പ്രചാരണങ്ങളാണ് നടന്നത്. കഴിഞ്ഞദിവസം ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ഹരീഷിനെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. ഹരീഷിന് പിന്തുണയർപ്പിച്ച് ശോഭ കരന്തലജെ എം.പി.യും ട്വീറ്റ് ചെയ്തു.