ബെംഗളൂരു: കര്‍ണാടക ലോകായുക്ത ജസ്റ്റിസ് പി. വിശ്വനാഥ ഷെട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ തേജ്രാജ് ശര്‍മയെ അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
 
അഴിമതിയും ക്രമക്കേടും നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാത്തതിലുള്ള വൈരാഗ്യമാണ് ആക്രമിക്കാന്‍ കാരണമെന്നാണ് തേജ്രാജ് ശര്‍മ പോലീസിന് മൊഴി നല്‍കിയത്. നഗരത്തിലെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയില്‍കഴിയുന്ന ജസ്റ്റിസ് വിശ്വനാഥ ഷെട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള നേതാക്കള്‍ ആസ്​പത്രിയിലെത്തി രോഗവിവരങ്ങള്‍ ആരാഞ്ഞു.

ലോകായുക്തയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയതില്‍ വീഴ്ചയുണ്ടായതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും വിശദമായ അന്വേഷണം നടത്താന്‍ ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ലോകായുക്തക്കെതിരെയുണ്ടായ ആക്രമണം രാഷ്ട്രീയവത്കരിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആക്രമണത്തെ തുടര്‍ന്ന് ലോകായുക്ത ഓഫീസില്‍ വ്യാഴാഴ്ച കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. പുതിയ മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിക്കുകയും ഓഫീസിലേക്കെത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം അഭ്യന്തരവകുപ്പിനാണെന്നും ക്രമസമാധനം പൂര്‍ണമായും തകര്‍ന്നതായും ബി.ജെ.പി. ആരോപിച്ചു. ലോകായുക്ത ഓഫീസില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് ലോകായുക്ത ജസ്റ്റിസ് വിശ്വനാഥ ഷെട്ടിക്ക് കുത്തേറ്റത്.