ബെംഗളൂരു: സൗരോർജരംഗത്തെ പ്രദർശനവും വിവിധ പരിപാടികളുമുൾപ്പെടുത്തിയുള്ള ഇന്റർ സോളാർ ഫെസ്റ്റിലെ അനെർട്ട് കേരള പവിലിയൻ വൈദ്യുതിമന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. സൗരോർജരംഗത്തെ ആഗോള പുരോഗതി മനസ്സിലാക്കാൻ മേളയിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

ഊർജ കേരള മിഷനിലൂടെ 1000 മെഗാവാട്ട് നേടിയെടുക്കുന്നതിന് ഇറ്റലി, ചൈന, ജർമനി തുടങ്ങിയ ലോക രാജ്യങ്ങളുടെ സൗരോർജ നേട്ടങ്ങൾ കേരളത്തിനും പാഠമാകണമെന്നും മന്ത്രി പറഞ്ഞു. ബെംഗളൂരു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് മൂന്നുദിവസത്തെ ഫെസ്റ്റ് നടക്കുന്നത്.

അനെർട്ടിന്റെ സൗരോർജരംഗത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ ധവളപത്രം സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ജെ. സ്വെയിന് നൽകി മന്ത്രി പ്രകാശനം ചെയ്തു. അനെർട്ട് ഡയറക്ടർ ഡോ. ആർ. ഹരികുമാർ, പ്രോഗ്രാം ഓഫീസർമാരായ അനീഷ് എസ്. പ്രസാദ്, സി.കെ. ചന്ദ്രബോസ്, വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.ജി. സുരേഷ് കുമാർ, മാർട്ടിൻ മാത്യു, എം.എസ്. അമിത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സൗരോർജരംഗത്തെ പ്രദർശനവും വിവിധ പരിപാടികളുമുൾപ്പെടുന്ന മേള 13-ന് സമാപിക്കും. സൗരോർജ സാധ്യതകളെപ്പറ്റി അന്താരാഷ്ട്രതലത്തിലുള്ള ചർച്ചകളും പ്രദർശനങ്ങളും മേളയുടെ ഭാഗമായി നടക്കും.