ബെംഗളൂരു: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള ലാൽബാഗ് പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഉദ്ഘാടനം ചെയ്തു. 26-ന് സമാപിക്കും. ആറു ലക്ഷത്തോളം പൂക്കളാൽ തീർത്ത വിവേകാനന്ദന്റെ രൂപമാണ് ഇത്തവണത്തെ പുഷ്പമേളയുടെ മുഖ്യാകർഷണം.

ഗ്ലാസ് ഹൗസിലാണ് വിവേകാനന്ദ പ്രതിമയുള്ളത്. വിവേകാനന്ദ സ്മാരകങ്ങളുമായി ബന്ധപ്പെട്ട പ്രദർശനങ്ങളും കാർട്ടൂൺ ഗാലറിയും മേളയിലുണ്ട്. വിവേകാനന്ദന്റ ആശയങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ എൽ.ഇ.ഡി. സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നുണ്ട്.

ബ്രസീൽ, തായ്‌ലൻഡ്, അർജന്റീന തുടങ്ങി പത്തോളം രാജ്യങ്ങളിൽ നിന്നുള്ള 92 ഇനം പൂക്കൾ മേളയിൽ പ്രദർശനത്തിനുണ്ട്. മുതിർന്നവർക്ക് 70 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ സ്കൂൾ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്. രാവിലെ 9.30 മുതൽ വൈകീട്ട് 6.30 വരെ ടിക്കറ്റുകൾ നൽകും. ശാന്തിനഗർ ബസ് സ്റ്റാൻഡ്, ജെ.സി. റോഡിലെ ബി.ബി.എം.പി. പാർക്കിങ് ഏരിയ, അൽ അമീൻ കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം.

Content Highlights: LalBag flower show in Bangalore